തിരുവനന്തപുരം: മലബാറിലെ കല്യാണ റാഗിങ് പലപ്പോഴും അതിരുവിട്ടു പോയിട്ടുണ്ട്. ഇതിന്റെ പേരിൽ വധു വരനെ ഉപേക്ഷിച്ച സംഭവങ്ങളും അടിപിടിയും ഉണ്ടായിട്ടുണ്ട്. അത്രയ്ക്ക് ബോറായി മാറിയിട്ടുണ്ട് പലപ്പോഴും വിവാഹ റാഗംഗ് എന്ന ഏർപ്പാട്. സമാനമായ ഒരു കല്യാണ റാംഗിഗ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇവിടെ ഭർതൃ വീട്ടിലെത്തിയ നവവധുവിനാണ് ദുരനുഭവം നേരിടേണ്ടി വന്നത്.

വിവാഹ വസ്ത്രത്തിൽ നവവധുവിനെക്കൊണ്ട് തേങ്ങ അരപ്പിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. വീട്ടിലെ അരകല്ലിൽ തേങ്ങയും മുളുകമാണ് വരന്റെ വീട്ടിലെത്തിയ ഉടൻ അരപ്പിച്ചത്. വരനും ബന്ധുക്കളും നാട്ടുകാരുമെല്ലാം ചേർന്നാണ് മാനസിക പീഡനത്തിന്റെ രീതിയിൽ ഈ കലാപരിപാടി നടപ്പിലാക്കിയത്. തേങ്ങ അരക്കുന്ന പെൺകുട്ടിക്ക് ചുറ്റും നിന്ന് പലരും പല കമന്റുകളും പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്.

തേങ്ങ പകുതി അരച്ച ശേഷം നിർത്താൻ ശ്രമിച്ചെങ്കിലും മുഴുവൻ തേങ്ങയും അരപ്പിച്ച ശേഷമാണ് വധുവിനെ വിടുന്നത്. പെൺകുട്ടി വീഡിയോയിൽ ചിരിക്കുന്നുണ്ടെങ്കിലും വീഡിയോയിൽ വ്യക്തമാമാകുന്നത് കടുത്ത മാനസിക സമ്മർദ്ദം അവർ അനുഭവിക്കുന്നുണ്ടെന്നാണ്. ചുറ്റുമുള്ള സ്ത്രീകളടക്കം നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നതും വീഡിയോയിൽ കാണാം. സംഭവം നടന്നത് എവിടെയാണെന്ന് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്ന വീഡിയോയിൽ വ്യക്തമല്ല. ഇതിനോടകം തന്നെ സോഷ്യൽ മീഡിയിയൽ വീഡിയോ വൈറലായി. കടുത്ത വിമർശനമാണ് വീഡിയോക്കെതിരെ ഉയരുന്നത്.