- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാസ്ക് ഇല്ലാതെ മോട്ടോർ സൈക്കിൾ റാലി; കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ബ്രസീൽ പ്രസിഡന്റിന് 108 ഡോളർ പിഴ; സാവോ പോളോയിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തത് നിരവധി അനുയായികൾ
സാവോപോളോ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബ്രസീൽ പ്രസിഡന്റ് ജെയ്ര് ബൊൽസൊനാരോയ്ക്ക് പിഴ ചുമത്തി സാവോ പോളോ സംസ്ഥാന അധികൃതർ. മാസ്ക് ധരിക്കാതിരുന്നതിനും അനുയായികളുടെ വമ്പൻ മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചതിനും പിന്നാലെയാണ് പ്രസിഡന്റിന് പിഴ വിധിച്ചത്.
552.71 ബ്രസീലിയൻ റീൽ അഥവാ ഏകദേശം 108 ഡോളറാണ് പിഴ വിധിച്ചത്. ബൊൽസൊനാരോ, മകൻ ഇക്വാർഡോ ബൊൽസെനാരോ, അടിസ്ഥാന സൗകര്യ വകുപ്പുമന്ത്രി ടാർസിഷ്യോ ഗോമസ് എന്നിവർക്കാണ് പിഴ വിധിച്ചതെന്ന് സാവോപോളോ സംസ്ഥാന അധികൃതർ പറഞ്ഞു. അടുത്ത കൊല്ലം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ വിജയിക്കാനും വീണ്ടും അധികാരത്തിലെത്താനുമായി രാജ്യത്ത് അങ്ങോളമിങ്ങോളം ബൊൽസൊനാരോ വമ്പൻ റാലികൾ സംഘടിപ്പിക്കുന്നുണ്ട്.
ആക്സലറേറ്റ് ഫോർ ക്രൈസ്റ്റ് എന്ന പേരിൽ സാവോ പോളോയിൽ സംഘടിപ്പിച്ച റാലിയിൽ ആയിരക്കണക്കിന് ആളുകളാണ് മോട്ടോർസൈക്കിളുകളിൽ പങ്കെടുത്തത്. ബൊൽസൊനാരോ ആയിരുന്നു റാലി നയിച്ചത്. മുഖം പൂർണമായും മറയ്ക്കാത്ത വിധത്തിലുള്ള ഹെൽമറ്റ് ധരിച്ച ബൊൽസൊനാരോ, മാസ്കും ധരിച്ചിട്ടുണ്ടായിരുന്നില്ല. സാവോ പോളോയിൽ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ് ബൊൽസൊനാരോയുടെ ഭാഗത്തുനിന്നുണ്ടായത്.
സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന പക്ഷം പിഴ ഈടാക്കുമെന്ന് സാവോ പോളോ ഗവർണറും ബൊൽസൊനാരോയുടെ രാഷ്ട്രീയ എതിരാളിയുമായ ജൊവാവോ ഡോറിയ മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് മുൻപും ബൊൽസൊനാരോയും ഡോറിയയും തമ്മിൽ കൊമ്പുകോർത്തിട്ടുണ്ട്.
മാസ്ക് ധരിക്കാനും വീട്ടിൽത്തന്നെ കഴിയാനുമുള്ള കോവിഡ് പ്രതിരോധ നിർദേശങ്ങളുടെ നിരന്തര വിമർശകനാണ് ബൊൽസൊനാരോ. കോവിഡിന് ഫലപ്രദമല്ലെന്ന് പഠനങ്ങളിൽ വ്യക്തമായിട്ടും ക്ലോറോക്വയ്നും ഹൈഡ്രോക്സിക്ലോറോക്വയ്നും പോലുള്ളവ ഉപയോഗിക്കാനും അദ്ദേഹം പ്രേരിപ്പിക്കുക പതിവായിരുന്നു. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർ മാസ്ക് വെക്കേണ്ടതില്ലെന്ന ഉത്തരവ് പുറപ്പെടുവിക്കാൻ ആലോചിക്കുന്നതായും അദ്ദേഹം റാലിയിൽ പറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക്