ഫോർട്ട് ലോഡർഡേലിലെ ലാസ് ഒലാസ് ബീച്ച് അക്ഷരാർഥത്തിൽ യുവതീയുവാക്കളുടെ കൂത്തരങ്ങായി മാറി. പരസ്യമായി മദ്യപിച്ചും മയക്കുമരുന്നുപയോഗിച്ചും ആഭാസകരമായി നൃത്തം ചവിട്ടിയും അവർ ബീച്ച് കൈയടക്കിയപ്പോൾ നാട്ടുകാർക്ക് മുഖംപൊത്തി രക്ഷപ്പെടേണ്ടിവന്നു. പലപ്പോഴും അതിരുവിട്ട ആഘോഷം നിയന്ത്രിക്കാൻ പൊലീസിനും നന്നേ പാടുപെടേണ്ടിവന്നു.

സപ്രിങ് ബ്രേക്കിലെ ആദ്യ വീക്കെൻഡിന്റെ ആഘോഷത്തിനായാണ് കേളേജ് വിദ്യാർത്ഥികൾ ഇവിടെ തടിച്ചുകൂടിയത്. വോഡ്കയും വിസ്‌കിയും ടെക്കീലയും ബിയറുമൊക്കെ യഥേഷ്ടം ഒഴുകിയെത്തിയപ്പോൾ, മേമ്പൊടിയായി മയക്കുമരുന്ന് പ്രയോഗവും സജീവമായിരുന്നു. മയക്കുമരുന്നും മദ്യവും അനുവദിക്കില്ലെന്നായിരുന്നു പൊലീസ് നിലപാടെങ്കിലും വിദ്യാർത്ഥികൾ സമർഥമായി അതൊക്കെ ഒളിച്ചുകടത്തുകയും ഉപയോഗിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് തന്നെ സമ്മതിച്ചു. അന്തരീക്ഷത്തിൽ അതിന്റെ ഗന്ധമുണ്ടായിരുന്നതായി ഒരു പൊലീസുകാരൻ സമ്മതിച്ചു.

ഫ്‌ളോറിഡയിലെ ഏറ്റവും പ്രശസ്തമായ സ്പ്രിങ് ബ്രേക്ക് ലൊക്കേഷനാണ് ഫോർട്ട് ലോഡർഡേൽ. അവധിയോഘോഷിക്കുന്നതിനായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ലാസ് ഒലാസ് ബീച്ചിലെത്തിയത്. ഫ്‌ളോറിഡ അറ്റലാന്റിക് യൂണിവേഴ്‌സിറ്റിയിലെയും ഒഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെയുമൊക്കെ വിദ്യാർത്ഥികളാണ് ഈ ബീച്ചിൽ ഉല്ലസിക്കാനെത്തിയത്.. കനത്ത പൊലീസ് കാവലിലാണ് സ്പ്രിങ് ബ്രേക്ക് വീക്കെൻഡ് ആഘോഷിക്കുന്നതെങ്കിലും, പരിധിവിട്ടാൽ മാത്രമേ പൊലീസ് ഇടപെടാറുള്ളൂ.

എന്നാൽ, ഓരോ വർഷം ചെല്ലുന്തോറും പൊലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ വർധന വരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. 2015-ൽ രജിസ്റ്റർ ചെയ്തതിനേക്കാൾ 72 ശതമാനം കൂടുതൽ കേസുകൾ കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതിനെത്തുടർന്ന് 47 പേരെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടിവന്നു. ഇക്കുറിയും മോശമാവാനിടയില്ലെന്നാണ് റിപ്പോർട്ട്. അരമണിക്കൂറിനിടെ മയക്കുമരുന്നും മദ്യവും കൈവശംവെച്ചതിന് എട്ടുപേരാണ് അറസ്റ്റിലായത്.

സ്പ്രിങ് ബ്രേക്ക് ആഘോഷങ്ങൾ പരിധിവിടുന്നതിനെതിരേ നാട്ടുകാരും രംഗത്തുവരാറുണ്ടെന്ന് ഫോർട്ട് ലോഡർഡേലിലെ ആഘോഷങ്ങളുടെ സംഘാടകനായ മേജർ ഡാന സ്വിഷർ പറയുന്നു. എല്ലാവർഷവും ഇതുണ്ടാകുണ്ട്. കുറെയൊക്കെ തെറ്റിദ്ധാരണകളുടെ പുറത്തുള്ള പരാതികളാണെന്നും അദ്ദേഹം പറയുന്നു.