- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്സ്പോർട്ടിൽ ആറുമാസ കാലവധി ഇല്ലെങ്കിൽ കുടുങ്ങും; കാറോടിക്കാനും വളർത്ത് മൃഗങ്ങളെ കൊണ്ടുപോകാനും ചികിത്സയ്ക്കും പുതിയ നിയമങ്ങൾ; ബ്രെക്സിറ്റ് മറന്നു യൂറോപ്പിലേക്ക് പറക്കും മുൻപ് അറിയാൻ
ലണ്ടൻ: വരുന്ന ഒഴിവുകാലം യൂറോപ്യൻ രാജ്യങ്ങളിൽ ആഘോഷിക്കുവാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ ഏറെ ശ്രദ്ധ കൊടുക്കുന്നത് കോവിഡ് നിയന്ത്രണങ്ങളെ കുറിച്ച് അറിയുവാനാണ്. എന്നാൽ, അതുമാത്രം പോരാ ബ്രെക്സിറ്റിനു ശേഷം നിലവിൽ വന്ന പുതിയ യാത്രാ നിയന്ത്രണങ്ങളെ കുറിച്ചും പഠിക്കണമെന്നാണ് ടൂർ ഓപ്പറേറ്റർമാർ നിർദ്ദേശിക്കുന്നത്. ബ്രെക്സിറ്റ് നിലവിൽ വന്നതിനുശേഷം മൂന്നുമാസം കഴിഞ്ഞപ്പോൾ തന്നെ കോവിഡ് മൂലമുള യാത്രാ നിയന്ത്രണങ്ങൾ നിലവിൽ വന്നിരുന്നു. അതിനാൽ തന്നെ ബ്രെക്സിറ്റിനു ശേഷം യൂറോപ്യൻ രാജ്യ്ങ്ങളിലേക്ക് യാത്രചെയ്തവർ കുറവായിരിക്കും.
അതുകൊണ്ടുതന്നെ മിക്കവർക്കും പുതുക്കിയ യാത്രാ നിയമങ്ങളെ കുറിച്ച് അവബോധം ഉണ്ടാകണമെന്നില്ല. രോഗ ചികിത്സ, ഹെൽത്ത് ഇൻഷുറൻസ്, വളർത്തുമൃഗങ്ങളെ കൊണ്ടുപോകൽ, വിദേശങ്ങളിൽ വഹനമോടിക്കൽ തുടങ്ങി മിക്ക കാര്യങ്ങളിലും ബ്രെക്സിറ്റിനു ശേഷം നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് പാസ്സ്പോർട്ടിന്റെ കാലവധിയുമായി ബന്ധപ്പെട്ടതാണ്. ബ്രെക്സിറ്റിനു മുൻപ് പാസ്സ്പോർട്ട് സാധുതയുള്ളതായിരിക്കണം എന്നൊരു നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ പാസ്സ്പോർട്ടിന് നിങ്ങൾ യാത്ര ചെയ്യുന്ന ദിവസം മുതൽ ആറുമാസത്തെ കാലാവധി ഉണ്ടായിരിക്കണം.
അടുത്തയിടെ നടത്തിയ ഒരു സർവ്വേയിൽ തെളിഞ്ഞത് 35 ശതമാനം പേർക്കും ഈ മാറിയ പാസ്സ്പോർട്ട് നിയമത്തെ കുറിച്ച് അറിയില്ല എന്നാണ്. മാത്രമല്ല, സർവേയിൽ പങ്കെടുത്തവരിൽ 29 ശതമാനം പേരുടെയും പാസ്സ്പോർട്ടിന് ആവശ്യമായ ആറുമാസ കാലാവധി ഉണ്ടായിരുന്നില്ല. ഇത്തരത്തിൽ പാസ്സ്പോർട്ടിന്റെ കാലാവധി പുതുക്കുവാൻ ചുരുങ്ങിയത് പത്ത് ആഴ്ച്ചകളെങ്കിലും എടുക്കും. എന്നുമാത്രമല്ല, 75 പൗണ്ട് ചാർജ്ജ് നൽകേണ്ടതായും വരും. അതേസമയം ഫാസ്റ്റ് ട്രാക്ക് സംവിധാനങ്ങൾ ഉപയോഗിച്ച് രണ്ടുദിവസം കൊണ്ട് പാസ്സ്പോർട്ട് പുതുക്കാൻ സാധിക്കുമെങ്കിലും ഇരട്ടിയിലധികം ചാർജ്ജ് നൽകേണ്ടതായി വരും.
അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് യൂറോപ്യൻ ഹെൽത്ത് കാർഡിന്റെ സാധുത. അതിന്റെ കാലാവധി കഴിയുന്നതുവരെ ഉപയോഗിക്കാൻ കഴിയും. കാലാവധി കഴിഞ്ഞാൽ പുതിയ ഗ്ലോബൽ ഹെൽത്ത് ഇൻഷുറൻസ് കാർഡിന് അപേക്ഷിക്കണം. എൻ എച്ച് എസ് വഴി ഇതിനായി അപേക്ഷിക്കാവുന്നതാണ്. ഈ രണ്ടു കാർഡുകളും യൂറോപ്യൻ രാജ്യങ്ങളിൽ താത്ക്കാലികമായി താമസിക്കുമ്പോൾ സൗജന്യ ആരോഗ്യ സേവനം വാഗ്ദാനം നൽകുന്നു. ഏകദേശം 57 ശതമാനം ബ്രിട്ടീഷുകാർക്ക് ഈ പുതിയ നിയമത്തെ കുറിച്ച് അവബോധമില്ലെന്നാണ് സർവ്വേയിൽ തെളിഞ്ഞത്.
അതുപോലെ, യൂറോപ്യൻ രാജ്യങ്ങളിൽ വാഹനം കൊണ്ടുപോകണമെങ്കിൽ ഒന്നുകിൽ ജി ബി എന്ന് ആലേഖനം ചെയ്ത നമ്പർ പ്ലേറ്റ് ആവശ്യമാണ്. ഇത് ഇല്ലെങ്കിൽ ജി ബി എന്ന സ്റ്റിക്കർ വാഹനത്തിൽ പതിക്കണം. അതുപോലെ മൊബൈലിൽ ഫ്രീ റോമിംഗും ലഭിക്കുകയില്ല. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിങ്ങളുടെ ഫോൺ ഉപയോഗിക്കുവാൻ ബ്രിട്ടനിലെ സേവനദാതാവിന് അധിക തുക നൽകേണ്ടതായി വരും. അതുപോലെ പെറ്റ് പാസ്സ്പോർട്ട് ഉപയോഗിച്ച് ഇനിമുതൽ വളർത്തു മൃഗങ്ങളെ യാത്രയിൽ കൂടെ കൂട്ടാനാകില്ല. അതിനായി അനിമൽ ഹെൽത്ത് സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്. വെറ്റിനറി ഡോക്ടറിൽ നിന്നും ഇത് വാങ്ങണം.
മറുനാടന് ഡെസ്ക്