കോട്ടയം: കൈക്കൂലി വീരന്മാർ ജാഗ്രതൈ. ഇല്ലെങ്കിൽ കാത്തിരിക്കുന്നത് മാവേലിക്കരയിലെ ജയ്‌നാഥിന്റെ അനുഭവം. ഏഴുവർഷം മുമ്പ് 300 രൂപ കൈക്കൂലി വാങ്ങിയപ്പോൾ കൈയോടെ പിടികൂടിയ ജയ്‌നാഥിന് തടവും പിഴയും കോടതി ശിക്ഷവിധിച്ചു. കൂടെ ജോലിയുടെ കാര്യത്തിലും ഒരു തീരുമാനമായി.

മുന്നൂറു രൂപ കൈക്കൂലി വാങ്ങിയ യുഡി ക്ലാർക്ക് ജയ്‌നാഥിനാണ് ഒന്നരവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. മാന്നാർ സബ് രജിസ്റ്റ്രാർ ഓഫിസിലെ യുഡി ക്ലാർക്ക് മാവേലിക്കര വെട്ടിയാർ ശ്രീമാധവം വീട്ടിൽ ജയ്‌നാഥിനെയാണു വിജിലൻസ് എൻക്വയറി കമ്മിഷൻ ആൻഡ് സ്‌പെഷൽ ജഡ്ജ് വി.ദിലീപ് ശിക്ഷിച്ചത്.

2010 മാർച്ച് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മാന്നാർ സബ് രജിസ്റ്റ്രാർ ഓഫിസിൽ ജോലി ചെയ്തിരുന്നതിനിടെ ജയ്‌നാഥ്, മാവേലിക്കര സ്വദേശിയായ നിധിൻ ഗോപിയിൽ നിന്നു കൈക്കൂലി വാങ്ങിയെന്നാണു കേസ്. രണ്ടു വകുപ്പുകളിലായി ഒന്നരവർഷം തടവും പതിനായിരം രൂപ വീതം പിഴയുമാണു ശിക്ഷ.

ശിക്ഷ ഒന്നിച്ച് ഒരുവർഷം അനുഭവിച്ചാൽ മതിയാവും. പിഴ അടച്ചില്ലെങ്കിൽ എട്ടുമാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. വിജിലൻസ് നിർദേശപ്രകാരം നിധിൻ ഇയാൾക്കു പണം നൽകിയപ്പോൾ, പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു. വാദിഭാഗത്തിനു വേണ്ടി അഡീഷണൽ ലീഗൽ അഡ്വൈസർ അഡ്വ.രാജ്‌മോഹൻ ആർ.പിള്ള ഹാജരായി.