ലണ്ടൻ: ബ്രെക്സിറ്റ് വിഷയത്തെ ചൊല്ലി കൺസർവേറ്റീവ് കോൺഫറൻസിൽ വച്ച് ടോറികൾക്കിടയിലെ കടുത്ത വിഭാഗീതയോട് പൊരുതുന്നതിനിടെ തെരേസയ്ക്ക് നേരെ കടുത്ത ഭീഷണി മുഴക്കി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ജീൻ ക്ലൗഡ് ജങ്കർ രംഗത്തെത്തി. ബ്രെക്സിറ്റ് തെരേസ മേയുടെ പിടിവാശിയിൽ തെറ്റായ രീതിയിലാണ് നടക്കുന്നതെങ്കിൽ ബ്രിട്ടന്റെ വിമാനങ്ങളെ യൂറോപ്യൻ മണ്ണിൽ ലാൻഡ് ചെയ്യാൻ സമ്മതിക്കില്ലെന്നും വളർത്ത്മൃഗങ്ങളെ പോലും യൂറോപ്പിൽ പ്രവേശിപ്പിക്കില്ലെന്നുമാണ് ജങ്കർ മുന്നറിയിപ്പേകുന്നത്. തന്റെ പാർട്ടിയിൽ നിന്നുയരുന്ന വെല്ലുവിളികളോട് പൊരുതി ബ്രെക്സിറ്റ് പ്ലാനുമായി തെരേസ മെയ്‌ മുന്നേറവെയാണ് ഭീഷണി ഉയർത്തി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.

ജർമനിയിലെ ഫ്രെയ്ബർഗിൽ വച്ച് നടന്ന ഒരു പബ്ലിക്ക് മീറ്റിംഗിൽ സംസാരിക്കവെയാണ് ജങ്കർ കടുത്ത ഭീഷണി മുഴക്കി മുന്നോട്ട് വന്നിരിക്കുന്നത്. തെറ്റായ രീതിയിൽ ബ്രെക്സിറ്റ് നടപ്പിലായാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ പറ്റി ജനത്തിന് ഇനിയും മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും ജങ്കർ മുന്നറിയിപ്പേകുന്നു. ബ്രെക്സിറ്റിനായി താൻ തയ്യാറാക്കിയിരിക്കുന്ന ചെക്കേർസ് പ്ലാൻ യൂറോപ്യൻ യൂണിയൻ നിരസിച്ചതിനെ തുടർന്ന് അതിന് അംഗീകാരം നേടാൻ തെരേസ വെല്ലുവിളികൾ നേരിടുന്നതിനിടയിലും ബ്രെക്സിറ്റിനെ ചൊല്ലി തന്റെ പാർട്ടിയിൽ രൂക്ഷമാകുന്ന പടലപ്പിണക്കത്തെ നേരിടുന്നതിനിടയിലുമാണ് ജങ്കറിന്റെ പുതിയ ലഭീഷണിയും തെരേസക്ക് നേരെ വന്നിരിക്കുന്നത്.

യഥാർത്ഥ വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്ന രീതിയിലുള്ള യഥാർത്ഥ ബ്രെക്സിറ്റ് ക്യാമ്പയിൻ യുകെയിൽ നടക്കുന്നില്ലെന്നതിൽ തനിക്ക് വിഷമമുണ്ടെന്നാണ് ജങ്കർ പറയുന്നത്. ഇക്കാര്യത്തിൽ ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയാൻ ബ്രിട്ടീഷ് മിനിസ്റ്റർമാർക്കും യൂറോപ്പിലെ മിനിസ്റ്റർമാർക്കും സാധിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ടെന്നും ജങ്കർ പ്രസ്തുത യോഗത്തിൽ വച്ച് അഭിപ്രായപ്പെട്ടു. എല്ലാ വർഷവും ഉടമകൾക്കൊപ്പം യൂറോപ്യൻ ഭൂഖണ്ഡം വിട്ട് യുകെയിലേക്ക് പോകുന്ന രണ്ടരലലക്ഷത്തോളം നായകളെയും പൂച്ചകൾക്കും ബ്രെക്സിറ്റിന് ശേഷം എന്ത് സംഭവിക്കുമെന്ന് താൻ ചിന്തിച്ചിട്ടുണ്ടെന്നും ജങ്കർ പറയുന്നു.

നിലവിൽ അവ കസ്റ്റംസിലൂടെ അനായാസം പുറത്തേക്ക് പോകുന്നുണ്ടെന്നും തുടർന്ന് അനായാസം ഇവിടേക്ക് തന്നെ തിരിച്ച് വരുന്നുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്നാൽ ബ്രെക്സിറ്റിന് ശേഷം ഇവയെ കൊണ്ടു പോകുന്നതിന് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താൻ നിർബന്ധിതരാകുമെന്നും ജങ്കർ താക്കീത് നൽകുന്നു. അതായത് അവയെ നാല് ദിവസത്തോളം അതിർത്തികളിൽ തടഞ്ഞ് വയ്ക്കപ്പെടുന്ന വൈഷമ്യങ്ങൾ പിന്നീട് ഉടലെടുത്തേക്കാം. അതിനാൽ ബ്രിട്ടനിലേക്കോ അവിടെ നിന്ന് യൂറോപ്പിലേക്കോ എട്ട് ദിവസത്തെ ഹോളിഡേക്ക് വരുന്നവർ പെറ്റുകളെ വീടുകളിൽ തന്നെ നിർത്തി വരേണ്ടി വരുമെന്നും ജങ്കർ മുന്നറിയിപ്പേകുന്നു.ഭാവിയിലേക്ക് ഇരുപക്ഷത്തിനും ഉപകാരപ്പെടുന്ന വിധത്തിൽ ബ്രെക്സിറ്റിനെ കൈകാര്യം ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ജങ്കർ പറയുന്നു.