- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാണമില്ലേ മിസ്റ്റർ മാണി ഇങ്ങനെ കടിച്ചു തൂങ്ങാൻ? അഞ്ച് മാസം അധികാരം ഇല്ലെങ്കിൽ ഇടിഞ്ഞു വീഴുന്ന സാമ്രാജ്യം ആണോ താങ്കളുടേത്? മകനോടെങ്കിലും സ്‌നേഹം ഉണ്ടെങ്കിൽ പാലായിൽ തോൽപ്പിച്ച് കേരള കോൺഗ്രസിനെ പി സി ജോർജ് വിഴുങ്ങും മുമ്പ് ഒഴിഞ്ഞു പോകൂ...
കെ എം മാണിയേക്കാൾ ഏറെ ബാർകോഴ കൈപ്പറ്റിയവർ മന്ത്രിസഭയിൽ ഉണ്ടായിട്ടും മാണിക്കെതിരെ മാത്രം ആരോപണങ്ങൾ ഉയരുന്നതിലെ രാഷ്ട്രീയം ശരിയല്ല എന്ന നിലപാട് എടുത്ത ഒരു മാദ്ധ്യമം ആണ് മറുനാടൻ മലയാളി. മാണി പുണ്യാളൻ ആണ് എന്ന് ഒരിക്കലും അംഗീകരിക്കാതെ തന്നെയായിരുന്നു തുല്യർക്കിടയിലെ ഈ അസമത്വം ഞങ്ങൾ ചൂണ്ടിക്കാട്ടിയത്. നിയമപരമായി ഈ കേസിന് നിലനിൽപ്
കെ എം മാണിയേക്കാൾ ഏറെ ബാർകോഴ കൈപ്പറ്റിയവർ മന്ത്രിസഭയിൽ ഉണ്ടായിട്ടും മാണിക്കെതിരെ മാത്രം ആരോപണങ്ങൾ ഉയരുന്നതിലെ രാഷ്ട്രീയം ശരിയല്ല എന്ന നിലപാട് എടുത്ത ഒരു മാദ്ധ്യമം ആണ് മറുനാടൻ മലയാളി. മാണി പുണ്യാളൻ ആണ് എന്ന് ഒരിക്കലും അംഗീകരിക്കാതെ തന്നെയായിരുന്നു തുല്യർക്കിടയിലെ ഈ അസമത്വം ഞങ്ങൾ ചൂണ്ടിക്കാട്ടിയത്. നിയമപരമായി ഈ കേസിന് നിലനിൽപ്പില്ല എന്നതായിരുന്നു ഈ വിഷയത്തിൽ ഇതുവരെയുള്ള ഞങ്ങളുടെ നിലപാട്. എന്നാൽ ഈ വിഷയം സമഗ്രമായി പഠിച്ച് വിജിലൻസ് കോടതി മാണി പണം വാങ്ങിയിട്ടുണ്ട് എന്നും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും മാണിക്കെതിരെ അന്വേഷിക്കാൻ വിജിലൻസ് ഒത്തുകളിച്ചെന്നും പറയുകയും കേസ് എടുത്ത് അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തതോടെ സ്ഥിതിമാറിയിരിക്കുകയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവൽക്കാരായ കോടതിയുടെ ഇടപെടലിനെ ഒരു കാരണവശാലും ചെറുതായി കാണാൻ കഴിയില്ല. എഴുതി വച്ചിരിക്കുന്ന നിയമങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ച് ഒരു ജഡ്ജിക്കും അഭിപ്രായം പ്രകടനം നടത്താൻ കഴിയില്ല. അതുകൊണ്ട് തന്നെ മാണിക്കെതിരെയുള്ള കോടതി പരാമർശം അർഹിക്കുന്ന ഗൗരവത്തോടെ കാണുകയും അതിനുള്ള പ്രതിവിധി കണ്ടെത്തുകയുമാണ് സർക്കാരിന്റെയും മാണിയുടെയും ബാധ്യത.
ഈ വിഷയത്തിൽ ഇവിടെ ഒരു പ്രതിവിധി മാത്രമേ ഉള്ളൂ. അത് മാണിയുടെ രാജി മാത്രമാണ്. ഇതുവരെ മാണിക്കെതിരെ ഉണ്ടായത് വെറും ആരോപണം മാത്രം ആയിരുന്നു. പൊതു പ്രവർത്തകർക്കെതിരെ ഇത്തരത്തിൽ ധാരാളം ആരോപണങ്ങൾ പതിവായതുകൊണ്ട് ആരോപണങ്ങൾ കേട്ട ഉടൻ രാജി വെയ്ക്കണം എന്ന് പറയുന്നതിൽ ഒരു അയുക്തി ഉണ്ടായിരുന്നു. ആരോപണങ്ങളുടെ ശക്തി കൂടുകയും തെരുവു യുദ്ധമായി മാറുകയും ചെയ്ത സാഹചര്യത്തിൽ രാജി വെയ്ക്കുക എന്ന ധാർമ്മികത മാണിക്ക് ബാധകം ആയിരുന്നെങ്കിലും അതിന് നിയമപരമായ പിൻബലം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ രാജിയല്ലാതെ മറ്റൊരു കാര്യം മാണി ആലോചിക്കുന്നത് തന്നെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. അൽപ്പം എങ്കിലും മാന്യത മാണിക്ക് അവശേഷിച്ചിരുന്നെങ്കിൽ ഇന്നലെ കോടതി വിധി വന്നപ്പോൾ തന്നെ അത് ചെയ്യേണ്ടതായിരുന്നു. ഒരിക്കലും അങ്ങനെ ചെയ്യാതിരിക്കുന്നതിലും നല്ലത് ഇപ്പോൾ എങ്കിലും രാജി വെയ്ക്കുന്നതാണ്. മാണിയോട് അത് പറഞ്ഞ് ബോധ്യപ്പെടുത്താൻ ആർക്കും കഴിയുന്നില്ല എന്നത് ഖേദകരമായ അവസ്ഥയാണ്.
ഇപ്പോൾ രാജി വെയ്ക്കാൻ മാണി മടിച്ചാലും ഈ വിഷയത്തിന്റെ പേരിൽ മാണിക്ക് രാജി വെയ്‌ക്കേണ്ടി വരുമെന്ന് മറക്കരുത്. അത്രമേൽ അടുത്താണ് തെരഞ്ഞെടുപ്പ് എന്നതാണ് അതിന്റെ കാരണം. തെരഞ്ഞെടുപ്പിൽ കാര്യമായ വിഷയങ്ങൾ ഇല്ലാതെ വലയുന്ന പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം മാണിയുടെ കോഴ വീണു കിട്ടിയ അവസരമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആരവം തുടങ്ങും എന്നതുകൊണ്ട് തന്നെ മന്ത്രിയെ വഴി നടക്കാതിരിക്കാനും പൊതു പരിപാടികളിലും പങ്കെടുപ്പിക്കാതിരിക്കാനും ഒക്കെയാവും പ്രതിപക്ഷം ശ്രമിക്കുക. ഈ ആവശ്യത്തിന് ജനങ്ങളുടെ അംഗീകാരം കൂടി ഉള്ളതിനാൽ അങ്ങനെ ഉണ്ടാകുന്ന ഓരോ പ്രക്ഷോഭങ്ങളും മാണിക്കും യുഡിഎഫിനും ഉണ്ടാക്കുന്ന ക്ഷീണം ചെറുതായിരിക്കില്ല. അണികൾക്കിടയിൽ അങ്കലാപ്പ് വ്യക്തമായാൽ ഒരു ഉമ്മൻ ചാണ്ടി മാത്രം വിചാരിച്ചാൽ മാണിയെ രക്ഷിക്കാനും സാധിക്കില്ല. വി എം സുധീരനും രമേശ് ചെന്നിത്തലയും അത്തരം ഒരു സാഹചര്യത്തിൽ എടുക്കുന്ന നിലപാട് ഊഹിക്കാനുള്ള പ്രായോഗിക ബുദ്ധി മാണിക്കില്ലാതിരിക്കില്ല എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.
കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ ചില സംയമനങ്ങൾ ഒക്കെ നടത്തുന്നുണ്ടെങ്കിലും നേതാവ് എന്ന നിലയിൽ സുധീരന്റെ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടുകൾ അറിയാത്ത വ്യക്തിയാണോ മാണി. ബാർ കോഴ വിവാദത്തിന്റെ തുടക്കം പോലും സുധീരന്റെ വിട്ടുവീഴ്‌ച്ചയില്ലാത്ത ഈ നിലപാടാണ് എന്നു ആർക്കാണ് അറിയാത്തത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് തോറ്റുപോകും മുമ്പ് മാണിയുടെ രാജി വിഷയം ഒരു ജനകീയ പ്രക്ഷോഭമായി മാറിയാൽ സുധീരൻ എടുക്കുന്ന നിലപാട് ഊഹിക്കാൻ മാണിക്ക് കഴിയും. മാണിയെ തല്ലാൻ കിട്ടുന്ന ഏതവസരവും ചെന്നിത്തല പ്രയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രിയെ അറിയാവുന്നവർക്കെല്ലാം അറിയാവുന്ന കാര്യമാണ്. മുഖ്യമന്ത്രിയാവുക എന്ന ചിരകാല സ്വപ്‌നത്തിന് ഏറ്റവും വലിയ തടസം മാണിയും കുഞ്ഞാലിക്കുട്ടിയും ആണ് എന്നറിയാവുന്ന ചെന്നിത്തല മാണിയെ വെട്ടി വീഴ്‌ത്താൻ അവസരം ലഭിച്ചാൽ അത് ഉപയോഗിക്കുക തന്നെ ചെയ്യും. ബാർ കോഴ സമയത്ത് ചെന്നിത്തല എടുത്ത സംശയാസ്പദമായ നിലപാടിനെ കുറിച്ച് മാണി തന്നെ പരാതിപ്പെട്ടിട്ടുണ്ടല്ലോ.
[BLURB#1-VL]ഒരു വെടിക്ക് രണ്ട് പക്ഷി എന്ന ലക്ഷ്യത്തോടെ ജേക്കബ് തോമസിനെ പോലെ പ്രഗത്ഭനായ ഒരു അന്വേഷണ ഉദ്യോഗസ്ഥനെ വിൻസന്റ് പോളിന് പകരം വിജിലൻസ് ഡയറക്ടറായി ചെന്നിത്തല നിയമിച്ചാൽ ഒരേ സമയം മാണിയുടെ പെട്ടി മടക്കുകയും ചെയ്യാം തന്റെ ഇമേജ് ഉയർത്തുകയും ചെയ്യാം എന്ന് ചെന്നിത്തലയോട് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടത് ഉണ്ടോ ? കേരള കോൺഗ്രസ് ശിഥിലീകരിക്കപ്പെടുന്നത് വഴി ഒറ്റ വോട്ടും
പോലും എൽഡിഎഫിലേയ്ക്ക് പോകില്ലെന്നും അതെല്ലാം കോൺഗ്രസിന് തന്നെ ലഭിക്കുമെന്നും വ്യക്തമായിരിക്കവേ മാണിക്ക് ശേഷം കേരള കോൺഗ്രസ് ഇല്ലാതാക്കാനുള്ള കോട്ടയത്തെ കോൺഗ്രസുകാരുടെ ചിരകാല സ്വപ്‌നത്തിനുള്ള ഒന്നാന്തരം വലയായിരിക്കും ഇനി കോൺഗ്രസുകാർക്ക് ബാർ കോഴ വിഷയം. കോട്ടയത്തെ ഭൂരിപക്ഷം സീറ്റുകളും അടക്കി വാഴുന്ന മാണിയുടെ പാർട്ടിയെ എങ്ങനെയൊക്കെ ഉപദ്രവിക്കാമോ അങ്ങനെയൊക്കെ ഉപദ്രവിക്കാൻ കാത്തിരിക്കുന്ന കോൺഗ്രസ് പ്രവർത്തകർ എന്ത് റിസ്‌ക് എടുത്തും അത് നടപ്പിലാക്കും. മറ്റൊരു ഭാഗ്യപരീക്ഷണത്തിന് നോക്കി നിൽക്കാതെ മാണി രാജി വെയ്ക്കുക മാത്രമാണ് ഇപ്പോൾ ചെയ്യാവുന്ന ഏക നല്ല കാര്യം.
കേവലം അഞ്ചോ ആറോ മാസം അധികാരം ഇല്ലെങ്കിൽ ഭൂമി ഇടിഞ്ഞു വീഴുമെന്നാണ് മാണി കരുതുന്നതെങ്കിലും അത് പ്രായാധിക്യം കൊണ്ട് സംഭവിക്കുന്ന പ്രശ്‌നമായി കരുതേണ്ടി വരും. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കേരള കോൺഗ്രസിനെ സജീവമാക്കാനും മറ്റും മാണി മന്ത്രിയാകാതെ കഴിയുന്നതാണ് ഉചിതം. മാണിക്ക് പകരം പാർട്ടിയിലെ തലമുതിർന്ന നേതാവായ സി എഫ് തോമസിനെ മന്ത്രിയാക്കിയാൽ പേടിക്കാതെ തന്നെ മാണിക്ക് രാഷ്ട്രീയ നീക്കങ്ങൾ തുടരാം. എന്നിട്ട് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാൽ ആരോപണങ്ങളുടെ മുനയൊടിയുകയും ചെയ്യും. അതേസമയം ഇപ്പോഴത്തെ അവസ്ഥയിൽ അധികാരത്തിൽ കടിച്ചു തൂങ്ങി കിടക്കുകയും അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങുകയും ചെയ്താൽ മാണി വിജയിക്കും എന്ന കാര്യം പോലും ഉറപ്പില്ല. പാലാ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും സ്വാധീനമുള്ള പി സി ജോർജ് മാണിക്കെതിരെ രംഗത്തിറങ്ങുകയും ജനവികാരം മുതലാക്കി വിജയിക്കുകയും ചെയ്യാൻ ഒരു സാഹചര്യം വന്നു കൂടായ്കയുണ്ടോ? ഇതൊന്നും തിരിച്ചറിയാൻ മാണിക്ക് കഴിയുന്നില്ലെങ്കിൽ മാണിയുടെ അടുപ്പക്കാർക്കെങ്കിലും കഴിയേണ്ടതല്ലേ.
പാലായിൽ പി സി ജോർജ് മാണിയെ തോൽപ്പിച്ചാൽ കേരള കോൺഗ്രസിലെ എംഎൽഎമാരും നേതാക്കളും കൂട്ടത്തോടെ ജോർജിനൊപ്പം ചാടുന്നതായിരിക്കും നമ്മൾ കാണുക. ജോർജ് പുറത്തായപ്പോൾ ആരും ഒപ്പം പോവാകിരുന്നത് അധികാര സംവിധാനത്തിന്റെ ഭാഗമായാണ്. എന്നാൽ മാണിയെ തോൽപ്പിക്കുന്ന ജോർജിനെ നേതാവാക്കാൻ ഇപ്പോൾ കേരള കോൺഗ്രസിലുള്ള ഒരു നേതാവും മടിക്കുകയില്ല.[BLURB#2-VL]
മൂന്നോ നാലോ എംഎൽഎ മാരെ കിട്ടിയാൽ ജീവിതകാലം മുഴുവൻ മന്ത്രി ആയിരിക്കാം എന്നറിയാവുന്ന ജോർജ് ആ അവസരം നല്ലവണ്ണം വിനിയോഗിക്കാതിരിക്കില്ല. ഇതോടെ കെ എം മാണി എന്ന രാഷ്ട്രീയ ഭീഷ്മാചാര്യന്റെ മുക്കാൽ പതിറ്റാണ്ടോളം നീണ്ട തേരോട്ടത്തിന് അന്ത്യം കുറിക്കും. മകനെ പിൻഗാമിയാക്കുന്നതടക്കമുള്ള മോഹങ്ങൾ ഇതോടെ അവസാനിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ സ്വന്തം മകനോടെങ്കിലും സ്‌നേഹം ഉണ്ടെങ്കിൽ കെ എം മാണിക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം ഉടനടി രാജി വെയ്ക്കുകയാണ്. രാജി വെയ്ക്കാൻ മാണി എത്ര വൈകുന്നുവോ അത്രത്തോളം മാണിയുടെയും കേരള കോൺഗ്രസിന്റെയും ഭാവി ഇരുളടയുകയാണ്.
ധാർമികതയുടെ പേരിൽ മാണി രാജി വെയ്ക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ പണ്ടേ രാജിവച്ച് അന്വേഷണത്തെ നേരിടുമായിരുന്നു. അതുകൊണ്ടാണ് മകനോടും പാർട്ടിയോടും പ്രവർത്തകരോടുമുള്ള സ്‌നേഹം കൊണ്ടെങ്കിലും രാജി വെയ്ക്കണം എന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നത്. ഇപ്പോൾ സുരക്ഷിതമായി മാണി കഴിയുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നു പി ജെ ജോസഫ് കാണിക്കുന്ന നിസ്സംഗതയാണ്. കേരള മന്ത്രിസഭയിലെ ഏറ്റവും സുഖിമാനായ മന്ത്രിയാണ് ജോസഫ്. പാർട്ടിയെകൊണ്ടുപോയി മാണിയുടെ കൂടാരത്തിൽ കെട്ടിയ ശേഷം ജോസഫ് അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.
സമയാസമയങ്ങളിൽ ഉറങ്ങുക, ഭക്ഷണം കഴിക്കുക, അത്യാവശ്യം പൊതു പരിപാടികളിൽ പങ്കെടുക്കുക എന്നതല്ലാതെ യാതൊരു ഉത്തരവാദിത്തവും ജോസഫ് ഏറ്റെടുക്കുന്നില്ല. നിയമസഭാ സമ്മേളനങ്ങളിൽ പോലും ജോസഫ് എത്തിച്ചേരുന്നത് വല്ല മറുപടിയും പറയേണ്ടതുണ്ടെങ്കിൽ ആണ്. ആളും ആരവവും ഇല്ലാതെ ഒറ്റയ്ക്കിരുന്ന് ഉറങ്ങാൻ ഒരു മന്ത്രി കേരളത്തിൽ ഉണ്ടെങ്കിൽ അത് ജോസഫ് മാത്രമാണ്. ജോസഫിന്റെ ഈ അലസമായ സുഖജീവിതത്തിനെതിരെ അണികൾ ഉണർന്നാൽ ജോസഫിന് മൗനം കൈവിടേണ്ടി വരുമെന്നും അത് മാണിയെ കൂടുതൽ കുഴപ്പത്തിൽ ചാടിക്കുമെന്നുമാണ് ഇടുക്കിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.[BLURB#3-H]
അതുകൊണ്ട് വീണ്ടും ആവർത്തിക്കട്ടെ. ഒട്ടും വൈകാതെ രാജി വെയ്ക്കുക മാത്രമാണ് മാണിയുടെ മുമ്പിലുള്ള ഏക വഴി. മാണിയുടെയും കേരള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും രക്ഷയ്ക്ക് മാത്രമല്ല രാഷ്ട്രീയ ധാർമ്മികതയ്ക്കും ജനാധിപത്യത്തിന്റെ സംസ്‌കാരത്തിനും ആവശ്യമാണ്. മാണിക്ക് അത് മനസിലാവില്ലെങ്കിൽ മകനോ മറ്റു മനസാക്ഷി സൂക്ഷിപ്പുകാരോ പറഞ്ഞു കൊടുക്കുക.