ഡബ്ലിൻ: അടുത്തകാലത്ത് ഡബ്ലിനിൽ മോഷ്ടാക്കളുടെ ശല്യം വർധിച്ചതിനെ തുടർന്ന് ഗാർഡ ശക്തമായ നടപടികൾ സ്വീകരിച്ചതോടെ മോഷ്ടാക്കൾ കൂട്ടത്തോടെ കോർക്ക് സിറ്റിയിലും പരിസരത്തേക്കും പ്രവർത്തനം കേന്ദ്രീകരിച്ചതായി റിപ്പോർട്ട്. അടുത്തകാലത്ത് കോർക്ക് സിറ്റിയിലും പരിസരത്തുമായി വീടുകൾ കുത്തിത്തുറന്നുള്ള മോഷണം 54 ശതമാനം വർധിച്ചതായാണ് കണക്കുകൾ.

മാർച്ച് മുതൽ മെയ്‌ മാസം വരെയുള്ള കാലയളവിൽ കോർക്ക് സിറ്റിയിൽ 262 ഭവനഭേദനം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കോർക്ക് സിറ്റി ഗാർഡ ഡിവിഷൻ ചീഫ് സൂപ്രണ്ട് മൈക്കിൾ ഫിൻ വെളിപ്പെടുത്തി. അതേസമയം മുൻ വർഷത്തിൽ ഇതേകാലയളവിൽ 170 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാർച്ചിലായിരുന്നു ഏറ്റവും കൂടുതൽ മോഷണം അരങ്ങേറിയത്. 121 മോഷണമാണ് മാർച്ച് മാസം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഡബ്ലിനിൽ മോഷണപരമ്പര വർധിച്ചതിനെ തുടർന്ന് ആന്റി ബർഗ്ലറി ഓപ്പറേഷൻ ഗാർഡ ശക്തമാക്കിയതോടെ മോഷ്ടാക്കൾ കോർക്കിലേക്ക് തങ്ങളുടെ പ്രവർത്തനം കേന്ദ്രീകരിക്കുകയായിരുന്നു എന്നും സൂപ്രണ്ട് വെളിപ്പെടുത്തി.

കവർച്ചാ കേസുകൾ വർധിക്കുന്ന മേഖലയിൽ ഗാർഡ ഓപ്പറേഷൻ ശക്തമാക്കുന്നതോടെ മോഷ്ടാക്കൾ മറ്റ് ഉൾപ്രദേശങ്ങളിലേക്ക് ചേക്കോറി മോഷണം നടത്തുന്നതാണ് പതിവാക്കിയിരിക്കുന്നത്. അതേസമയം തങ്ങളുടെ വീടുകൾ സുരക്ഷിതമായി കാത്തുസൂക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്നും ചീഫ് സൂപ്രണ്ട് ഫിൻ ഓർമപ്പെടുത്തി. ചിലർ അലാറം ഓൺ ചെയ്തുവയ്ക്കാറില്ലെന്നും ഇത് കവർച്ചക്കാർക്ക് കൂടുതൽ സൗകര്യം ചെയ്തുകൊടുക്കുന്നതു പോലെയാണെന്നും ഫിൻ പറയുന്നു.

കടകളിൽ നിന്നുള്ള കവർച്ചയും മാർച്ച് മുതൽ മെയ്‌ വരെയുള്ള കാലയളവിൽ വർധിച്ചിരിക്കുകയാണ്. സിറ്റിക്കു പുറത്തു നിന്ന് ക്രിമിനലുകൾ എത്തിയാണ് കടകളിൽ മോഷണം നടത്തുന്നത്. 2014 നെ അപേക്ഷിച്ചത് ഇത്തരം കവർച്ചാ കേസുകളിൽ 27 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. കടകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് കോർക്ക് ബിസ്‌നസ് അസോസിയേഷനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സിറ്റി സെന്റർ മേഖലയുടെ ചുമതലയുള്ള സൂപ്രണ്ട് ടോം മേയേഴ്‌സ് വ്യക്തമാക്കുന്നു. ഗാർഡ റോന്തുചുറ്റൽ വർധിപ്പിക്കുകയാണെന്നും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് കവർച്ചകുറയ്ക്കാൻ ആവശ്യമാമെന്നും ടോം ചൂണ്ടിക്കാട്ടി.

വ്യക്തികളിൽ നിന്നുള്ള പിടിച്ചുപറിയും ഇപ്പോൾ ഒരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. മാർച്ച് മുതലുള്ള മൂന്നു മാസകാലയളവിൽ 299 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2014-ൽ ഇതേ കാലയളവിൽ 221 ആയിരുന്നതാണ് ഇപ്പോൾ 299-ലേക്ക് ഉയർന്നത്. 35 ശതമാനം വർധനയാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ടൗണുകളിലേക്ക് വാരാന്ത്യത്തിൽ ചുറ്റിക്കറങ്ങാൻ ഇറങ്ങുന്ന ചെറുപ്പക്കാരാണ് ഇത്തരം പിടിപറികൾക്ക് ഇരയാകുന്നത്. മൊബൈൽ ഫോണുകളും മറ്റും ചെറുപ്പക്കാരിൽ നിന്നും തട്ടിയെടുക്കുന്നത് പതിവാണ്.