ഹോം സെക്രട്ടറി ആംബർ റുഡ് രാജി വച്ച ആഘാതത്തിൽ തെരേസ സർക്കാർ വലയവെ ട്രേഡ് സെക്രട്ടറി ലിയാം ഫോക്സും രാജി ഭീഷണി മുഴക്കി രംഗത്തെത്തിയിരിക്കുകയാണ്. ബ്രെക്സിറ്റിനെ തുടർന്ന് യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് യൂണിയനിൽ നിന്നും വിട്ട് പോകാൻ തെരേസ തയ്യാറാവാതിരുന്നാൽ താൻ ട്രേഡ് സെക്രട്ടറി സ്ഥാനത്ത് നിന്നും ഗുഡ് ബൈ പറയുമെന്ന ഭീഷണിയാണ് ഫോക്സ് മുഴക്കിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽബ്രെക്സിറ്റിൽ മായം ചേർക്കാനുള്ള തെരേസ മേയുടെ നീക്കത്തിനെതിരെ കാബിനറ്റിൽ വീണ്ടും കലാപമുണ്ടായിരിക്കുകയാണ്. ഇതിനെ തുടർന്ന് മന്ത്രിസഭയെ മുമ്പോട്ട് കൊണ്ടു പോവാനാവാതെ പ്രധാനമന്ത്രി പാടുപെടുന്നുവെന്നും റിപ്പോർട്ടുണ്ട്.

യൂറോപ്യൻ യൂണിയനുമായി ഏത് രൂപത്തിലുള്ള കസ്റ്റംസ് യൂണിയൻ പങ്ക് വയ്ക്കുന്നത് അസ്വീകാര്യമാണെന്നാണ് ട്രേഡ് സെക്രട്ടറി തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. അങ്ങനെ വന്നാൽ നിലവിൽ യൂറോപ്യൻ യൂണിയനുമായുള്ള യുകെയുടെ അംഗത്വത്തിലെ നിബന്ധനകളേക്കാൾ വഷളായിരിക്കും അത്തരമൊരു ബന്ധമെന്നും ഫോക്സ് മുന്നറിയിപ്പേകുന്നു.ബ്രെക്സിറ്റിന് ശേഷം ഏത് തരത്തിലുള്ള വ്യാപാര ബന്ധമാണ് ബ്രിട്ടന് വേണ്ടതെന്ന കാര്യത്തിൽ ഒരു തീരുമാനമെടുക്കുന്നതിൽ കാബിനറ്റ് അനിശ്ചിതത്വവും അഭിപ്രായ ഐക്യമില്ലായ്മയും നേരിടുന്ന വേളയിലാണ് ട്രേഡ് സെക്രട്ടറി ഇക്കാര്യത്തിൽ കടുത്ത താക്കീതുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നത് ഗൗരവം വർധിപ്പിക്കുന്നു.

ബ്രെക്സിറ്റിന് ശേഷം യുകെ കസ്റ്റംസ് യൂണിയനിൽ തുടരില്ലെന്ന് തെരേസ പറയുന്നുണ്ടെങ്കിലും ഈ വിഷയത്തിൽ ബ്രെക്സിറ്റർമാരുടെയും റിമെയിനർമാരുടെയും ആവശ്യങ്ങളെ സമന്വയിപ്പിക്കുകയെന്ന വെല്ലുവിളി നിലനിൽക്കുന്നതിനാൽ ചില വിട്ട് വീഴ്ചകൾ ചെയ്യേണ്ടി വന്നേക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നുണ്ട്. കസ്റ്റംസ് യൂണിയനിൽ തുടരുന്നതിനായി തങ്ങൾ ലേബറിനൊപ്പം അടുത്ത മാസം കോമൺസിൽ വോട്ട് ചെയ്യുമെന്നാണ് ടോറി റിബലുകൾ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.യുകെയുടെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും കടുത്ത ഐറിഷ് അതിർത്തി സംരക്ഷിക്കുന്നതിനും കസ്റ്റംസ് യൂണിയനുമായുള്ള ബന്ധം തുടരുകയെന്ന ഏക വഴി മാത്രമേയുള്ളുവെന്നും അവർ മുന്നറിയിപ്പേകുന്നു.

കസ്റ്റംസ് യൂണിയനിൽ നിലകൊള്ളുന്നതിനായി യൂറോപ്യൻ യൂണിയൻ വിത്ത്ഡ്രാവൽ ബില്ലിൽ ലോർഡുമാർ നേരത്തെ തന്നെ ഒരു ഭേദഗതി പാസാക്കിയിട്ടുണ്ട്. എന്നാൽ ബില്ലിന് മേൽ ഇതിന് കുറഞ്ഞ സ്വാധീനം മാത്രമേ ചെലുത്താൻ സാധിക്കുകയുള്ളുവെന്നാണ് മിനിസ്റ്റർമാർ വിശ്വസിക്കുന്നത്. കസ്റ്റംസ് യൂണിയനിൽ നിന്നും പൂർണമായും വിട്ട് പോവാനും ശേഷിക്കുന്ന ലോകരാജ്യങ്ങളുമായി വ്യാപാരക്കരാറുകളിൽ ഒപ്പിടുന്നത് ഉറപ്പാക്കുകയും ചെയ്തിട്ടില്ലെങ്കിൽ തങ്ങൾ തെരേസക്കെതിരെ നീങ്ങുമെന്ന് യൂറോപ്യൻ യൂണിയൻ വിരുദ്ധ ടോറികൾ കടുത്ത ഭീഷണി മുഴക്കിയിട്ടുണ്ട്.

കസ്റ്റംസ് പാർട്ട്ണർഷിപ്പിൽ തുടരുന്നതിനുള്ള ഏത് പദ്ധതിയെയും തകർക്കുന്നതിന് ബ്രെക്സിറ്റർമാർ കടുത്ത ജാഗ്രതയാണ് പുലർത്തി വരുന്നത്. ഇത്തരമൊരു സംവിധാനം വന്നാൽ യൂറോപ്യൻ യൂണിയൻ ബ്ലോക്കിന് വേണ്ടി യുകെ നികുതികൾ പിരിക്കേണ്ടി വരും. ഇതിനെതിരെ ഫോക്സിന് പുറമെ ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസൻ, ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ്, എഡ്യുക്കേഷൻ സെക്രട്ടറി മൈക്കൽ ഗോവ് തുടങ്ങിയവർ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.ഇത് അപ്രായോഗികമായ നടപടിയാണെന്നും ബ്രെക്സിറ്റിനെ നോക്കുകുത്തിയാക്കുമെന്നുമാണ് അവർ മുന്നറിയിപ്പേകുന്നത്.