മനാമ: വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ ഫോട്ടോ, വീഡിയോ എന്നിവ പ്രദർശിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തി. സ്വകാര്യത എന്നുള്ളത് മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളിൽ ഒന്നാണെന്നും എല്ലാ ഡെമോക്രാറ്റിക് സൊസൈറ്റിയുടെ അടിത്തറയും മനുഷ്യാവകാശമാമെന്നും നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് (എൻഐഎച്ച്ആർ) വെളിപ്പെടുത്തി.

അൽ അരീൻ മേഖലയിൽ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് രക്തത്തിൽ കുളിച്ചു കിടന്ന ഏതാനും പേരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് സംഘടന ഇതുസംബന്ധിച്ച പ്രസ്താവനയുമായി മുന്നോട്ടു വന്നത്. അപകടത്തിൽ ഒരു സ്വദേശി മരിക്കുകയും എട്ടു പേർക്ക് പരിക്കു പറ്റുകയും ചെയ്തിരുന്നു. വാഹനത്തിനടിയിൽ പെട്ട് രക്തത്തിൽ കുളിച്ചു കിടക്കുന്നവരുടെ ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സൈബർ ദുരുപയോഗത്തെ തുടർന്ന് തങ്ങളുടെ സ്വകാര്യത ഭേദിക്കപ്പെടുന്ന ഇത്തരം സാഹചര്യം ഒഴിവാക്കണമെന്നും ഇതു സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖാലിഫ പ്രസ്താവന ഇറക്കിയിരുന്നു.

പ്രധാനമന്ത്രിയുടെ ഈ നീക്കത്തെ സംഘടന പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തിൽ പെട്ടു കിടക്കുമ്പോഴും മറ്റും ഇത്തരത്തിൽ മറ്റുള്ളവരുടെ ഫോട്ടോ എടുത്ത് അനുമതിയില്ലാതെ സോഷ്യൽ മീഡിയയിലും മറ്റും പ്രസിദ്ധീകരിക്കുന്ന നടപടിയെ മനുഷ്യാവകാശ സംഘടന അപലപിച്ചു. ഇത്തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടുത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കാനുതകുന്ന തരത്തിൽ നിയമനിർമ്മാണം നടത്തണമെന്നും സംഘടന ആവശ്യപ്പട്ടിട്ടുണ്ട്.