താൻ ബ്രെക്സിറ്റിനായി തയ്യാറാക്കിയിരിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന ഉറച്ച പ്രഖ്യാപനവുമായി പ്രധാനമന്ത്രി തെരേസ മെയ്‌ ബ്രെക്സിറ്റ് ചർച്ചകൾക്കായി വീണ്ടും ബ്രസൽസിലേക്ക് പോയി.ഈ ബ്രെക്സിറ്റ് കരാറിന്റെ പേരിൽ തന്നെ പുറത്താക്കിയാൽ ബ്രെക്സിറ്റ് തന്നെ ഇല്ലാതാവുമെന്ന കടുത്ത മുന്നറിയിപ്പേകാനും തെരേസ മറന്നിട്ടില്ല.എന്നാൽ എന്ത് വിലകൊടുത്തും ഇപ്പോഴത്തെ ബ്രെക്സിറ്റ് കരാർ തടയുമെന്ന് റിബലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. തനിക്കെതിരെ വിമതർ നടത്തുന്ന നീക്കം കടുത്ത് അനിശ്ചിതത്വമാണ് രാജ്യത്തുണ്ടാക്കുന്നതെന്നും അതിൽ നിന്നും പിന്മാറണമെന്നു അവർ വിമത ടോറി എംപിമാരോട് ആവശ്യപ്പെട്ടു.

അടുത്ത ഏഴ് ദിവസങ്ങൾ ബ്രെക്സിറ്റ് പ്ലാനിനെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണെന്നും തെരേസ ഓർമിപ്പിക്കുന്നു. ഇതിലൂടെയായിരിക്കും വരാനിരിക്കുന്ന വർഷങ്ങളിൽ നിലവിലുള്ള ജനങ്ങളുടെ കുട്ടികളുടെയും പേരക്കുട്ടികളുടെയും ഭാവി നിർണയിക്കപ്പെടുകയെന്നും തേരേസ ഓർമിപ്പിക്കുന്നു. തന്നെ പുറത്താക്കാൻ ടോറി പാർട്ടിയിൽ കടുത്ത നീക്കം നടക്കുന്നതിനിടെയാണ് തന്റെ ബ്രെക്സിറ്റ് പാക്കേജിന് പിന്തുണ നേടിയെടുക്കുന്നതിനും പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്നതിനും എംപിമാരുടെ പിന്തുണ നേടുന്നതിന് കടുത്ത രാഷ്ട്രീയ യുദ്ധമാണ് തെരേസ നേരിട്ട് കൊണ്ടിരിക്കുന്നത്.

യൂറോപ്യൻ യൂണിയൻ വിരുദ്ധരായ എംപിമാർ തന്നെ അട്ടിമറിച്ചാൽ അതിനെ തുടർന്ന് റിമെയിനർമാർ ബ്രെക്സിറ്റിനെ തന്നെ അട്ടിമറിക്കുമെന്നും തെരേസ മുന്നറിയിപ്പേകുന്നു. ഈ നിർണായകഘട്ടത്തിൽ നേതൃത്വമാറ്റമുണ്ടായാൽ അത് യൂറോപ്യൻ യൂണിയനുമായുള്ള ബ്രെക്സിറ്റ് വിലപേശൽ പ്രക്രിയകളിൽ കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്നാണ് തെരേസ ഓർമിപ്പിക്കുന്നത്. ഇതിലൂടെ പാർലിമെന്റന്റെ ഘടന മാറാനൊന്നും പോകുന്നില്ലെന്നും തെരേസ പറയുന്നു. ഇതിനെ തുടർന്ന് രാജ്യത്ത് കടുത്ത അനിശ്ചിതത്വമാണുണ്ടാവുകയെന്നും തെരേസ ആവർത്തിക്കുന്നു.

ഇതിനെ തുടർന്ന് ബ്രെക്സിറ്റ് സമയം വൈകാനോ തീർത്തും ഇല്ലാതാവാനോ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പേകുന്നു. എന്നാൽ തെരേസയുടെ പ്ലാൻ അനുസരിച്ച് ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിലും ഭേദം ബ്രെക്സിറ്റേ വേണ്ടെന്ന് വയ്ക്കലാണെന്നാണ് കൺസർവേറ്റീവ് ബ്രെക്സിറ്റർമാരുടെ തലവനും ടോറി എംപിയുമായ സ്റ്റീവ് ബേക്കർ പ്രതികരിച്ചിരിക്കുന്നത്. തെരേസയുടെ പദ്ധതി അനുസരിച്ച് നടപ്പിലാക്കുന്ന ബ്രെക്സിറ്റ് പ്ലാനിൽ പേരിൽ മാത്രമേ ബ്രെക്സിറ്റുള്ളുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഇത് നടപ്പിലാക്കിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ ടോറികൾ തോൽക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. അതിനാൽ ഈ പ്ലാനിനെ ഓരോ ചുവട് വയ്പിലും എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബ്രെക്സിറ്റ് സെക്രട്ടറി ഡൊമിനിക്ക് റാബ്, വർക്ക് ആൻഡ് പെൻഷൻസ് സെക്രട്ടറി എസ്തെർ മാക് വേ എന്നീ മുതിർന്ന മന്ത്രിമാർ തെരേസയുടെ പ്ലാനിൽ പ്രതിഷേധിച്ച ് കാബിനറ്റിൽ നിന്നും രാജി വച്ചത് തെരേസക്ക് ബ്രെക്സിറ്റ് നീക്കത്തിൽ കടുത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.