കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായ ബിഹാറിൽ കണ്ണീരണിയിക്കുന്ന ഒരു അപകട വീഡിയോ. ബിഹാറിലെ അറാറിയ ജില്ലയിലാണ് സംഭവം. വെള്ളപ്പൊക്കത്തെ തുടർന്ന് മറുകരിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു കുഞ്ഞടക്കമുള്ള മൂന്നംഗ കുടുംബം പാലം തകർന്ന് ഒഴുക്കിൽപ്പെട്ടു.

ചുറ്റും ആളുകൾ നോക്കി നിൽക്കെയാണ് സംഭവം. വെള്ളപ്പൊക്കത്തെ തുടർന്ന് ബലക്ഷയം സംഭവിച്ച പാലത്തിൽ നിന്ന് ഇവർ മറുകരയിലെത്താൻ ഒരു നിമിഷം കൂടി മതിയായിരുന്നു. പക്ഷേ അതിന് മുന്നെ പാലം നിലംപൊത്തി, അവർ ഒഴുക്കിൽപ്പെട്ടു. മൂന്നംഗ കുടുംബത്തിലെ ഒരാൾക്ക് മാത്രം കല്ലിൽ പിടിച്ച് രക്ഷപെടാനായി.

കുട്ടിയേയും സ്ത്രീയേയും ഒഴുക്കിൽപ്പെട്ട് കാണാതായി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച് വരികയാണ്.

വെള്ളപ്പൊക്കത്തിൽ ബിഹാറിൽ ഇതുവരെ 98 പേർ മരിച്ചിട്ടുണ്ട്. 16 ജില്ലകളിലായി 98 ലക്ഷത്തോളം പേരെ വെള്ളപ്പൊക്കം ബാധിച്ചുവെന്നാണ് റിപ്പോർട്ട്. നേപ്പാളിലും ഇന്ത്യയുടെ വടക്കൻ മേഖലകളിൽ കനത്ത പേമാരിയെ തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്.