- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് കിടക്കകൾ കരിഞ്ചന്തയിൽ മറിച്ചുവിറ്റ കേസ്: അഴിമതി വർഗ്ഗീയവൽക്കരിച്ച് പുറത്താക്കിയ പതിനൊന്ന് കോവിഡ് വാർ റൂം ജീവനക്കാരെ തിരിച്ചെടുത്തു; ഇവർക്കെതിരെ തെളിവുകൾ ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
ബെംഗളുരു: കോവിഡ് രോഗികൾക്ക് കിടക്ക അനുവദിക്കേണ്ട കിടക്കകൾ കരിഞ്ചന്തയിൽ മറിച്ചുവിറ്റ കേസിൽ അന്വേഷണം തുടരവെ, കോവിഡ് വാർ റൂമിൽ നിന്നും പുറത്താക്കപ്പെട്ട 11 ജീവനക്കാരെ തിരിച്ചെടുത്തു. അഴിമതി വർഗ്ഗീയവൽക്കരിച്ചതിന് പിന്നാലെ ബിജെപി എംപി പുറത്തുപോകാൻ ആവശ്യപ്പെട്ട 16 ജീവനക്കാരിൽ നിന്ന് 11 പേരെയാണ് തിരിച്ചെടുത്തത്.
ബെംഗളുരുവിലെ സൗത്ത് സോണിലെ വാർ റൂമിൽ നിന്ന് ബിജെപി എംപി തേജസ്വി സൂര്യയാണ് മുസ്ലിം നാമധാരികളായ പതിനാറുപേരെ പുറത്താക്കിയത്. ബൃഹത് ബെംഗലുരു മഹാനഗര പാലിക ഓഫീസിലെത്തി എംപി ക്ഷോഭിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതിനിടയിലാണ് 16 മുസ്ലിം ജീവനക്കാരുടെ പേരുകൾ തേജസ്വി സൂര്യ ഉറക്കെ പറഞ്ഞത്.
പിന്നാലെയായിരുന്നു കിടക്കകൾ അനുവദിക്കുന്നതിൽ അഴിമതിയുണ്ടെന്ന ആരോപണം തേജസ്വി സൂര്യ ഉയർത്തുന്നതും. ഇതോടെ തേജസ്വി സൂര്യ പേരുകൾ വിളിച്ച പതിനാറുപേരും ഈ അഴിമതിയിൽ പങ്കുള്ളവരാണെന്ന രീതിയിലായിരുന്നു സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. തേജസ്വി സൂര്യ ആരോപണം ഉന്നയിച്ച പതിനാറുപേരെ ചോദ്യം ചെയ്തെന്നും എന്നാൽ ഇവർക്കെതിരെ തെളിവുകളൊന്നുമില്ലെന്നുമാണ് അഴിമതി ആരോപണം പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.
പുറത്താക്കിയ പതിനാറുപേരിൽ പതിനൊന്ന് പേർ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു ഇവരെ തിരിച്ചെടുത്തതായും ബിബിഎം പി തലവൻ തുളസി മഡിനേനി പറഞ്ഞു. മറ്റുള്ളവർ സസ്പെൻഷൻ പിൻവലിച്ച് ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇദ്ദേഹം വിശദമാക്കി. ഈ പതിനാറുപേരും കോളേജ് വിദ്യാർത്ഥികളാണ്.
ഇവരിൽ ഒരാൾക്ക് മാത്രമായിരുന്നു കിടക്കകൾ അനുവദിക്കുന്ന വിഭാഗത്തിന്റെ ചുമതലയിൽ ഉണ്ടായിരുന്നത്. കോവിഡ് മരണം, ഡിസ്ചാർജ്ജ്, ഹോം ഐസൊലേഷൻ അടക്കമുള്ള വിഭാഗങ്ങളിലാണ് ഇവർ വാർ റൂമിൽ ജോലി ചെയ്യുന്നത്.
അഴിമതി ആരോപണം വർഗ്ഗീയവൽക്കരിക്കപ്പെട്ടതിൽ ബിജെപി എം പി തേജസ്വി സൂര്യ പിന്നീട് ക്ഷമാപണം നടത്തിയിരുന്നു. ജോയിന്റ് കമ്മീഷണർ നൽകിയ ലിസ്റ്റ് വായിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് തേജസ്വി സൂര്യയുടെ വിശദീകരണം. എന്നാൽ ഈ പട്ടിക എംപിക്ക് നൽകിയതിനേ സംബന്ധിച്ച് ബിബിഎംപി ഇതുവരെ പ്രതികരിച്ചിട്ടില്ല.