മലപ്പുറം: സംസാര ശേഷി കുറവുള്ള മകന്റെ സ്പീച്ച് തെറാപ്പിയുമായി ബന്ധപ്പെട്ട മൊറയൂർ ബിആർസിയിൽ സ്ഥിരമായി പോകാറുള്ള യുവതിയെ പീഡിപ്പിച്ച് മുങ്ങിയ ബിആർസി ട്രൈനറെ പരാതി നൽകി മാസങ്ങളായിട്ടും അറസ്റ്റ് ചെയ്യാനായില്ല.

25കാരിയെ ലൈംഗികപീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന ബി ആർ സി ട്രൈനറെയാണ് അറസ്റ്റ് ചെയ്യാനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നത്. മലപ്പുറം മൊറയൂർ ബി ആർ സി ട്രൈനർ അരീക്കോട് വാലില്ലാപുഴ കൊളക്കാട്ടിൽ മുഹമ്മദ് നസീബാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ തുടരുന്നത്.

സംസാര ശേഷി കുറവുള്ള മകന്റെ സ്പീച്ച് തെറാപ്പിയുമായി ബന്ധപ്പെട്ട മൊറയൂർ ബിആർസിയിൽ സ്ഥിരമായി പോകാറുള്ള യുവതിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. 2021 നവംബറിൽ യുവതിയുടെ നെടിയിരിപ്പ് കോളനി റോഡിലുള്ള വീട്ടിൽ എത്തിയ പ്രതി വിവാഹം കഴിക്കാമെന്നും മകന്റെ പ്രശ്‌നങ്ങൾ തീർത്തു തരാമെന്നും വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു.

നവംബർ മാസത്തിൽ തന്നെ മറ്റൊരു ദിവസം മകന്റെ രേഖകൾ ശരിയാക്കുന്നതിനെന്ന് പറഞ്ഞ് യുവതിയെ മഞ്ചേരിയിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ബലാൽസംഗം ചെയ്തുവെന്നും പ്രതിയുടെ സുഹൃത്തായ വിശ്വനാഥൻ ലൈംഗിക ഉദ്ദേശ്യത്തോടെ കയ്യിൽ പിടിച്ചു മാനഹാനി വരുത്തയെന്നുമായിരുന്നു യുവതിയുടെ പരാതി.

പ്രതിയുടെ വീട്ടിലും മറ്റും പൊലീസ് പലതവണ പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇതിനിടെ അഭിഭാഷകൻ മുഖേന മുഹമ്മദ് നസീബ് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല.