ബ്രിസ്ബൺ: ഓസ്‌ട്രോലിയായിലെ മലയാളി സമൂഹം പ്രാർത്ഥനയോടെ കാത്തിരിക്കുന്ന  ബ്രിസ്ബൺ ദുക്‌റാന തിരുന്നാളിന് ജൂലൈ മൂന്നിന്‌ വൈകിട്ട് 6. 30 ന് കൊടിയേറും. ജൂലൈ 5 ന് ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് നടക്കുന്ന ഭക്തി നിർഭരമായ റാസയ്ക്ക് മെൽബൺ രൂപത വികാരി ജനറാൾ ഫാ: ഫ്രാൻസിസ് കോലഞ്ചേരി നേതൃത്വം നൽകും. ബ്രിസ്ബണിലും പരിസരങ്ങളിലുമുള്ള പതിനഞ്ചിൽ പരം വൈദികരും ബ്രിസ്ബൺ, ബംണ്ടാബർഗ്, മെൽബൺ എന്നിവിടങ്ങളിൽ നിന്നുള്ള ഗായകർ പങ്കെടുക്കും.

ജൂലൈ നാല് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സുപ്രസിദ്ധ സിനിമാ പിന്നണി ഗായകർ അഫ്‌സൽ, അഖില ആനന്ദ് എന്നിവർ ചേർന്നവതരിപ്പിക്കുന്ന ഗാനമേള. ഞായറാഴ്ച വൈകിട്ട് 7. 45 ന് ബ്രിസ്ബൺ സ്‌കൈലൈറ്റർ ടീമിന്റെ വെടിക്കെട്ട് എന്നിവ ഈ വർഷത്തെ തിരുന്നാളിന്റെ സവിശേഷതകളാണ്.

തിരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന ഭക്തി നിർഭരമായ പ്രദക്ഷിണത്തിൽ ക്യൂൻസ് ലാന്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിനാളുകൾ പങ്ക് ചേരും. പ്രദക്ഷിണത്തിന് ഉപയോഗിക്കുന്ന വിവിധ വർണ്ണങ്ങളിലുള്ള തിരി, കവറുകൾ, സീറോ മലബാർ സഭയിലെ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ, വെള്ളിക്കുരിശ്, രൂപക്കൂടുകൾ എന്നിവ തയ്യാറായി കഴിഞ്ഞു. വിശുദ്ധ തോമാശ്ലീഹായുടെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള രഥം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. അത്യാഢംബരപൂർവ്വം നടത്തപ്പെടുന്ന തിരുന്നാളിൽ പങ്കെടുക്കുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരെയും ക്ഷണിക്കുന്നതായി കൂട്ടായ്മയുടെ ചാപ്ലെയിൻ ഫാ: പീറ്റർ കാവുംപുറം അറിയിച്ചു.

തിരുന്നാൾ ഏറ്റവും മനോഹരമാക്കുവാൻ സോണി കുര്യൻ (കൺവീനർ) ജബിൻ ജോസ്, സിബി തോമസ് (ജോയിന്റ് കൺവീനർമാർ) ജോസ് കണ്ണൂർ, ജയിംസ് പെരുമാലിൽ (ട്രസ്റ്റീസ്) റ്റോം ജോസഫ് (പാസ്റ്ററൽ കൗൺസിൽ മെമ്പർ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.