- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിസ്ഥാനെ ഭീകരതയുടെ താവളമാക്കരുത്; അക്രമത്തിൽ നിന്ന് വിട്ടുനിൽക്കണം; സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ബ്രിക്സ് ഉച്ചകോടി; അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പിന്മാറ്റം മേഖലയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചെന്ന വിമർശനവുമായി റഷ്യൻ പ്രസിഡന്റ് പുടിൻ; ഭീകരത നേരിടാൻ സാങ്കേതിക മേഖലയിൽ അടക്കം സഹകരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങൾക്ക് സമാധാനപരമായ പരിഹാരം ഉണ്ടാക്കണമെന്ന് ബ്രിക്സ് ഉച്ചകോടി. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ച ഉച്ചകോടിയിലാണ് പ്രഖ്യാപനം. ക്രമസമാധാനവും, ആഭ്യന്തര സമാധാനവും, സ്ഥിരതയും പുനഃസ്ഥാപിക്കുന്നത് ഉറപ്പാക്കാൻ സമഗ്രമായ അഫ്ഗാൻ ആഭ്യന്തര സംവാദം നടക്കണം. അഫ്ഗാനിസ്ഥാൻ ആയിരുന്നു ഉച്ചകോടിയുടെ മുഖ്യ ഫോകസ്.
സ്ത്രീകളുടെയും, കുട്ടികളുടെയും, ന്യൂനപക്ഷങ്ങളുടെയും അടക്കം മനുഷ്യാവകാശങ്ങൾ ഉയർത്തി പിടിക്കണമെന്നും ന്യൂഡൽഹി പ്രഖ്യാപനത്തിൽ പറയുന്നു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന. ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങളാണ് ബ്രിക്സിലെ അംഗങ്ങൾ. അഫ്ഗാനിസ്ഥാൻ മറ്റു രാജ്യങ്ങൾക്കെതിരായ ഭീകരതയുടെ താവളമാകരുതെന്ന് ് ഉച്ചകോടി ആവശ്യപ്പെട്ടു. അഫ്ഗാനിലെ ഐഎസ് സാന്നിധ്യത്തിലും ലഹരിക്കടത്തിലും ബ്രിക്സ് ഉച്ചകോടി ആശങ്ക രേഖപ്പെടുത്തി. 13മത് ഉച്ചകോടിയിലാണ് അഫ്ഗാൻ വിഷയമടക്കം ചർച്ചയ്ക്ക് വന്നത്.
ഭീകരത നേരിടാൻ സാങ്കേതിക മേഖലയിൽ അടക്കം സഹകരണം വേണമെന്നും കോവിഡ് പ്രതിസന്ധിയെ ഒന്നിച്ച് അതിജീവിക്കണമെന്നും ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുമെന്ന ഡൽഹി പ്രഖ്യാപനം ബ്രിക്സ് ഉച്ചകോടി അംഗീകരിച്ചു.
അതിർത്തി കടന്നുള്ള ഭീകരവാദവും, ഭീകര പ്രവർത്തനത്തിനു ധനസഹായം നൽകുന്ന ശൃംഖലകളും സുരക്ഷിത താവളങ്ങളും ഉൾപ്പെടെ ഉള്ളവയ്ക്ക് എതിരെ പോരാടാൻ അഫ്ഗാൻ പ്രതിജ്ഞാബദ്ധമാണ്. അഫ്ഗാനിസ്ഥാൻ അക്രമത്തിൽനിന്നു വിട്ടുനിൽക്കണമെന്നും സമാധാനപരമായ മാർഗങ്ങളിലൂടെ സാഹചര്യം പരിഹരിക്കണമെന്നും ബ്രിക്സ് നേതാക്കൾ ആവശ്യപ്പെട്ടു.
അഫ്ഗാനിൽ സമാധാനപരമായി സർക്കാർ രൂപീകരണം നടക്കണമെന്ന് ബ്രിക്സ് നേതാക്കൾ ആവശ്യപ്പെട്ടു. അഫ്ഗാനിൽ നിന്നുള്ള അമേരിക്കൻ സേനയുടെ പിന്മാറ്റം പുതിയ പ്രതിസന്ധിയുണ്ടാക്കിയെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ പറഞ്ഞു. അഫ്ഗാനിലെ അസ്ഥിരത അയൽ രാജ്യങ്ങൾക്ക് സൃഷ്ടിച്ചേക്കാവുന്ന ഭീഷണികളും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പിന്മാറ്റം ഈ ഘട്ടത്തിലാണ് പുടിൻ എടുത്തുപറഞ്ഞത്. യുഎൻ അടക്കം രാജ്യാന്തര സംഘടനകളിൽ പരിഷ്ക്കരണം വേണമെന്ന ഇന്ത്യയുടെ നിലപാടിനെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പിന്തുണച്ചു.
നോർവീജിയൻ ഏംബസി താലിബാൻ പിടിച്ചെടുത്തു
അഫ്ഗാനിസ്ഥാനിലെ നോർവീജിയൻ എംബസി താലിബാൻ പിടിച്ചെടുത്തു. എംബസിയിലെ പുസ്തക ശേഖരങ്ങളും വൈൻ ബോട്ടിലുകളും താലിബാൻ നശിപ്പിച്ചു.
ഇറാനിലെ നോർവീജിയൻ അംബാസഡർ സിഗ്വാൽഡ് ഹേഗാണ് ഇക്കാര്യം അറിയിച്ചത്. എംബസികൾ അടക്കമുള്ള നയതന്ത്ര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ കൈകടത്തില്ലെന്നാണ് താലിബാൻ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ നിലപാടുകൾക്ക് വിരുദ്ധമായാണ് താലിബാന്റെ നടപടി.
മറുനാടന് മലയാളി ബ്യൂറോ