- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഗമണിൽ എത്തിയ യുവാക്കളിൽ 21 പെൺകുട്ടികൾ; ഒരു ദമ്പതികൾ; എത്തിയ 25 കാറുകളിൽ ഏറെയും ആഡംബര വാഹനങ്ങൾ; കോവിഡ് കാലത്തെ ലഹരി വിരുന്നുകളുടെ പുത്തൻ പേര് 'ബർത്ത് ഡേ പാർട്ടി'; ബ്രിസ്റ്റി ബിശ്വാസ് പ്രമുഖ ഡയറക്ടറുടെ സഹസംവിധായക; സൗണ്ട് പ്രൂഫ് മുറികളിൽ ഡിജെയ്ക്കൊപ്പം ലഹരിയും; അന്വേഷണം കൊച്ചിയിലേക്കും
കൊച്ചി: വാഗമണ്ണിലെ നിശാപാർട്ടിക്കേസിൽ അന്വേഷണം കൊച്ചിയിലേക്ക്. വാഗമണ്ണിലെ അന്വേഷണത്തിൽ കൊച്ചി കണക്ഷൻ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. വാഗമൺ കേസ് അന്വേഷണ സംഘത്തോട് വിവരങ്ങൾ തേടിയെന്നും ഉടൻ നടപടിയുണ്ടാകുമെന്നും ഐജി വിജയ്‌സാഖറെ അറിയിച്ചു.
കോവിഡ് കാലത്തെ ലഹരി വിരുന്നുകളുടെ പുത്തൻ പേരാണ് 'ബർത്ത് ഡേ പാർട്ടി' എന്ന്. പരിപാടികൾ നടക്കുന്ന സ്ഥലങ്ങൾക്കും മാറ്റമുണ്ട്. ഹോട്ടലുകളിൽ നിന്ന് ഹോംസ്റ്റേകളിലേക്ക്. നഗരത്തിലാണെങ്കിൽ ഇപ്പോൾ അത് വില്ലകളിൽ. പേരിനു കേക്കു മുറി നടക്കുന്നുണ്ട്. പക്ഷെ ആഘോഷങ്ങൾ മറ്റൊരു തലത്തിലാണ്. 'ഓൺ' ആയി ഓഫ്' ആകുന്നതു വരെയാണ് ആഘോഷം. അതാകട്ടെ സിന്തറ്റിക് ലഹരി ഉപയോഗിച്ചും. ഇത്തരം പാർട്ടികൾ കൊച്ചിയിലും സജീവമാണ്.
സ്റ്റാർ ഹോട്ടൽ മുറിയിൽ അടുത്ത കൂട്ടുകാർക്കൊപ്പം കേക്കു മുറിച്ചുള്ള ബർത്ത്ഡേ പാർട്ടിയുടെ കാലം മാറി. റിസോർട്ടുകൾ ബുക്കു ചെയ്തും നഗരങ്ങളിലെ വില്ലകൾ കേന്ദ്രീകരിച്ചുമാണ് പുത്തൻ പാർട്ടികൾ. ലഹരി ഒഴുക്കി ഇത്തരം പാർട്ടികൾ ആസൂത്രണം ചെയ്യും. സൗണ്ട് പ്രൂഫ് മുറികളിൽ ഡിജെയ്ക്കൊപ്പം ലഹരിയും. വാഗമണിൽ പിടിയിലായ ലഹരി സംഘം കൊച്ചിയിൽ പാർട്ടി സംഘടിപ്പിച്ചത് ഇത്തരത്തിൽ വില്ലയിൽ ആയിരുന്നെന്നാണ് പൊലീസ് നൽകുന്ന സൂചന. ഈ സാഹചര്യത്തിലാണ് അന്വേഷണം കൊച്ചിയിലേക്കും വ്യാപിപ്പിക്കുന്നത്.
വാഗമണിൽ 'ബർത്ത് ഡേ പാർട്ടി' കൂടാനെത്തിയവരിൽ യുവാക്കളായിരുന്നു ഏറെയും. 21 പേർ പെൺകുട്ടികൾ. ഒരു ഭാര്യാഭർത്താവും ബാക്കി എല്ലാവരും അവിവാഹിതരും. കൊച്ചിയിലെ ഒരു പ്രമുഖ ആശുപത്രിയിലെ ഡോക്ടർ ഉൾപ്പെടെ പല വമ്പന്മാരും ആഘോഷിക്കാൻ എത്തിയിരുന്നു. ബ്രിസ്റ്റി ബിശ്വാസ് മോഡലും ഒരു പ്രമുഖ സംവിധായകന്റെ അസിസ്റ്റന്റുമായിരുന്നു. 25ൽ പരം കാറുകളിലാണ് ആഘോഷ രാവിലേയ്ക്ക് ആളെത്തിയത്. അതിൽ ഏറെയും ആഡംബരക്കാറുകൾ. ഇതിൽ പലതിനും കൊച്ചി ബന്ധവുമുണ്ട്.
വാഗമണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ നിശാപാർട്ടി നടത്തിയ കേസിൽ വിശദ അന്വേഷണം നടക്കും. നടിയും മോഡലുമായ തൃപ്പൂണിത്തുറ സ്വദേശി ബ്രിസ്റ്റി ബിശ്വാസ് അടക്കം 9 പേരാണ് ഇതുവരെ കേസിൽ അറസ്റ്റിലായത്. നടിയുടെ കൊച്ചിയിലെ സുഹൃത്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഈ സംഘം കൊച്ചിയിലും രഹസ്യ നിശാപാർട്ടി സംഘടിപ്പിച്ചതായാണ് വിവരം. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ തേടിയതായും ഉടൻ അന്വേഷണം തുടങ്ങുമെന്നും വിജയ് സാഖറെ പറഞ്ഞു. കൊച്ചിയിലെ പുതുവത്സരപാർട്ടികളിൽ ലഹരി ഉപയോഗം തടയാൻ നടപടിക്കായി എക്‌സൈസ്, കസ്റ്റംസ്, പൊലീസ്, നർക്കോട്ടിക് വിഭാഗങ്ങൾ അടിയന്തര യോഗം ചേർന്നു. ഇനി എല്ലാ ഏജൻസികളും സംയുക്തമായി നീങ്ങും.
ലഹരിമാഫിയാ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്പരം കൈമാറും. ഒരു അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നിശാപാർട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ തീരുമാനമായിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ