- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എമ്മയുടെ വിജയത്തിൽ അഭിനന്ദനം അറിയിച്ച് ബ്രിട്ടീഷ് രാജകുടുംബം; പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും മറ്റ് മന്ത്രിമാരും തൊട്ടുപുറകെ; വിവിധ തുറകളിലെ പ്രമുഖരും എമ്മയെ അഭിനന്ദിച്ച് രംഗത്ത്. ഒരൊറ്റ രാത്രികൊണ്ട് ബ്രിട്ടന്റെ പ്രിയപ്പെട്ടവളായി മാറി എമ്മ റഡുകാനു
ലണ്ടൻ: ഒരൊറ്റ രാത്രികൊണ്ട് ബ്രിട്ടീഷ് ജനതയ്ക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയിരിക്കുകയാണ് കെന്റ് നിവസിയായ എമ്മ റഡുകാനു എന്ന 18 കാരി. നീണ്ട നാലരപതിറ്റാണ്ടിനു ശേഷം ടെന്നീസിലെ ഒരു ഗ്രാന്റ്സ്ലാം കിരീടം ബ്രിട്ടനിലേക്ക് എത്തിച്ച ഈ യുവ കായികതാരം ഇന്ന് ബ്രിട്ടീഷ് കായിക ലോകത്തിനു തന്നെ മാതൃകയായിരിക്കുന്നു. എമ്മയുടെ തിളക്കമാർന്ന വിജയത്തെ അഭിനന്ദിച്ച് ആദ്യം രംഗത്തെത്തിയത് എലിസബത്ത് രാജ്ജി തന്നെയായിരുന്നു.
മത്സരത്തിന് ആദ്യമായി ക്വാളിഫൈ ചെയ്ത ഒരു താരം ഫൈനലിൽ എത്തുന്നത് യു എസ് ഓപ്പണിൽ തന്നെ ഇതാദ്യമായാണ്. പത്തു മാച്ചുകളിൽ ഒരു സെറ്റ് പോലും തോൽക്കാതെയായിരുന്നു എമ്മയുടെ ജൈത്രയാത്ര. തീർത്തും അവിശ്വസനീയമായ വിജയം എന്നായിരുന്നു പലരും എമ്മയുടെ വിജയത്തെ വിശേഷിപ്പിച്ചത്. ജീവന്മരണപോരാട്ടത്തിലൂടെ കനേഡിയൻ താരത്തെ നിലം പരിശാക്കിയപ്പോൾ അറ്റ്ലാന്റിക്കിന്റെ ഇങ്ങേക്കരയിൽ, എമ്മയുടെ നാട്ടിൽ ആഹ്ലാദത്തിന്റെ ആരവമുയർന്നു.
പ്രധാനമന്ത്രി ബോറിസ്ജോൺസൺ, ലേബർ നേതാവ് കീർ സ്റ്റാർമർ എന്നിവർക്കൊപ്പം ഇംഗ്ലണ്ട് ഫുട്ബോൾ ടീമും എമ്മയുടെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. എമ്മയെ അഭിനന്ദിച്ചുകൊണ്ട് ഒരു തുറന്ന കത്താണ് രാജ്ഞി എഴുതിയത്. നിന്റെ അർപ്പണബോധത്തിനും കഠിനാദ്ധ്വാനത്തിനും കിട്ടിയ പ്രതിഫലമാണ് ഈ വിജയം എന്നെഴുതിയ രാജ്ഞി, ലെയ്ലാ ഫെർണാണ്ടസിനെതിരെ എമ്മ നടത്തിയ പോരാട്ടം വരും തലമുറകൾക്ക് പ്രചോദനമാകും എന്നും പറഞ്ഞു. നിനക്കും, നിന്റെ ആയിരക്കണക്കിന് ആരാധകർക്കും എന്റെ അഭിനന്ദനങ്ങൾ എന്ന് പറഞ്ഞുകൊണ്ടാണ് രാജ്ഞി കത്ത് അവസാനിപ്പിക്കുന്നത്.
കൊട്ടാരം വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം രാജ്ഞിയുടെ കത്ത് പ്രത്യേക ദൂതൻ വഴി എമ്മയ്ക്ക് കൈമാറി എന്നാണ്. രജ്ഞിയുടെ കത്ത് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെ വില്യമും കെയ്റ്റും എമ്മയെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്ററിലെത്തി. നിന്നെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നു എന്ന് പറഞ്ഞ രാജകുമാരൻ അവസാന നിമിഷം വരെ പോരാടി തോറ്റ ലെയ്ല ഫെർണാണ്ടസിനെയും അഭിനന്ദിച്ചു. ചാൾസ് രാജകുമാരൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയായിരുന്നു എമ്മയ്ക്ക് അഭിനന്ദനം അർപ്പിച്ചത്. തീർത്തും അതിശയകരമായ നേട്ടം എന്നായിരുന്നു ചാൾസ് ഈ വിജയത്തെ വിശേഷിപ്പിച്ചത്.
കൂട്ടത്തിൽ ലെയ്ല ഫെർണാണ്ടസിനേയും അഭിനന്ദിച്ച ചാൾസ് ഈ രണ്ടു യുവതികളും ലോകത്തിലെ മൊത്തം വനിതകൾക്കും പ്രചോദനമാകുമെന്നും പറഞ്ഞു. ധൈര്യത്തിന്റെയും നൈപുണ്യത്തിന്റെയും പ്രതീകമായി എമ്മയെ ബോറിസ് ജോൺസൺ കണ്ടപ്പോൾ സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ പറഞ്ഞത് ഒരു ചാമ്പ്യൻ മാത്രമല്ല, ഒരു തലമുറക്ക് മാതൃകകൂടിയാണ് എമ്മ എന്നായിരുന്നു. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്, ലേബർ നേതാവ് സർ കെർ സ്റ്റാർമർ, ടി വി അവതാരകൻ പിയേഴ്സ് മോർഗൻ റ്റെന്നിസ്സ് അതികായൻ ബില്ലീ ജീൻ കിങ് തുടങ്ങിയവരും എമ്മയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
സ്പോർട്സ് ഡെസ്ക്