- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കോവിഡ് വാക്സിൻ എടുത്താൽ ചിലപ്പോൾ നിങ്ങൾ മുതലയാവും; സ്ത്രീകൾക്ക് താടി വളരും, പുരുഷന്മാർ സ്ത്രീകളുടെ ശബ്ദത്തിൽ സംസാരിക്കും; എന്നാലും കമ്പനി ഉത്തരവാദിത്വം ഏറ്റെടുക്കില്ല'; കടുത്ത വാക്സിൻ വിരുദ്ധതയുയർത്തി ബ്രസീലിയൻ പ്രസിഡന്റ് ബൊൽസോനരോ; ലോകത്തിലെ ഏറ്റവും അപകടകാരിയായ നേതാവ് വീണ്ടും വിവാദങ്ങളിൽ
ബ്രസീലിയ: ലോകത്തിലെ ഏറ്റവും അപകടകാരിയായ നേതാവ് എന്നാണ് ബ്രസീൽ പ്രസിഡന്റ് ജെയ്ര് ബൊൽസോനരോ അറിയപ്പെടുന്നത്. ആമസോണിന്റെ അന്തകൻ, കടുത്ത സ്ത്രീ വിരുദ്ധൻ, പരിസ്ഥിതി വിരുദ്ധൻ തുടങ്ങിയ വിശേഷണങ്ങൾ ഉള്ള ബൊൽസോനരോ അമേരിക്കൻ പ്രസിഡന്റിന്റ് ട്രംപിനെപ്പോലെ അറിയപ്പെടുന്ന ഒരു വിടുവായൻ കൂടിയാണ്. കോവിഡ് കാലത്ത് മാസ്ക്ക്പോലും വേണ്ടെന്ന് പറഞ്ഞ് പൊതുയോഗങ്ങൾ ചേർന്ന മഹാമാരി ബ്രസീലിൽ പടർത്തി എന്ന കടുത്ത ആരോപണവും ഈ മനുഷ്യന് നേർക്കുണ്ട്. ആറുമാസം മുമ്പ് ലോകത്തിലെ ഏറ്റവും അപകടകാരിയായ നേതാവ് ആരാണെന്ന് ന്യൂയോർക്ക് ടൈംസ് നടത്തിയ സർവേയിൽ ആദ്യമെത്തിയതും ബ്രസീൽ പ്രസിഡന്റാണ്. ആമസോൺ മഴക്കാടുകളെ സ്വകാര്യവ്യക്തികൾക്ക് ചൂഷണം ചെയ്യാൻ വിട്ടുകൊടുത്ത് അദ്ദേഹം ആമസോണിന്റെ അന്തകൻ എന്ന പേരും സമ്പാദിച്ചു.
ഇപ്പോൾ ലോകം കോവിഡ് മാഹാമാരിയിൽനിന്ന് രക്ഷപ്പെടാനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫൈസറിന്റെ കോവിഡ് വാകസിനെതിരെയും ബൊൽസോനരോ രംഗത്ത് എത്തിയിരിക്കയാണ്. വാക്സീന്റെ പാർശ്വഫലങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സാധിക്കില്ലെന്ന ഫൈസർ കമ്പനിയുടെ നിലപാടിനെതിരെയാണ് ബൊൽസോനരോ രംഗത്തെത്തിയത്. വാക്സീൻ കുത്തിവച്ച് ആളുകൾ മുതലയായി മാറിയാലും സ്ത്രീകൾക്ക് താടി വളർന്നാലും കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടാകില്ലെന്നായിരുന്നു പരിഹാസത്തോടെയുള്ള അദ്ദേഹത്തിന്റെ തിരിച്ചടി.
'ഫൈസർ കമ്പനിയുടെ കരാറിൽനിന്ന് അതു വ്യക്തമാണ്. മരുന്നു കുത്തിവച്ച് നിങ്ങൾ മുതലയായി മാറിയാൽ അത് നിങ്ങളുടെ കുഴപ്പമാണ്. സ്ത്രീകൾക്ക് താടി വളർന്നാലും പുരുഷന്മാർ സ്ത്രീകളുടെ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങിയാലും കമ്പനി യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കില്ല' അദ്ദേഹം പറഞ്ഞു. അതേസമയം ബ്രസീലിൽ വാക്സീൻ വിതരണം ആരംഭിച്ചു. വാക്സീൻ സൗജന്യമായിരിക്കുമെന്നും ആരെയും വാക്സീൻ എടുക്കാൻ നിർബന്ധിക്കില്ലെന്നും ബൊൽസോനരോ പറഞ്ഞു.
താൻ വാക്സീൻ സ്വീകരിക്കില്ലെന്ന് പറഞ്ഞത് തെറ്റായ സന്ദേശമാണ് നൽകുന്നെന്ന് ചില ആളുകൾ പറയുന്നുണ്ട്. എന്നാൽ തനിക്ക് വൈറസ് ബാധിച്ചിരുന്നുവെന്നും അതിനാൽ ആന്റിബോഡി ഉൽപാദിപ്പിക്കപ്പെട്ടുവെന്നും വാക്സീന്റെ ആവശ്യമില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി. 72 ലക്ഷം ആളുകൾക്കാണ് ബ്രസീലിൽ കോവിഡ് പിടിപെട്ടത്. 185,000 പേർ മരിച്ചു എന്നാണ് കണക്ക്. കോവിഡ് ചെറിയൊരു പനി മാത്രമാണെന്നായിരുന്നു ബൊൽസോനരോയുടെ ആദ്യ നിലപാട്. ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനും അദ്ദേഹം എതിരായിരുന്നു.
ഇദ്ദേഹത്തിന്റെ വാദങ്ങൾ ശുദ്ധ നുണയാണെന്നും ശാസ്ത്രവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കാര്യമായ പാശ്വഫലങ്ങൾ ഒന്നുമില്ല എന്ന് തെളിയിക്കപ്പെട്ട ശേഷമാണ് ഫൈസർ വാക്സിന് അനുമതി കിട്ടിയത് തന്നെ. വാക്സിൻ എടുത്തവർക്ക് അലർജിയല്ലാതെ ഗുരതരമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടുമില്ല. ഇത് പെരുപ്പിച്ച് ഭീതി വ്യാപാരം നടത്തുകയാണ് ബൊൽസോനരോ ചെയ്യുന്നത് എന്നാണ് ശാസ്ത്ര പ്രചാരകർ പറയുന്നത്.
മറുനാടന് ഡെസ്ക്