ബ്രിസ്‌ബെൻ: ഓസ്‌ട്രേലിയയിലെ സീറോ മലബാർ സമൂഹത്തിന്റെ ആദ്യ ചാപ്ലിയനും ക്യൂൻസ്‌ലാന്റ് റീജൺ എപ്പിസ്‌കോപ്പൽ വികാരിയുമായ ഫാ. പീറ്റർ കാവുമ്പുറത്തിന് ബ്രിസ്‌ബെൻ നോർത്ത് സെന്റ് അൽഫോൻസാ ഇടവക യാത്രയയപ്പു നൽകി.

പാരിഷ് കൗൺസിലും വിവിധ ഭക്തസംഘടനകളുടെയും ആഭിമുഖ്യത്തിൽ നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിലാണ് യാത്രയയപ്പ് സമ്മേളനം നടത്തിയത്. സീറോ മലബാർ കത്തോലിക്കാ സഭയ്ക്ക് ഓസ്‌ട്രേലിയയിൽ പ്രത്യേകിച്ച് ക്യൂൻസ്‌ലാന്റിൽ ശക്തമായ അടിത്തറ കെട്ടിപ്പെടുക്കാൻ കഠിന പ്രയത്‌നം നടത്തിയ ഫാ. പീറ്റർ കാവുമ്പുറത്തിനെ വിവിധ ഭക്തസംഘടനകൾക്ക്‌വേണ്ടി ഷൈജു തോമസ്, ബാബു മാത്യു, രാരിച്ചൻ മാത്യു, ആൻസി ചാക്കോ എന്നിവർ യാത്രാ മംഗളങ്ങൾ നേർന്നു.

വിക്‌ടോറിയയിലും ക്യാൻസ്‌ലാന്റിലും വളരെ ശക്തമായ ഒരു വിശ്വാസ സമൂഹത്തെ വാർത്തെടുക്കാനുള്ള പ്രയത്‌നത്തിൽ സഹകരിച്ച എല്ലാവർക്കും ഫാ. പീറ്റർ നന്ദി രേഖപ്പെടുത്തി.

ഇന്ത്യയിലെ അന്യ സംസ്ഥാനങ്ങളിലേക്ക് തന്റെ പ്രേക്ഷിത പ്രവർത്തനങ്ങളിലേക്ക് മടങ്ങിപ്പോവുകയാണ് ഫാ. പീറ്റർ. ബ്രിസ്‌ബെൻ സൗത്ത്, സ്പ്രിങ്ങ് ഫീൽഡ് ലേക്ക്‌സ്, സൺഷൈൻ കോസറ്റ് തുടങ്ങിയ ക്യൂൻസ്‌ലാന്റിന്റെ വിവിധ ഭാഗങ്ങളിൽ സീറോ മലബാർ സമൂഹങ്ങൾ യാത്രയയപ്പ് സമ്മേളനങ്ങൾ സംഘടിപ്പിച്ചു. നൂറു കണക്കിന് സഭാവിശ്വാസികൾ നോർത്ത് ഗേറ്റിലുള്ള പീറ്ററച്ചന്റെ വസതിയിൽ വന്ന് യാത്രാമംഗളങ്ങൾ നേർന്നു.