കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിൽ മോൻസൻ മാവുങ്കലിനെ കുരുക്കാൻ വഴിയൊരുങ്ങിയതിന് പിന്നിൽ വിദേശത്ത് നഴ്‌സുമാരുടെ റിക്രൂട്ടിങ് നടത്തിവന്ന മലയാളി വനിതയുമായുണ്ടായിരുന്ന അടുപ്പം തകർന്നതിന്റെ പകയെന്ന് സൂചന. മൂന്നു വർഷത്തെ പ്രണയത്തിനൊടുവിൽ മോൻസൻ വിവാഹിതനാണെന്നും ഒട്ടേറെ സ്ത്രീകളുമായി ബന്ധം പുലർത്തുന്നുവെന്നും മനസിലാക്കിയതോടെ ഇയാളെ തകർക്കാനായി പ്രവാസി മലയാളി വനിത രംഗത്തുവരികയായിരുന്നെന്നാണ് ആക്ഷേപം ഉയരുന്നത്.

ലോക കേരള സഭാ പ്രവർത്തനങ്ങളിൽ മലയാളി വനിതയ്‌ക്കൊപ്പം സജീവമായി പ്രവർത്തിച്ചവർ തന്നെയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. വിദേശ വനിത ഇപ്പോൾ നടത്തുന്നത് സ്വയം വെള്ളപൂശാനുള്ള ശ്രമമാണെന്ന് ഇവർ ആക്ഷേപം ഉന്നയിക്കുന്നു.

രണ്ടു വർഷം മുൻപു ലോക കേരള സഭയിൽ ഇവർക്കൊപ്പം മോൻസന്റെ സാന്നിധ്യമുണ്ടായിരുന്നെന്നും അന്നു തന്നെ ഈ വിഷയം ചർച്ചയായിരുന്നെന്നും ഇവർ തുറന്നു പറയുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞ വർഷം ലോക കേരള സഭ നടക്കുമ്പോഴും ഇവർ മോൻസനുമായി അടുപ്പത്തിലായിരുന്നു എന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

മോൻസന് പരാതിക്കാരിൽ ചിലർ പണം കൈമാറിയ അവസരങ്ങളിൽ ഈ വനിത സാക്ഷിയായിരുന്നുവെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇത്രയും നാൾ ഇക്കാര്യം മൂടിവച്ച ശേഷം ബന്ധം മുറിഞ്ഞപ്പോൾ കേസു കൊടുത്തവരെ ഫോൺ വിളിച്ചു കൂട്ടുപിടിച്ച് സ്വയം രക്ഷപെടാൻ ഇവർ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം.



കേരളത്തിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ മോൻസനു പരിചയപ്പെടുത്തിയത് പ്രവാസി വനിതയാണെന്നു തുറന്നുപറഞ്ഞിരുന്നു. ലോക കേരള സഭയുടെയും മറ്റും പേരിലുണ്ടാക്കിയ പൊലീസ് ബന്ധങ്ങൾ മോൻസനു തട്ടിപ്പു നടത്തുന്നതിന് അവസരം ഒരുക്കുകയായിരുന്നു എന്നാണ് ആക്ഷേപം.

മോൻസനുമായി അടുപ്പമുള്ള സമയത്തുകൊച്ചിയിൽ മുതിർന്ന ഒരു ഉദ്യോഗസ്ഥനും ഒരു ഇൻസ്‌പെക്ടറും തമ്മിലുണ്ടായ പ്രശ്‌നത്തിൽ ഇടനിലനിന്നത് ഒരു വനിതയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇൻസ്‌പെക്ടർ നാടുവിട്ടു പോയതിനു പിന്നാലെ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെ സ്വാധീനിച്ച് ആരോപണം ഉയർന്ന ഉദ്യോഗസ്ഥനെ കൊച്ചി പരിധിയിൽ തന്നെ മറ്റൊരു സ്റ്റേഷനിലേയ്ക്കു ട്രാൻസ്ഫർ വാങ്ങി നൽകി നടപടികളിൽ നിന്ന് രക്ഷപ്പെടുത്തിയെന്നും ആരോപണമുണ്ട്.

കേരളത്തിലെത്തി മോൻസനൊപ്പം താമസിക്കുന്നതിനിടെ മറ്റൊരു സ്ത്രീ കലഹവുമായി എത്തിയതോടെ കുണ്ടന്നൂരുള്ള ഹോട്ടലിലേയ്ക്കു താമസം മാറ്റുകയും പിന്നീട് മോൻസനുമായി അകന്നു വിദേശത്തേയ്ക്കു മടങ്ങുകയുമായിരുന്നെന്നു പറയുന്നു. വിദേശത്തെത്തിയ ശേഷം മോൻസനുമായി ബന്ധമുണ്ടെന്നു തിരിച്ചറിഞ്ഞ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ ഇവർ അധിക്ഷേപിച്ചെന്നും ആരോപണമുണ്ട്.

മോൻസന് പാലാരിവട്ടം സ്വദേശിനിയുമായും ആലപ്പുഴ സ്വദേശിനിയുമായും ഉള്ള ബന്ധം കണ്ടെത്തിയതോടെയായിരുന്നു ഇരുവരും അകന്നത്. ആലപ്പുഴ സ്വദേശിനിയായ നഴ്‌സാണ് ഇരുവരെയും കലൂരിലെ വീട്ടിൽ നിന്നു സ്വകാര്യ സാഹചര്യത്തിൽ പിടികൂടി ബഹളമുണ്ടാക്കിയത്. ഇതോടെ നാടു വിട്ട വനിത പിന്നീടു കേരളത്തിലേയ്ക്കു വന്നിട്ടില്ലെന്നും പറയുന്നു.



തന്നെക്കാൾ മുതിർന്ന ഒരു സ്ത്രീയെയാണ് മോൻസൻ ആദ്യം വിവാഹം ചെയ്തത്. ചേർത്തലയിലുള്ള വീട്ടിലാണ് താമസിക്കുന്നതെങ്കിലും കോലാഹലങ്ങളിലൊന്നും പെടാതെ നിശബ്ദയായി കഴിയുകയാണ് ഇവർ. ഇപ്പോൾ സംസാരിക്കാൻ സമയമായിട്ടില്ലെന്നാണ് പ്രതികരണം ചോദിച്ചു സന്ദർശിക്കാനെത്തിയവരോടു ഇവർ നൽകുന്ന മറുപടി.

ഇവരെ മോൻസൻ കടത്തി കൊണ്ടു വന്നു വിവാഹം കഴിച്ചത് അക്കാലത്തു വിവാദമായിരുന്നു. എന്നാൽ കൊച്ചിയിൽ വീടു വാടകയ്‌ക്കെടുത്ത് അവിടെ താമസിച്ചായിരുന്നു ഇയാളുടെ ആഘോഷ ജീവിതം. ഇതിനിടെ നിരവധി സ്ത്രീകളെയാണ് ഇയാൾ വലയിലാക്കിയത്.

കോസ്മറ്റോളജിസ്റ്റ് എന്നു സ്വയം വിശേഷിപ്പിച്ചു ചികിത്സ നടത്തിയാണ് ഇയാൾ സ്ത്രീകളെ വലയിൽ വീഴ്‌ത്തിയിരുന്നത്. സ്ത്രീകളുടെ കണ്ണിനു താഴെയും മുഖത്തും ഉണ്ടാകുന്ന പാടുകൾക്ക് ഇയാളുടെ പക്കൽ മികച്ച ചികിത്സ ഉണ്ടായിരുന്നത്രെ. പലരും ഇയാളെ കണ്ടശേഷം സൗന്ദര്യം വർധിച്ചതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്നതും പതിവായിരുന്നു.