ലണ്ടൻ: ഗവൺമെന്റ് ബ്രെക്സിറ്റിനെ കൈകാര്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ട്രാൻസ്പോർട്ട് മിനിസ്റ്റർ സ്ഥാനത്ത് നിന്നും രാജി വച്ച ജോ ജോൺസൺ തന്റെ സഹോദരനും മുൻ ഫോറിൻ സെക്രട്ടറിയുമായ ബോറിസ് ജോൺസനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോയാൽ വൻ നേട്ടങ്ങളുണ്ടാവുമെന്ന് ബോറിസിനെ പോലുള്ള ബ്രെക്സിറ്റ് നേതാക്കൾ ജനങ്ങളോട് കളവ് പറയുകയായിരുന്നുവെന്നാണ് ജോ എടുത്ത് കാട്ടുന്നത്. ബ്രെക്സിറ്റ് വൈകുന്നതിലും തെരേസ അതിന് വേണ്ടി തയ്യാറാക്കിയ ചെക്കേർസ് പ്ലാനിലും പ്രതിഷേധിച്ചായിരുന്നു ബോറിസ് ജോൺസൺ രാജി വച്ചിരുന്നത്.ചുരുക്കിപ്പറഞ്ഞാൽ ബ്രെക്സിറ്റ് വിഷയത്തിൽ പ്രധാനമന്ത്രി തെരേസ മേയോട് വിയോജിപ്പ് പ്രകടിപ്പിച്ച് രാജി വയ്ക്കുന്ന മന്ത്രിമാരുടെ എണ്ണം വർധിക്കുകയാണ്.

തന്റെ സഹോദരനെ പോലുള്ള ലീവ് ക്യാമ്പയിൻ നേതാക്കൾ ബ്രെക്സിറ്റ് റഫറണ്ട പ്രചാരണ വേളയിൽ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് കള്ളം പറഞ്ഞ് ജനത്തെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് ജോ ആരോപിക്കുന്നത്. ബോറിസ് ബ്രെക്സിറ്റ് നേതാവായിരുന്നിട്ടും അന്ന് ബ്രെക്സിറ്റിനെ എതിർത്തായിരുന്നു ജോൺ റഫറണ്ടത്തിൽ വോട്ട് രേഖപ്പെടുത്തിയിരുന്നത്. ബ്രെ്ക്സിറ്റ് വിഷയത്തിൽ മറ്റ് മന്ത്രിമാർ രാജി വയ്ക്കുന്നതിനെ താൻ സ്വാഗതം ചെയ്യുന്നുവെന്നും ബിബിസിയുടെ റേഡിയോ 4 ലെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ജോ വ്യക്തമാക്കുന്നു.

ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് തെരേസ മെയ്‌ അടുത്തിടെ നടത്തിയ വിലപേശലുകളോട് യോജിക്കാൻ നിരവധി മന്ത്രിമാർക്ക് വിയോജിപ്പുണ്ടെന്ന് അവരോട് സംസാരിച്ചതിലൂടെ തനിക്ക് മനസിലാക്കാൻ സാധിച്ചിട്ടുണ്ടെന്നും അവരുടെ രാജിയെ താൻ സ്വാഗതം ചെയ്യുന്നുവെന്നും ജോ വ്യക്തമാക്കുന്നു.തെരേസയുടെ ബ്രെക്സിറ്റ് പദ്ധതികളെ വഞ്ചനാപരം എന്നാണ് ജോ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ അവർ രാജ്യത്തെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നുവെന്നും ജോ ആരോപിക്കുന്നു.

ബ്രെക്സിറ്റ് വിഷയത്തിൽ ഓരോ എംപിക്കും അവരുടേതായ നിലപാടുകളുണ്ടെന്നും അതിനനുസരിച്ച് പ്രവർത്തിക്കുമെന്നും കൂടുൽ രാജികളുണ്ടാവുമോ എന്ന ചോദ്യത്തിന് ജോ മറുപടിയേകുന്നു. ഓരോരുത്തരും ബ്രെക്സിറ്റ് ഡീലിനെ സൂക്ഷ്മമായി നിരീക്ഷിച്ച് പ്രതികരിക്കാൻ തയ്യാറെടുത്ത് വരുകയാണെന്നും അദ്ദേഹം പറയുന്നു. തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും നിർണായകമായ ചോദ്യങ്ങളെ നേരിടുന്ന സന്ദർഭമാണിതെന്നും ബ്രെക്സിറ്റിനെ കുറിച്ച് മിക്കവരും ആശങ്കയോടെ ചിന്തിക്കുന്ന സമയമാണിതെന്നും ജോ പറയുന്നു.

റഫറണ്ടത്തിന്റെ ക്യാമ്പയിനിൽ തന്റെ സഹോദരൻ ജോയും മറ്റ് ബ്രെക്സിറ്റ് നേതാക്കളും വാഗ്ദാനം ചെയ്തത് പോലുള്ള ഡീലും നിലവിൽ തെരേസ നടപ്പിലാക്കാനൊരുങ്ങുന്ന ഡീലും തമ്മിൽ വളരെയേറെ വ്യത്യാസമുണ്ടെന്നും ജോ ആവർത്തിക്കുന്നു. നിലവിൽ തെരേസ നടപ്പിലാക്കാനൊരുങ്ങുന്ന ഡീലിന് മേൽ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ജനത്തിന് നിഷേധിക്കുന്നത് ജനാധിപത്യത്തെ പരിഹാസ്യമാക്കുന്നതിന് തുല്യമാണെന്നും ജോ ആരോപിക്കുന്നു. 2016ലെ റഫറണ്ട ക്യാമ്പയിൻ വേളയിൽ തങ്ങൾ വാഗ്ദാനം ചെയ്തതിൽ നിന്നും തീർത്തും വ്യത്യസ്തമായ രീതിയിലാണ് തെരേസ വിലപേശൽ നടത്തുന്നതെന്ന ആരോപണം ബോറിസും ഇന്നലെ ആരോപിച്ചിരുന്നു.