മെൽബൺ: അടുത്തകാലത്ത് രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പിനെ തുടർന്ന് ലേബർ മാർക്കറ്റിൽ ചലനമൊന്നും ഉണ്ടായില്ലെങ്കിലും ബ്രെക്‌സിറ്റ് ഇഫക്ട് ഓസ്‌ട്രേലിയൻ ജോബ് മാർക്കറ്റിൽ പ്രതിഫലിച്ചു. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ പുറത്തായതിനെ തുടർന്ന് കഴിഞ്ഞാഴ്ച തൊഴിൽ പരസ്യങ്ങളുടെ തോതിൽ വൻ ഇടിവാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ 12 മാസമായി ജോബ് മാർക്കറ്റിൽ സ്‌കിൽഡ് ജോബിന്റെ കാര്യത്തിൽ അഞ്ചു ശതമാനം വർധനയാണ് ഉണ്ടായിക്കൊണ്ടിരുന്നത്. ജൂണിൽ പോലും 3.2 ശതമാനം വർധന ഇക്കാര്യത്തിലുണ്ടായതായി ഡേറ്റാ എംപ്ലോയ്‌മെന്റ് സ്ഥാപനമായ സീക്ക് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ബ്രെക്‌സിറ്റിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഓസ്‌ട്രേലിയൻ ജോബ് മാർക്കറ്റിൽ വൻ ഇടിവു രേഖപ്പെടുത്തുകയായിരുന്നു.

സൗത്ത് ഓസ്‌ട്രേലിയയിൽ ജോബ് മാർക്കറ്റിൽ 12 ശതമാനം വാർഷിക വളർച്ചയാണ് ഉണ്ടായിരുന്നത്. തൊഴിൽ വിപണിയിൽ വളർച്ച നേരിട്ടതോടെ സർക്കാർ ഇതിനായി 109 മില്യൺ ഡോളർ വകയിരുത്തുകയും ചെയ്തിരുന്നു. ന്യൂ സൗത്ത് വേൽസിലും ഒരു വർഷം തൊഴിൽ വിപണിയിൽ 8.2 ശതമാനം വർധയാണ് ഉണ്ടായത്.

ലേബർ മാർക്കറ്റിലെ ശക്തമായ മുന്നേറ്റത്തിന് തടയിട്ടുകൊണ്ടാണ് ബ്രെക്‌സിറ്റ് ഇഫക്ട് ഉണ്ടായത്. പിന്നീട് കഴിഞ്ഞാഴ്ച പുറത്തുവന്ന റിപ്പോർട്ടുകളിൽ തൊഴിൽ പരസ്യങ്ങളിൽ വൻ ഇടിവു രേഖപ്പെടുത്തുകയായിരുന്നു.