കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഭരണത്തിൽ കണ്ണും നട്ട് കോൺഗ്രസ്സ് വീണ്ടും രംഗത്ത്. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡണ്ടായതോടെ കോൺഗ്രസ്സ് വിമതനും കെ.സുധാകരന്റെ എതിരാളിയുമായ ഡപ്യൂട്ടി മേയർ പി.കെ. രാഗേഷിനെ വീണ്ടും പാർട്ടിയിലേക്ക് കൊണ്ടു വരാനുള്ള ശ്രമം അണിയറയിൽ സജീവമാവുകയാണ്. കണ്ണൂരിൽ കെ.സുധാകരന്റെ എതിരാളികളാണ് ഇത്തരമൊരാശയത്തിന് തുടക്കമിട്ടിരിക്കുന്നത്. കണ്ണൂർ നഗരസഭയിൽ രാഷ്ട്രീയമായി തെരഞ്ഞെടുപ്പ് നടക്കുന്ന കാലം മുതൽ കോൺഗ്രസ്സിന്റെ അധികാര കുത്തകയായിരുന്നു. എന്നാൽ യുഡിഎഫ്. സർക്കാർ കണ്ണൂരിനെ കോർപ്പറേഷൻ പദവിയിലേക്കുയർത്തിയ ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ കോർപ്പറേഷൻ ഭരണം യുഡിഎഫിന് നഷ്ടപ്പെടുകയായിരുന്നു. അഞ്ചംഗ ഭരണസമിതിയിൽ യുഡിഎഫിനും എൽഡിഎഫിനും 17 സീറ്റുകൾ വീതം ലഭിക്കുകയും ഒരു സീറ്റിൽ കോൺഗ്രസ്സ് വിമതനായി മത്സരിച്ച പി.കെ. രാഗേഷ് തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പള്ളിക്കുന്ന് ഡിവിഷനിലെ സീറ്റ് വിഭജനം സംബന്ധിച്ച് കെ.സുധാകരനും പി.കെ. രാഗേഷും കടുത്ത വിയോജിപ്പലായിരുന്നു. ഒടുവിൽ രാഗേഷിന്റെ ഒപ്പം നിൽക്കുന്നവർക്ക് സീറ്റ് നിഷേധിക്കപ്പെട്ടതോടെ വിമതരായി ഏഴ് പേർ മത്സരിക്കുയായിരുന്നു. ഇതിൽ രാഗേഷ് കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മേയർ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഇ.പി. ലതക്ക് അനുകൂലമായി രാഗേഷ് വോട്ട് ചെയ്യുകയും എൽ.ഡി.എഫ് ഭരണത്തിലേറുകയും ചെയ്തു. എന്നാൽ ഡപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ രാഗേഷ് വോട്ട് ചെയ്യാതെ ഒഴിഞ്ഞു മാറുകയായിരുന്നു. അതോടെ നറുക്കെടുപ്പിൽ യു.ഡി.എഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി സി. സമീർ ഡപ്യൂട്ടി മേയറായി.

തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ എൽ.ഡി.എഫുമായി ധാരണയിലെത്തിയ പി.കെ.രാഗേഷിനെ ഡപ്യൂട്ടി മേയറാക്കാൻ സിപിഎം. തീരുമാനിച്ചു. അതോടെ ഡപ്യൂട്ടി മേയർ സ്ഥാനം രാഗേഷിന് ഉറപ്പായിരുന്നു. സിപിഎം. നേതാക്കളായ ഇ.പി. ജയരാജൻ, എം വി ജയരാജൻ എന്നിവർ രാഗേഷുമായി ചർച്ച നടത്തിയതോടെ എൽ.ഡി. എഫ് കോർപ്പറേഷൻ ഡപ്യൂട്ടി മേയർക്കെതിരെ അവിശ്വാസം കൊണ്ടു വന്നു. എന്നാൽ വോട്ടെടുപ്പിൽ നിൽക്കാതെ മുസ്ലിം ലീഗിലെ സി.സമീർ രാജി വെക്കുകയായിരുന്നു. അതോടെ കോൺഗ്രസ്സ് വിമതനായ പി.കെ. രാഗേഷ് ഡപ്യൂട്ടി മേയറായി. കണ്ണൂർ ലോകസഭാ മണ്ഡലവും നിയമസഭാ മണ്ഡലവും കോർപ്പറേഷനും കൈവിട്ടതോടെ ജില്ലയിൽ കോൺഗ്രസ്സിന് കടുത്ത പ്രഹരമായി. കെ.സുധാകരന്റെ ശക്തിയേയും ഇത് സാരമായി ബാധിച്ചു. പാർട്ടിയിലെ എതിരാളികൾ സുധാകരനെ അടിക്കാനുള്ള വടിയായി ഈ പരാജയങ്ങൾ എടുത്തു കാട്ടുകയും ചെയ്തു.

ഒട്ടേറെ തവണ അനുരഞ്ജന നീക്കം നടന്നെങ്കിലും കെ.സുധാകരനും പി.കെ. രാഗേഷും പിടിവാശി തുടർന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും അന്നത്തെ കെപിസിസി. പ്രസിഡണ്ട് വി എം. സുധീരനും ഇരുവരുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി. പ്രസിഡണ്ടായതോടെ വീണ്ടും രാഗേഷിനെ തിരിച്ച് കൊണ്ടുവരുവാൻ നേതാക്കളിൽ ഒരു വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്. ഡപ്യൂട്ടി മേയർ സ്ഥാനം പി.കെ. രാഗേഷിന് തന്നെ നിലനിർത്തി അടുത്ത ഒരു വർഷം മുസ്ലിം ലീഗിന് മേയർ സ്ഥാനവും തുടർന്നുള്ള ഒരു വർഷം കോൺഗ്രസ്സിന് മേയർ സ്ഥാനവും നൽകാനുള്ള ധാരണയിലേക്ക് കാര്യങ്ങളെത്തിക്കണമെന്നാണ് ഒരു വിഭാഗം ആഗ്രഹിക്കുന്നത്. ലീഗ് നേതൃത്വവും ഇത് അംഗീകരിക്കുന്നുവെന്നാണ് സൂചന. മുല്ലപ്പള്ളിക്കു മുമ്പിൽ അടുത്ത ദിവസം തന്നെ ഈ ആവശ്യമുന്നയിക്കപ്പെടും. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് പി.കെ. രാഗേഷ് 'മറുനാടൻ മലയാളിയോട് 'പറഞ്ഞു.