തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ട ബലാത്സംഗ കേസിൽ ഇരയുടെ പേര് പരസ്യമായി വെളിപ്പെടുത്തിയ സിപിഐ(എം) തൃശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെതിരെ നിലപാടുമായി സിപിഐ(എം) കേന്ദ്രനേതൃത്വം. യുവതിയുടെ പേര് വെളിപ്പെടുത്തിയ രാധാകൃഷ്ണന്റെ നടപടി തെറ്റായിപ്പോയെന്ന് പാർട്ടി ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം ബൃന്ദാ കാരാട്ടും രംഗത്തെത്തിയതോടെ വിഷയത്തിൽ പുതിയ വിവാദമുയരുകയാണ്.

രാധാകൃഷ്ണന്റെ നടപടിയിൽ തെറ്റില്ലെന്ന് മന്ത്രിയും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ കെകെ ശൈലജ കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. എന്നാൽ ഇതിനു വിരുദ്ധമായ നിലപാടുമായി കേന്ദ്രനേതൃത്വം രംഗത്തെത്തിയതോടെ വിഷയം പാർട്ടിയിൽ പുതിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. രാധാകൃഷ്ണൻ നടപടി തെറ്റായിപ്പോയെന്നും പൊലീസിൽ നിന്ന് നീതി കിട്ടില്ലെന്ന തോന്നൽ യുവതിക്കുണ്ടായത് ദുരന്തമാണെന്നുമായിരുന്നു വൃന്ദ കാരാട്ട് നേരത്തേ പ്രതികരിച്ചത്.

ഇതിനു പിന്നാലെയാണ് രാധാകൃഷ്ണൻ അങ്ങനെ പറയരുതായിരുന്നെന്നും ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്നും വ്യക്തമാക്കി പാർട്ടി സെക്രട്ടറി തന്നെ രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫ് ഭരണകാലത്തെ രണ്ടുവർഷം യുവതിക്ക് നീതി ലഭിച്ചില്ലെന്നത് ഗൗരവമുള്ള കാര്യമാണെന്നും ആരോപണം ഉയർന്ന ഉടൻ സിപിഐ(എം) നടപടിയെടുത്തുവെന്നും അന്വേഷണത്തിന് മുഖ്യമന്ത്രിയും നടപടിയെടുത്തെന്നും വൃന്ദ പറഞ്ഞിരുന്നു.

അതേസമയം, ഇനി ഈ വിഷയം പാർട്ടി ചർച്ചചെയ്യേണ്ടതില്ലെന്ന നിലപാടാണ് വൃന്ദ സ്വീകരിച്ചത്. എന്നാൽ പിന്നീട് പ്രതികരിച്ച യെച്ചൂരിയാകട്ടെ ഒരു പടികൂടി കടന്ന് ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്ന് വ്യക്തമാക്കിയതോടെ വിഷയം പാർട്ടിക്കകത്ത് വലിയ ചർച്ചയ്ക്ക് വഴിവയ്ക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. മാത്രമല്ല, കളമശ്ശേരി, വടക്കാഞ്ചേരി വിഷയങ്ങളിൽ ആരോപണം നേരിട്ടവർക്കെതരെ കൃത്യമായ പാർട്ടി നടപടിയുണ്ടാകുമെന്നും യെച്ചൂരി വ്യക്തമാക്കി.

പീഡനക്കേസിൽ ആരോപണ വിധേയനായ പാർട്ടി അംഗവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ ജയന്തനെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്ത വിവരം മാദ്ധ്യമങ്ങളെ അറിയിക്കുമ്പോഴാണ് മുൻ സ്പീക്കർ കൂടിയായ കെ രാധാകൃഷ്ണൻ ഇരയുടെയും അവരുടെ ഭർത്താവിന്റെയും പേര് പരസ്യമായി പറഞ്ഞത്. ആരോപണം നേരിടുന്ന ജയന്തന്റെ പേര് പറയാമെങ്കിൽ ആരോപണം ഉന്നയിച്ചവരുടെ പേര് പറയുന്നതിൽ എന്താണ് കുഴപ്പമെന്നായിരുന്നു രാധാകൃഷ്ണന്റെ ചോദ്യം. ഇതിനു പിന്നാലെ രാധാകൃഷ്ണന്റെ നടപടിക്കെതിരെ വൻ വിമർശനം ഉയർന്നിരുന്നു. സംഭവം അന്വേഷിക്കാൻ ഡിജിപി ഉത്തരവു നൽകുകയും തൃശൂർ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഈ സന്ദർഭത്തിലാണ് രാധാകൃഷ്ണൻ അങ്ങനെ പറഞ്ഞതിൽ കുഴപ്പമില്ലെന്ന് വ്യക്തമാക്കി മന്ത്രിയും കേന്ദ്രകമ്മിറ്റിയംഗവുമായ കെകെ ശൈലജയും ടിഎൻ സീമയും ഉൾപ്പെടെ കേരളത്തിലെ വനിതാ നേതാക്കൾ രംഗത്തെത്തിയത്. ഇപ്പോൾ കേന്ദ്രനേതൃത്വം ഇതിന് വിരുദ്ധമായ നിലപാടെടുത്തതോടെ പാർട്ടിയിൽ കേരളഘടകവും കേന്ദ്രവുമായി വീണ്ടുമൊരു തർക്കത്തിന് വഴിതുറന്നിരിക്കുകയാണ്.