ബെർമിങ്ഹാം മലയാളി സൊസൈറ്റി ഈ അക്കാഡമിക്ക് ഇയറിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബെർമിങ്ഹാം സർവ്വകലാശാലയിൽ നിന്നും അഗസ്റ്റിൻ വല്ലൂരാനെയും, ബെർമിങ്ഹാം സിറ്റി സർവ്വകലാശാലയിൽ നിന്നും ജെനറ്റ് വെമ്പിളിയെയും, ആസ്റ്റർ സർവ്വകലാശാലയിൽ നിന്നും അശ്വതി ജോണിനെയും പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. പതിനഞ്ചു പേർ അംഗങ്ങളായി ഒരു സെൻട്രൽ കമ്മറ്റിയും രൂപീകരിച്ചു.

ബർമിങ്ഹാമിലുള്ള മൂന്നു സർവ്വകലാശാലകളിൽ നിന്നുമായി എഴുപതോളം അംഗങ്ങളാണ് ഇപ്പോൾ സജീവമായി ഈ സൊസൈറ്റിയിൽ പ്രവർത്തിച്ചു വരുന്നത്. കഴിഞ്ഞ വർഷത്തെ ഭാരവാഹകളായിരുന്ന ടോണി സൈമൺ കോച്ചേരിയും സെഞ്ചൻ സോളിയും നേതൃത്വം കൊടുത്ത കലാസന്ധ്യയിൽ (കിലുക്കം 2016) നിന്നും സ്വരൂപിച്ച ആയിരം പൗണ്ട് തിരുവനന്തപുരത്തുള്ള മാഗ്നിഫിക്കാത്ത് ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറി.

യുകെയിലെ മലയാളി യുവജനങ്ങൾ തങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും പൈതൃകവും മറന്നിട്ടില്ലെന്നുള്ളതിനു തെളിവാണ് ഈ സൊസൈറ്റിയുടെ പ്രവർത്തനം. ബർമിങ്ഹാം മലയാളി സൊസൈറ്റിയുടെ പ്രചോദനം ഉൾക്കൊണ്ട് കിംങ്സ്റ്റൺ, ലെസ്റ്റർ, ബ്രൂണൽ മുതലായ പട്ടണങ്ങിലുള്ള കോളേജുകളിൽ മലയാളി സൊസൈറ്റികൾ ഇപ്പോൾ നിലവിൽ വന്നിട്ടുണ്ട്.