ദുബായ്: കിം കാർദിയാഷാനാണ് പാശ്ചാത്യ ലോകത്ത് ഇപ്പോൾ ഇന്റർനെറ്റിൽ സെൻസേഷൻ തീർക്കുന്നത്. പെപ്പർ എന്ന മാഗസിന് വേണ്ടി നഗ്നയായി പ്രത്യക്ഷപ്പെട്ട കിമ്മിന്റെ 'ബ്രേയ്ക്ക് ദ ഇന്റർനെറ്റ്' ചിത്രങ്ങളാണ് ഇപ്പോൾ പാശ്ചാത്യ മാദ്ധ്യമങ്ങൾ കൊണ്ടാടുന്നത്. കിമ്മിന്റെ നഗ്നപോസിനെ അനുകരിച്ചും കളിയാക്കിയും അനേകം പോസ്റ്റുകളാണ് സൈബർ ലോകത്ത് തരംഗം തീർക്കുന്നത്. ഇങ്ങനെ സൈബർലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ടെലിവിഷൻ താരമായ കിം കാർദിയാഷാൻ ഇന്ത്യയിലേക്കും എത്തുന്നു എന്നതാണ് ഏറ്റവും ചൂടുള്ള വാർത്ത.

സൽമാൻഖാൻ അവതാരകനായ കളേഴ്‌സ് ടെലിവിഷന്റെ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ പങ്കെടുക്കാനാണ് കിം ഇന്ത്യയിലേക്ക് എത്തുന്നത്. ഷോയിൽ അതിഥിയായാണ് കിം എത്തുന്നത്. നവംബർ 22നാണ് കിം ബിഗ്‌ബോസ് വീട്ടിൽ അതിഥിയായി എത്തുന്നത്. കിം തന്നെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ദുബായിലും ഇന്ത്യയിലുമായി ഒരാഴ്‌ച്ചയുണ്ടാകുമെന്നാണ് അമേരിക്കൻ ടിവി സെലബ്രിറ്റി ട്വിറ്ററിലൂടെ അറിയിച്ചത്. ഹിന്ദിയിലും ടിവി ഷോയിൽ എത്തുന്ന കാര്യം കിം അറിയിച്ചിട്ടുണ്ട്.

ടിവി ഷോയിൽ എത്തുന്ന കിം കാർദിയാഷാൻ ഷോയിലെ മത്സരാർത്ഥികളുമായി സംവദിക്കും. കിമ്മിനെ പോലുള്ള സെലബ്രിറ്റിയെ ഷോയിൽ പങ്കെടുപ്പിക്കുന്നത് പരിപാടിയുടെ റേറ്റിങ് കുത്തനെ ഉയർത്താൻ ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് പരിപാടിയുടെ അണിയറക്കാർ. ബിഗ് ബോസിലെ എട്ടാം സീസണിൽ നിന്നും 12 പേർ ഇതിനോടകം പുറത്തായി കഴിഞ്ഞു.