ഉന്നാവോ: വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെ വരന്റെ വിഗ്ഗ് താഴെ വീണതോടെ വിവാഹം മുടങ്ങി. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് സംഭവം. ചടങ്ങിനിടെ വരൻ തലകറങ്ങി വീണപ്പോൾ വിഗ്ഗും താഴെപ്പോവുകയായിരുന്നു. വരന് കഷണ്ടിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വധു വിവാഹത്തിൽനിന്ന് പിന്മാറി. കഷണ്ടിയുള്ള കാര്യം വധുവിനോടും വീട്ടുകാരോടും വരൻ മറച്ചുവെച്ചതിൽ അതൃപ്തി തുറന്നു പറഞ്ഞാണ് വിവാഹത്തിൽ നിന്നും പിന്മാറിയത്.

വിവാഹച്ചടങ്ങുകൾ പകുതിയും കഴിഞ്ഞിരുന്നു. പ്രധാനപ്പെട്ട ഒരു ചടങ്ങ് രാവിലെ നേരത്തെ നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ചടങ്ങുകൾ നടക്കുന്ന മണ്ഡപത്തിന് സമീപത്തായി വരൻ തലകറങ്ങി വീഴുകയായിരുന്നു. വീണയുടൻ തലയിൽ ഉണ്ടായിരുന്ന വിഗ്ഗ് ഇളകിമാറി.

ഇതോടെ വധുവും ഇവരുടെ വീട്ടുകാരുമെല്ലാം വരൻ കഷണ്ടിയാണെന്ന കാര്യം മനസിലാക്കി. വിവാഹത്തിന് മുമ്പ് ഇക്കാര്യം ഇവരെ അറിയിച്ചിരുന്നില്ല. അതുതന്നെയാണ് വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള കാരണമായി വധുവിന്റെ വീട്ടുകാർ പറയുന്നതും. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ( ഇന്തോ-ഏഷ്യൻ ന്യൂസ് സർവീസ്) ആണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

'ഇത് ഞങ്ങളോട് നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ അവളെ തയ്യാറെടുപ്പിക്കുമായിരുന്നു. ഇതിപ്പോൾ അവൾക്ക് വലിയ ആഘാതമായി. ഒരു വിവാഹബന്ധം നുണയോടെ തന്നെ തുടങ്ങാൻ ആരെങ്കിലും താൽപര്യപ്പെടുമോ'- വധുവിന്റെ അമ്മാവനെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് പറയുന്നു.

വരൻ കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെ വധു ആദ്യം വിവാഹത്തിൽ നിന്ന് പിന്മാറി. ബന്ധുക്കൾ അടക്കം പലരും പറഞ്ഞുനോക്കിയിട്ടും ഇവർ തീരുമാനത്തിൽ നിന്ന് മാറിയില്ല. പിന്നീട് വീട്ടുകാരും വധുവിന് പിന്തുണയുമായി നിന്നു. പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥരും സംഭവത്തിൽ ഇടപെട്ടിരുന്നു. എന്നാൽ വധു തന്റെ നിലപാടിൽ ഉറച്ചുനിന്നു.

പഞ്ചായത്ത് യോഗം വിളിക്കുകയും ചെയ്തു. പക്ഷേ വധു നിലപാടിൽ ഉറച്ചുനിന്നു. ഇതോടെ ഇരുവീട്ടുകാരും ഒത്തുതീർപ്പിലെത്തി. വിവാഹത്തിന് വേണ്ടി തങ്ങൾ ചെലവിട്ട അഞ്ചര ലക്ഷത്തിലധം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് വധുവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് വരനും വീട്ടുകാരും ഈ പണം വധുവിന്റെ വീട്ടുകാർക്ക് നൽകി. ശേഷം വിവാഹം നടക്കാതെ വരനും വീട്ടുകാരും സ്വദേശമായ കാൺപൂരിലേക്ക് മടങ്ങുകയും ചെയ്തു.

ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ബാല'എന്ന സിനിമയിലേതിന് സമാനമായ സംഭവമാണ് വിവാഹ ചടങ്ങിനിടെ അരങ്ങേറിയത് . ചെറുപ്പത്തിലേ കഷണ്ടി കയറിയ യുവാവ് താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയിൽ നിന്ന് ഇത് മറച്ചുവയ്ക്കുന്നതാണ് സിനിമയുടെ കഥ.