ബ്രിസ്റ്റോൾ: ബ്രിസ്‌ക കലാമേളയോടനുബന്ധിച്ചു സൗത്ത്മീഡിലെ ഗ്രീൻവേ സെന്ററിൽ മത്സരാർഥികളുടെ ബുദ്ധിശക്തിയും കുറിക്കു കൊള്ളുന്ന ഉത്തരങ്ങളും രസകരമാക്കിയ വാശിയേറിയ മത്സരത്തിൽ ആസ്‌കിൽ (ASK) നിന്നുള്ള ബിനു ജേക്കബ് പുരുഷ കേസരിയായും സ്‌നേഹ അയൽക്കൂട്ടത്തിലെ ലിറിൽ ടോം മലയാളി മങ്കയായും തെരഞ്ഞെടുക്കപ്പെട്ടു.
 
റോണി ഏബ്രഹാം പുരുഷ കേസരിക്കായുള്ള മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ് ആയപ്പോൾ സ്റ്റീഫൻ ജോസഫ് സെക്കന്റ് റണ്ണർ അപ്പ് ആയി. സൗത്ത്മീഡിൽ നിന്നുള്ള മിനി സ്‌കറിയ മലയാളി മങ്ക മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ് ആയി. കഴിഞ്ഞ വർഷത്തെ വിജയികളായ ജേക്കബും ലിസയും വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

ശനിയാഴ്ച നടന്ന മത്സരങ്ങളിൽ വനേസ ജോൺസൻ ബ്രിസ്‌ക കലാതിലകമായി. കെവിൻ ജിജിയും ആനന്ദ് ജോസും കലാപ്രതിഭ പട്ടം പങ്കുവച്ചു. ഉച്ചകഴിഞ്ഞ് രണ്ടിനു തുടങ്ങിയ മത്സരങ്ങളുടെ തുടർച്ചയായാണു കൊച്ചുകുട്ടികളുടെ പുഞ്ചിരി മത്സരവും പുരുഷ കേസരി, മലയാളി മങ്ക മത്സരങ്ങളും അരങ്ങേറിയത്.

കൊല്ലം ഗാന്ധി ഭവനും ബ്രിസ്റ്റോൾ സെന്റ് പീറ്റേഴ്‌സ് ഹോസ്‌പൈസിനും സഹായം നൽകാൻ വേണ്ടിയുള്ള ബ്രിസ്‌ക ചാരിറ്റി അപ്പീലിനു ലഭിച്ച മികച്ച പിന്തുണയായിരുന്നു ഗ്രീൻവേ സെന്റർ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം. സർഗവേദിയുടെ ലൈവ് ഓർക്കസ്ട്ര. അന്തരിച്ച മഹാകവി ഒ.എൻ.വി. കുറുപ്പിന് അശ്രുപൂജ അർപ്പിച്ചു കൊണ്ട് ആരംഭിച്ച ഗാനമേളയിൽ ഹരീഷ് പാലാ, അജിത്ത് പാലിയത്ത്, ദീപ സന്തോഷ്, അലീന സജീഷ്, ജിഷ മാത്യൂ, ജിബിൻ ജോർജ്, സന്തോഷ് കുമാർ, സ്‌നേഹ സന്തോഷ്, സിനോ തോമസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഇവർക്കൊപ്പം ബ്രിസ്‌റ്റോളിൽനിന്നുമുള്ള പ്രമോദ് പിള്ളൈയും ദേവലാൽ സഹദേവനും തകർപ്പൻ പാട്ടുകളുമായി പുരുഷാരത്തിലേക്കിറങ്ങി വന്നപ്പോൾ ഗ്രീൻ വേ സെന്റർ ഇളകി മറിഞ്ഞു. തബലയിൽ മായിക പ്രപഞ്ചം തീർക്കുന്ന മനോജ് ശിവയും ഡ്രംസിൽ വിസ്മയം തീർക്കുന്ന ജോയ് തോമസും മൃദംഗത്തിൽ ജിബിൻ ജോർജും കീ ബോർഡ് വായിച്ച മുകേഷ് കണ്ണനും സിജോ ചാക്കോയും തബലയുമായി ദീപേഷ് സ്‌കറിയയും റിഥം പാടിസ്റ്റ് ബേബി കുര്യനും ടൈമിങ് വായിക്കുന്ന മേബിൾ ലൂക്കോസും ബാസ് ഗിത്താർ കൈക്കാര്യം ചെയ്ത സാബു ജോസും പ്രമുഖ കലാകാരൻ കനേഷ്യസ് അത്തിപ്പൊഴിയിലും സർഗവേദിയെ ബ്രിസ്റ്റോളിലെ സംഗീതാസ്വാദകരുടെ നിറുകയിലെത്തിച്ചു.

ബ്രിസ്‌ക പ്രസിഡന്റ് തോമസ് ജോസഫിന്റേയും സെക്രട്ടറി ജോസ് തോമസിന്റെയും നേതൃത്വത്തിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നൈസന്റ്, അനിൽ തോമസ്, റെജി മണിക്കുളം, വിനോദ് ജോൺസൻ, സന്തോഷ്, ടോം ലൂക്കോസ്, ജെഗി ജോസഫ്, കലാമേളയുടെ കോഓർഡിനേറ്ററായ ശെൽവരാജ്, രഘുവരൻ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: ജെഗി ജോസഫ്