- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യൂറോപ്യൻ യൂണിയൻ ചർച്ച തുടങ്ങും മുൻപ് തല്ലിപ്പിരിഞ്ഞേക്കും; മുൻപ് പറഞ്ഞതെല്ലാം പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തി ബോറിസ്; ബ്രെക്സിറ്റ് പൂർണ്ണമാകുമ്പോൾ ബ്രിട്ടന് സംഭവിക്കുന്നത്
ലണ്ടൻ: ബ്രെക്സിറ്റ് വ്യവസ്ഥകൾ തിരുത്തിയെഴുതാനുള്ള ബോറിസ് ജോണസന്റെ ശ്രമം ബ്രെക്സിറ്റ് ചർച്ചകളെ വഴിമുട്ടിക്കുകയാണ്. യൂറോപ്യൻ യൂണിയനിൽ നിന്നും പിരിയുവാനുൾല കരാറിലെ വ്യവസ്ഥകളെ നിഷ്പ്രഭമാക്കുവാനുള്ള നിയമനിർമ്മാണത്തിന് ഒരുങ്ങുകയാണ് ബ്രിട്ടനിപ്പോൾ. ഇത് നോർത്തേൺ അയർലൻഡ് പ്രോട്ടോകൂളുമായി ബന്ധപ്പെട്ട പല സുപ്രധാന പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും കരുതപ്പെടുന്നു. അതേസമയം, ബ്രെക്സിറ്റ് വ്യവസ്ഥകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂട്ടായ ചർച്ചകളിലൂടെ മാത്രമേ തീരുമാനിക്കാനാകു എന്നകാര്യത്തിൽ യൂറോപ്യൻ യൂണിയനും ഉറച്ചു നിൽക്കുകയാണ്.
ഈയാഴ്ച്ചത്തെ ചർച്ചയെ കാര്യമായി ബാധിക്കുന്ന രീതിയിലാണ് കാര്യങ്ങൾ പോയ്ക്കൊണ്ടിരിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്നും പിൻവാങ്ങുവാനുള്ള കരാർ മാനിക്കുക മാത്രമാണ് ഭാവിയിലെ ബന്ധത്തെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുവാനുള്ള ഏക വഴി എന്ന് യൂണിയൻ വ്യക്തമാക്കികഴിഞ്ഞു. മാത്രമല്ല അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിച്ചുകൊണ്ടുള്ളതാണ് ഈ കരാർ എന്നും അവർ പറയുന്നു.
അഞ്ച് ആഴ്ച്ചക്കുള്ളിൽ കാര്യങ്ങൾ വിചാരിച്ച പോലെ നടന്നില്ലെങ്കിൽ ചർച്ചകളിൽ നിന്നും പിൻവാങ്ങുമെന്ന് നേരത്തേ ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 15 ന് ശേഷം ചർച്ചകൾ തുടരുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ ബ്രിട്ടന്റെ താത്പര്യങ്ങൾ ആർക്കും അടിയറ വയ്ക്കുവാനും സാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ബ്രിട്ടനിൽ നടപ്പാക്കുന്നത് ബ്രിട്ടന്റെ നിയമമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പിൻവാങ്ങുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ പിൻവാങ്ങൽ കരാറിലെ നോർത്തേൺ അയർലൻഡുമായി ബന്ധപ്പെട്ട വിഷയമാണ് ഇപ്പോൾ തലവേദന സൃഷ്ടിക്കുന്ന പ്രധാന പ്രശ്നം. ബ്രിട്ടന്റെ ഭാഗമാണെങ്കിലും ഇതിന് ഒരു കാരണം അയർലൻഡ് ഇപ്പോഴും യൂണിയന്റെ ഭാഗമാണെന്നതാണ്. ഉടമ്പടി പ്രകാരം ബ്രിട്ടന്റെ കസ്റ്റംസ് മേഖലയിലായിരിക്കും നോർത്തേൺ അയർലൻഡ് എങ്കിലും ഇവിടെ എത്തുന്ന ചരക്കുകളുടെ കാര്യത്തിൽ ബാധകമാവുക യൂറോപ്യൻ യൂണിയന്റെ നിയമങ്ങളായിരിക്കും.
ബ്രിട്ടൻ മെയിൻ ലാൻഡിൽ നിന്നും നോർത്തേൺ അയർലൻഡിലേക്ക് പോകുന്ന ചരക്കുകൾക്ക് മീതെ ഇ യു ടാരിഫ് ഉണ്ടാകില്ല. അതേസമയം സഞ്ചാരികൾ വ്യക്തിപരമായി കൊണ്ടുപോകുന്ന സാധനങ്ങൾക്ക് ഈ ടാരിഫ് ബാധകമാകും. അതുപോലെ നോർത്തേൺ അയർലൻഡിലെ ഉപയോഗത്തിനുള്ള മറ്റൊരു വിഭാഗത്തിൽ പെട്ട ചരക്കുകൾക്കും ഇത് ഒഴിവാക്കിയിട്ടുണ്ട്. ഈ വിഭാഗത്തിൽ പെടുന്ന ചരക്കുകളെ കൂടുതൽ കൃത്യമായി നിർവ്വചിക്കണം എന്നാണ് ഒരു ആവശ്യം.
അതുപോലെ നോർത്തേൺ അയർലൻഡിൽ നിന്നും ബ്രിട്ടനിലേക്കുള്ള എല്ലാ കയറ്റുമതികൾക്കും എക്സിറ്റ് സമ്മറി ഡ്ക്ലറേഷൻ വേണമെന്നുള്ളതും തർക്കത്തിന് കാരണമായ വിഷയമാണ്. ഇതിൽ ഇ യു നിയമങ്ങൾ സംരക്ഷിക്കുവാനുള്ള വകുപ്പുള്ളത് ബ്രിട്ടീഷ് വ്യാപാര സ്ഥാപനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായേക്കാം എന്ന് ബ്രിട്ടീഷ് സർക്കാർ കരുതുന്നു.
മറുനാടന് ഡെസ്ക്