തിരുവനന്തപുരം. എൽ ഡി എഫ് വന്നു എല്ലാ ശരിയാവുമെന്ന ധാരണയിൽ മന്ത്രി ഓഫീസിലും സർക്കാർ ഓഫീസിലും കയറി ഇറങ്ങുന്നവർക്ക് ഇനിയും പലതും ശരിയാവാൻ ഉണ്ടെന്ന് നേരിട്ടു തന്നെ ബോധ്യപ്പെട്ടു പോകുന്നു. സർക്കാർ മാറിയെങ്കിലും അഴിമതി മാറിയിട്ടില്ല അഴിമതിക്കാർ ഇപ്പോഴും അധികാര കേന്ദ്രത്തിൽ തുടരുന്നുവെന്നതാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ബോധ്യപ്പെടുത്തുന്നത്.

മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി രമേശിനും സഹകരണ വകുപ്പിലെ ജോയിന്റെ രജിസ്റ്റാറും തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് അഡമിനിസ്‌ട്രേറ്ററുമായ ടി ചന്ദ്രനുമാണ് പിണറായിയുടെ നേരിട്ടുള്ള ഇടപെടലിൽ സ്ഥാനം തെറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടു ലഭിച്ച പരാതിയിലാണ് നടപടി ഉണ്ടായത്. രമേശിനെ മന്ത്രിയുടെ ഓഫീസിൽ ,നിന്നും പുറത്താക്കി. ടി ചന്ദ്രനെ സഹകരണവകുപ്പിലെ അപ്രധാന വിഭാഗമായ ഓഡിറ്റിലേക്ക് മാറ്റി നിയമിക്കുകയും ചെയ്തു.

സഹകരണ വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് എന്ന് പറഞ്ഞ് മന്ത്രിയുടെ അസിസ്റ്റന്റ് പി എസ് രമേശും ജോയിന്റ് രജിസ്റ്റാറും ചേർന്ന് കമ്പ്യൂട്ടർ പ്രിന്റർ ഉപഹാരമായി ചോദിച്ചുവെന്നാണ പരാതി. കൂടെ രണ്ട് പ്രഷർകുക്കറും സമ്മാനമായി വേണമെന്ന് ഫോണിൽ നിർദ്ദേശിച്ചു. നെടുമങ്ങാടിന് അടുത്തുള്ള ഒരു ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റിനോടാണ് ഉപഹാരം ചോദിച്ചത്. ഉപഹാരം ജോയിന്റ് രജിസ്റ്റാറുടെ വീട്ടിൽ എത്തിക്കാനാണ് നിർദ്ദേശിച്ചത്. മന്ത്രിയുട ഓഫീസിലേക്കുള്ളത് എന്തിന് രജിസ്റ്റാറുടെ വീട്ടിൽ എത്തിക്കണം എന്ന ബാങ്ക് പ്രസിഡന്റിന്റെ ചോദ്യം ജോയിന്റ് രജിസ്റ്റാർക്ക് ഇഷ്ടപ്പെട്ടില്ലന്ന് മാത്രമല്ല പറയുന്നത് അനുസരിക്കാനായിരുന്നു നിർദ്ദേശം.

ഉപഹാരം കിട്ടാത്തതിനാൽ പിന്നീട് ജോയിന്റ് രജിസ്റ്റാർ ടി ചന്ദ്രൻ ബാങ്ക് പ്രസിഡന്റിനെ ഫോണിൽ വിളിച്ചു. സംസാരത്തിന് ഭീക്ഷണിയുടെ സ്വരമുണ്ടായിരുന്നു. ബാങ്കിന്റെ രജിസ്ട്രഷൻ തന്നെ ഇല്ലാതാക്കുമെന്നും പറഞ്ഞു. സർവ്വീസ് സംഘടനാ രംഗത്ത് നേതൃസ്ഥാനം വഹിച്ചിട്ടുള്ള ബാങ്ക് പ്രസിഡന്റ് ഇക്കാര്യം സൂചിപ്പിച്ച് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പരാതി നൽകി. ഇതിനിടെ ഫാർമേഴ്‌സ് ബാങ്കിന് നേരെ പ്രതികാര നടപടിയും തുടങ്ങി. ഇതോടയാണ് ബാങ്ക് പ്രസിഡന്റും ഭരണ സമിതി അംഗങ്ങളും നേരിട്ടു മുഖ്യമന്ത്രിയെ കണ്ടത്.

പരാതി വായിച്ച മുഖ്യമന്ത്രി രഹസ്യ അന്വേഷണത്തിന് തന്റെ ഓഫീസിലെ തന്നെ ഒരു വിശ്വസ്തനെ എൽപ്പിച്ചു. രണ്ടു ദിവസത്തിനകം പരാതി പരിശോധിച്ച് മുഖ്യമന്ത്രിക്ക് മുന്നിൽ റിപ്പോർട്ടു എത്തി. ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് ഇരുവരെയും പുറത്താക്കിയത്. സഹകരണ വകുപ്പിൽ ജോയിന്റ് രജിസ്റ്റാറായി വിരമിച്ച രമേശിന് സഹകരണ മേഖലയിൽ ഉള്ള പരിഞ്ജാനം പ്രയോജനപ്പെടുത്താൻ കണ്ണൂരിലെ പാർട്ടി പ്രത്യേക താൽപര്യം എടുത്താണ് ഇദ്ദേഹത്തെ മന്ത്രി കടകം പള്ളിയുടെ ഓഫീസിൽ നിയമിച്ചത്. രമേശിന്റെ സുഹൃത്തും തിരുവനന്തപുരം ജില്ലക്കാരനുമാണ് ടി ചന്ദ്രൻ.

ജോയിന്റ് രജിസ്റ്റാർ റാങ്കിലുള്ള ചന്ദ്രനെ നിർണായക തസ്തികയിൽ എത്തിച്ചതും രമേശനാണ്. ഈയിടെ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് പിരിച്ചു വിട്ടപ്പോൾ അഡ്‌മിനിസ്‌ട്രേറ്റർ ചുമതലയും നൽകി. ഇരുവർക്കും എതിരെ നേരത്തയും പരാതികൾ ഉണ്ടായിട്ടുണ്ടെന്നാണ് സഹകാരികൾ പറയുന്നത്. ജോയിന്റ് രജിസ്റ്റാർ ടി ചന്ദ്രനെതിരെ സൊസൈറ്റി രജിസ്റ്ററേഷന് കൈക്കൂലി ആവിശ്യപ്പെട്ടുവെന്ന ആക്ഷേപവും നിൽക്കുന്നുണ്ട്. ഇത് സംബന്ധിച്ചും മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറിക്കും മുന്നിൽ പരാതി ഉണ്ട്.

കൂടാതെ പാർട്ടിയിലെ ഒരു മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രനെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. അതേ സമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വ്യാജമാണന്നും പരാതി കള്ളമാണന്നും ജോയിന്റ് രജിസ്റ്റാർ ടി ചന്ദ്രൻ പ്രതികരിക്കുന്നത്.