തിരുവനന്തപുരം: മഹാരാജ് കോളജിലെ സ്റ്റാഫ് ഹോസ്റ്റലിൽ മാരകായുധങ്ങൾ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിനു നോട്ടിസ്. പി.ടി. തോമസും ഹൈബി ഈഡനുമാണ് അവകാശലംഘന നോട്ടിസ് നൽകിയത്. ആയുധങ്ങൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചാണ് നോട്ടീസ്.

എഫ്ഐറിലെ വിവരങ്ങൾ മറച്ചുവച്ച മുഖ്യമന്ത്രി, സഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നാണ് പ്രതിപക്ഷാംഗങ്ങൾ നോട്ടീസിൽ ആരോപിച്ചിരിക്കുന്നത്. പിടിച്ചെടുത്തത് വാർക്കപ്പണിക്ക് ഉപയോഗിക്കുന്ന സാമഗ്രികളാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ സഭയിൽ പറഞ്ഞത്. പൊലീസ് നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാൻ ഉദ്ദേശിച്ചാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും നോട്ടീസിൽ ആരോപണമുണ്ട്.

ഈ മാസം ആധ്യമാണ് സംഭവം. മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോളജ് സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ സെൻട്രൽ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ടു മീറ്ററോളം നീളമുള്ള 14 ഇരുമ്പുവടികളും നാലു തടി വടികളും ഒരു വാക്കത്തിയും പിടിച്ചെടുത്തത്. മഹാരാജാസിൽനിന്നും കണ്ടെത്തിയതു മാരകായുധങ്ങൾ തന്നെയെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച പ്രഥമവിവര റിപ്പോർട്ടും (എഫ്‌ഐആർ). ആയുധ നിരോധന നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. ഗാർഹികകാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത മൂർച്ചകൂടിയ വെട്ടുകത്തി, ഒരുവശത്തു തുണിയും കയറും ചുറ്റി കൈപ്പിടിയുണ്ടാക്കിയ ഇരുമ്പുവടികൾ എന്നിവയാണു പിടിച്ചെടുത്തതെന്നു പൊലീസ് കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നു.

എന്നാൽ, മഹാരാജാസ് കോളജിൽനിന്നു പിടിച്ചെടുത്തതു മാരകായുധങ്ങളല്ല, മറിച്ചു വാർക്കപ്പണിക്കുള്ള കമ്പിയും കത്തിയുമാണെന്നാണ് എഫ്‌ഐആറിനെ ഉദ്ധരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ചുമതലയിലുള്ള പൊലീസ് കോടതിയിൽ സമർപ്പിച്ച പരിശോധനാ പട്ടിക, പ്രഥമവിവര റിപ്പോർട്ട് എന്നിവയ്ക്കു കടകവിരുദ്ധമായി എന്തുകൊണ്ടാണു മുഖ്യമന്ത്രി സഭയിൽ സംസാരിച്ചതെന്നതു ദുരൂഹമായി തുടരുന്നു. മുഖ്യമന്ത്രി വെളിപ്പെടുത്തിയ 'വാർക്കപ്പണിക്ക് ഉപയോഗിക്കുന്ന കമ്പികൾ' എല്ലാം തന്നെ ഒരു വശത്തു കൈപ്പിടിയുള്ള കുറുവടികളാണ്.

അതേസമയം മുഖ്യമന്ത്രി താൻ പറഞ്ഞ വാദങ്ങളിൽ ഉറച്ചു നിൽക്കുകയും ചെയ്യുകയാണ്. മഹാരാജാസ് കോളജ് ഹോസ്റ്റലിൽ നിന്ന് ആയുധം കണ്ടെത്തിയതുമായി ബന്ധപ്പെട്ടു നിയമസഭയിൽ താൻ പറഞ്ഞതു മനക്കണക്കല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എഫ്‌ഐആറിൽ ഉള്ളതാണ് ഉദ്ധരിച്ചത്. പിടിച്ചെടുത്ത ആയുധങ്ങൾ എന്തൊക്കെയാണെന്ന് എഫ്‌ഐആറിൽ വ്യക്തമായി പറയുന്നുണ്ട്. അതു തന്നെയാണു ഞാനും പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. എന്നാൽ, മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം.