മസ്‌ക്കറ്റ്: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ ടിവി സൗജന്യമായി നാട്ടിലെത്തിക്കാമെന്ന വാഗ്ദാനവുമായി എയർ ഇന്ത്യയും ജെറ്റ് എയർവേസും. 48 ഇഞ്ച് വരെയുള്ള ടിവി യാതൊരു ഫീസും നൽകാതെ മസ്‌ക്കറ്റിൽ നിന്നും നാട്ടിലേക്ക് കൊണ്ടുവരാം. 48 ഇഞ്ച് വരെയുള്ള ടിവി യാത്രക്കാരുടെ ഫ്രീ ബഗ്ഗേജ് അലവൻസായി കണക്കാക്കും. ഇതിനു മുകളിലുള്ളവയ്ക്ക് ചാർജ് ഈടാക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

സ്ഥലപരിമിതി മൂലമാണ് ടിവിയുടെ വലുപ്പം 48 ഇഞ്ചായി നിജപ്പെടുത്തിയതെന്നും അതിനു മുകളിൽ വലിപ്പമുള്ളവ സൗജന്യമായി കൊണ്ടുവരാൻ അനുവദിക്കുകയില്ലെന്നും അധികൃതർ വെളിപ്പെടുത്തി. ഇക്കാര്യത്തിൽ പുതിയ അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ ആനുകൂല്യം യാത്രക്കാർക്ക് അനുഭവിക്കാം.

അതേസമയം ടെലിവിഷനുകൾ ഒറിജിനൽ പാക്കിംഗിൽ തന്നെ ഉള്ളതാകണമെന്നും നിർദേശമുണ്ട്. അനുവദിച്ചിരിക്കുന്ന സൗജന്യപരിധിയിൽ ലഗേജ് ഭാരം അധികമായാൽ ഓരോ കിലോയ്ക്കും അധിക നിരക്ക് നൽകേണ്ടിവരും.