- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഞായറാഴ്ച്ച വരെ ചർച്ചകൾ നീളും; അതിനുമപ്പുറം തീരുമാനമായില്ലെങ്കിൽ വ്യാപാര കരാറില്ലാത്ത വേർപിരിയൽ; യൂറോപ്യൻ യൂണിയനും ബ്രിട്ടനും പിടിവാശി തുടരുന്നു; ബ്രെക്സിന്റെ നിർണ്ണായക ദിവസങ്ങൾ കടന്നു പോകുമ്പോൾ
ലണ്ടൻ: അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കപ്പെടാതെ തുടരുമ്പോഴും, ചർച്ചകൾ ഞായറാഴ്ച്ച വരെ തുടരുവാൻ ബോറിസ് ജോൺസനും യൂറോപ്യൻ യൂണിയൻ പ്രസിഡണ്ട് ഉറുസ്വേല വോൺ ഡേർ ലെയെനും തീരുമാനിച്ചു. യൂറോപ്യൻ യൂണിയന്റെ ആസ്ഥാനത്ത് നടക്കുന്ന ചർച്ചയിൽ നിലവിലുള്ള സാഹചര്യങ്ങളേയും ഇരു കക്ഷികളുടെയും അവകാശവാദങ്ങളേയും തലനാരിഴ കീഴി വിശകലനം നടത്തിയതായാണ് സൂചന. ബ്രിട്ടനും ഫ്രാൻസിനും ഇടയിലുള്ള മത്സ്യബന്ധനാവകാശം സംബന്ധിച്ച തർക്കമായിരിന്നു ഇതിൽ പ്രധാനമായത്.
എന്നാൽ, ഇതിനൊന്നും പൊതുസമ്മതമായ ഒരു തീരുമാനത്തിലെത്താൻ ഇരുകൂട്ടർക്കും കഴിഞ്ഞില്ല. ചർച്ച പരാജയത്തിലേക്ക് തന്നെ നീങ്ങുകയാണെന്നാണ് സൂചന. എന്നിരുന്നാലും ഇരുവിഭാഗങ്ങളുടെയും പ്രതിനിധികളായ മൈക്കൽ ബാർണിയറിനോടും ലോർഡ് ഫ്രോസ്റ്റിനോടും വീണ്ടും ചർച്ചകൾ നടത്തുവാനും പരസ്പരമുള്ള ആവശ്യങ്ങൾകൂടുതൽ മനസ്സിലാക്കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. വരുന്ന നാല് ദിവസങ്ങൾ കൊണ്ട് ഒരു പരിഹാരമായില്ലെങ്കിൽ, പിന്നെ വ്യാപാരക്കരാർ ഇല്ലാത്ത വേർപിരിയലാകും ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ.
ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരുടെയും പ്രതിനിധികൾക്ക് എന്തെങ്കിലും രാഷ്ട്രീയനിർദ്ദേശം നൽകിയിട്ടുണ്ടോ എന്നത് വ്യക്തമല്ല, എന്നാൽ ഇരു കൂട്ടരോടും ചർച്ചകൾ പുനരാരംഭിക്കാൻ ആവശ്യപ്പെട്ടതായുള്ള വാർത്തകൾക്ക് സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. അതേസമയം ഉറുസ്വല വോൺ ഡേർ ലെയനുമായി ബോറിസ് ജോൺസൺ തുറന്ന ചർച്ചകൾ നടത്തിയെന്നും, രാജ്യത്തിന്റെ താത്പര്യം ബലികഴിച്ചുകൊണ്ടുള്ള ഒരു ഒത്തുതീർപ്പിനുംബ്രിട്ടൻ തുനിയുകയില്ല എന്നും നമ്പർ 10 വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ചർച്ചകൾ പരാജയപ്പെട്ട് വ്യാപാരക്കരാർ ഇല്ലാത്ത ഒരു വിടവാങ്ങലാണ് ഉണ്ടാകുന്നതെങ്കിൽ അടുത്തവർഷം ജി ഡി പിയിൽ രണ്ടു ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റീസ് വെളിപ്പെടുത്തി. അതോടൊപ്പം, ദീർഘകാലം ലോക വ്യാപാര സംഘടനയുടെ നിബന്ധനകൾ അനുസരിച്ച് വ്യാപാരബന്ധത്തിൽ ഏർപ്പെട്ടാൽ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ഒരുപക്ഷെ കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയേക്കാൾ രൂക്ഷമാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലിയും മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, തന്റെ നിലപാടിൽ ഉറച്ചു നിൽക്കുവാനും രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും കാത്തുസൂക്ഷിക്കുവാനും ബോറിസ് ജോൺസനോട് ആവശ്യപ്പെടുകയാണ് ഭരണകക്ഷി എം പിമാർ. അതേസമയം എസ് എൻ പിയുടെ വെസ്റ്റ്മിനിസ്റ്റർ നേതാവ് ഇയാൻ ബ്ലാക്ക്ഫോർഡ് പറഞ്ഞത് ഒരു വ്യാപാരക്കരാർ ഇല്ലാതെ വേർപിരിയുന്നത് നയതന്ത്രമായ ഒരു പരാജയമാണെന്നും അത് ബോറിസ് ജോൺസന്റെ കഴിവുകേടിന് മകുടോദാഹരണമാണെന്നുമാണ്.
മറുനാടന് ഡെസ്ക്