തൊടുപുഴ: പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയും കബളിപ്പിച്ച് പണം കൈപ്പറ്റുകയും ചെയ്ത സംഭവത്തിൽ പ്രതിശ്രുതവരൻ അറസ്റ്റിൽ. ആലുവ ദേശം ചെങ്ങമനാട് എക്കാട്ടു സാകേതം വീട്ടിൽ അനന്തകൃഷ്ണ (29) നെയാണ് സംഭവവുമായി ബന്ധപ്പെട്ട് വാഴക്കുളം പൊലീസ് അറസ്റ്റു ചെയ്തത്.

സ്വകാര്യ ബാങ്ക് ജീവനക്കാരിയും മഞ്ഞള്ളൂർ സ്വദേശിനിയുമായ 25 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. മൂന്നു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. തുടർന്ന് ഫോൺ വിളികളും ചാറ്റിംഗുമായി ഇവർ കൂടുതലടുത്തു. ഇതിനിടെ, മറ്റാരുമില്ലാത്ത അവസരത്തിൽ വീട്ടിലെത്തിയ അനന്തകൃഷ്ണൻ തന്നെ കയറിപ്പിടിച്ചെന്നും ലൈംഗികാതിക്രമത്തിന് മുതിർന്നെന്നുമാണ് യുവതി പൊലീസിൽ നൽകിയ മൊഴിയിൽ സൂചിപ്പിച്ചിട്ടുള്ളത്.

ധനലക്ഷമി ബാങ്കിലെ ജീവനക്കാരനാണ് അനന്തകൃഷ്ണൻ. ക്ലർക്കായിരുന്ന സമയത്തായിരുന്നു വിവാഹ നിശ്ചയം നടന്നത്. അടുത്തിടെ തനിക്ക് മാനേജരായി പ്രമോഷൻ കിട്ടിയെന്ന് അനന്തകൃഷ്ണൻ പെൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. സ്ഥാനക്കയറ്റം കിട്ടിയതിനാൽ നേരത്തെ നിശ്ചയിച്ച പ്രകാരം 100 പവൻ പോരെന്നും 150 പവനും കാറും വേണമെന്നും അനന്തകൃഷ്ണൻ തങ്ങളോട് ആവശ്യപ്പെട്ടതായും പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മെയ് 24 ന് പകൽ 1.30 യ്ക്കാണ് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ബലാൽസംഗത്തിന് ശ്രമിച്ചത്. യുവതിയെ ബലമായി എടുത്ത് കിടപ്പുമുറിയിൽ കൊണ്ടുപോയി വാതിലടച്ച് ബലാൽസംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പരാതി. സ്ത്രീധന മായി 150 പവനും, കാറും തന്നില്ലെങ്കിൽ, വിവാഹത്തിൽ നിന്ന് പിന്മാറും എന്ന് പറഞ്ഞു ഭീഷണി പെടുത്തി. ജോലി വാങ്ങി കൊടുക്കാം എന്ന് പറഞ്ഞു 50000 രൂപ വാങ്ങി ചതിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ സ്ത്രീധന നിരോധന നിയമം ലംഘിച്ചതിനുള്ള വകുപ്പു കൂടി ഉൾപ്പെടുത്തിയാണ് ഇയാളുടെ പേരിൽ കേസെടുത്തിട്ടുള്ളത്.വിവാഹ നിശ്ചയത്തിനു ശേഷം സൗഹൃദത്തിലായിരുന്ന സമയത്ത് പെൺകുട്ടിയിൽ നിന്നും ഇയാൾ 50000 രൂപ കൈപ്പറ്റിയിരുന്നു. ഇത് തിരിച്ചു നൽകിയില്ലെന്നും വീട്ടുകാർ പൊലീസിൽ അറിയിച്ചിട്ടുണ്ട്. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.