തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തിൽ ലോകമുലയൂട്ടൽ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പരുത്തിപ്പള്ളി സി.എസ്.ഐ ഹാളിൽ വച്ച് കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .ജി.മണികണ്ഠൻ നിർവ്വഹിച്ചു. പ്രകൃതി കനിഞ്ഞു നൽകിയ സമ്പൂർണ ആഹാരമാണ് മുലപ്പാൽ.രണ്ട് വയസുവരെ കുട്ടികളുടെ പ്രധാന ആഹാരവും പാലാണ്. മുലയൂട്ടുന്നത് കുഞ്ഞിന് മാത്രമല്ല അമ്മയുടെ ആരോഗ്യത്തിനും ആവശ്യമാണ്. മറ്റേത് ആഹാരത്തേക്കാളും കുഞ്ഞിന് പ്രിയവും സംതൃപ്തിയും നൽകുന്ന അമൃതാണ് അമ്മയുടെ മുലപ്പാലെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജോസ് ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ജെ.സ്വപ്നകുമാരി മുഖ്യപ്രഭാഷണം നടത്തി. മൂലയൂട്ടലിന്റെ പ്രാധാന്യം കണക്കിലെടുത്ത് ബേബിഷോയും, ക്വിസ് മത്സരവും സംഘടിപ്പിച്ചു.

പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജോയി ജോൺ മൂലയൂട്ടൽ ബോധവത്കരണ നടത്തി. ആറ് മാസം വരെ മുലപ്പാൽ മാത്രം നൽകിയ ആദിവാസി മേഖലയിൽ നിന്നുള്ള അമ്മമാരണ് ബേബിഷോയിൽ സമ്മാനത്തിനർഹരായത്. പരിപാടിയിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സ നബീസത്ത്, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കൊച്ചുനാണു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷാകൃഷ്ണൻ, വാർഡ് മെമ്പർ കൃഷ്ണകുമാരി, രാധാജയൻ എന്നിവർ സംസാരിച്ചു.