ലണ്ടൻ: ബ്രിട്ടന് ഏറെ ആശ്വാസം പകരുന്ന വിധത്തിൽ കോവിഡ് വ്യാപനത്തിൽ വീണ്ടും വൻ ഇടിവ് ദൃശ്യമായി. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 25 ശതമാനത്തിന്റെ കുറവാണ് രോഗവ്യാപനതോതിൽ ദൃശ്യമായിട്ടുള്ളത്. ഇന്നലെ 15,845 പേർക്കാണ് പുതിയതായി കോവിഡ് സ്തിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച്ച ഇത് 21,088 ആയിരുന്നു. അതുപോലെ കഴിഞ്ഞ ഞായറാഴ്‌ച്ച 587 മരണങ്ങൾ രേഖപ്പെടുത്തിയെങ്കിൽ ഇന്നലെ രേഖപ്പെടുത്തിയത് വെറും 373 മരണങ്ങൾ മാത്രമായിരുന്നു. 36 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്.

പ്രതിദിനം ആയിരം പേർക്ക് മാത്രം രോഗം സ്ഥിരീകരിക്കുന്ന ഒരു സാഹചര്യമുണ്ടായൽ മാത്രമേ മൂന്നാം ലോക്ക്ഡൗൺ പിൻവലിക്കാവൂ എന്ന് ആരോഗ്യ രംഗത്തെ പ്രമുഖർ പ്രധാനമന്ത്രിയോടെ ആവശ്യപ്പെട്ടതിന് പുറകെയാണ് ഈ കണക്കുകളും പുറത്തുവന്നത്. എൻ എച്ച് എസ് പ്രൊവൈഡേർസ് ചീഫ് എക്സിക്യുട്ടീവ് ക്രിസ് ഹോപ്സൺ പറയുന്നത്, ഇന്നത്തെ സാഹചര്യത്തിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചാൽ അത് ഒരുപക്ഷെ കൊറോണയുടെ നാലാം വരവിന് കാരണമായേക്കും എന്നാണ്.

പ്രതിവാര കണക്കുകൾ പ്രകാരം നിലവിൽ രോഗവ്യാപനം കുറയുന്നതിന്റെ തോത് ഏകദേശം 18 മുതൽ 22 ശതമാനം വരെയാണ്. ഇത് 95 ശതമാനം ആയാൽ മാത്രമേ ലോക്ക്ഡൗൺ പിൻവലിക്കാനുള്ള സാഹചര്യം ഉണ്ടാകു എന്നാണ് അദ്ദേഹം പറയുന്നത്. അതായത്, പ്രതിദിനം ആയിരത്തിൽ താഴെ വ്യക്തികൾക്ക് മാത്രം കോവിഡ് സ്ഥിരീകരിക്കുന്ന ഒരു സാഹചര്യത്തിൽ മാത്രമേ ലോക്ക്ഡൗൺ പിൻവലിക്കാനാകൂ എന്ന് ചുരുക്കം. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയാൽ ഒരു നാലാം തരംഗം പ്രതീക്ഷിക്കാമെന്ന് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയും മുന്നറിയിപ്പ് നൽകിയിരുന്നു.

ജൂണിനു മുൻപായി 1,30,000 മരണങ്ങൾ കൂടി സംഭവിക്കും എന്നാണ് ശാസ്ത്രോപദേശക സമിതി വിലയിരുത്തുന്നത്. ലോക്ക്ഡൗൺ പിൻവലിക്കുന്നതിനു മുൻപായി വലിയൊരു ശതമാനം ബ്രിട്ടീഷുകാർക്ക് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചിരിക്കുമെങ്കിലും, നിലവിലെ സാഹചര്യത്തിൽ ഇളവുകൾ കൂടുതൽ പേരെ രോഗികളാക്കി ആശുപത്രികളിലെത്തിക്കും എന്നാണ് അവർ കരുതുന്നത്. അതേസമയം കോവിഡ് ബാധിച്ച ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടാകുന്നുണ്ട്. എന്നിരുന്നാലും 29,326 രോഗികളാണ് ഇപ്പോൾ വിവിധ ആശുപത്രികളിലായി ഉള്ളത്.

ഇന്നത്തെ നിലയിൽ രോഗവ്യാപനം കുറഞ്ഞുവന്നാൽ, പ്രതിദിനം 1000 രോഗികളിൽ താഴെ എന്ന ലക്ഷ്യത്തിലെത്താൻ കുറഞ്ഞത് 14 ആഴ്‌ച്ചകളെങ്കിലും എടുക്കും. അതായത് മെയ്‌ 15 വരെയെങ്കിലുംനിയന്ത്രണങ്ങൾ നിലനിൽക്കേണ്ടതുണ്ട് എന്ന് ചുരുക്കം. നിയന്ത്രണങ്ങൾ നീക്കിയാൽ പ്രതിദിനം 1000 മരണങ്ങൾ വരെ സംഭവിക്കാവുന്ന നാലാം തരംഗം ഉണ്ടാകുമെന്നാണ് ശാസ്ത്രോപദേശക സമിതി നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

അതേസമയം 70 വയസ്സിനു മുകളിലുള്ളവർക്ക് എല്ലാവർക്കും ഫെബ്രുവരി 15 ന് മുമ്പായി വാക്സിൻ നൽകുന്നതിനുള്ള പദ്ധതി വിചാരിച്ചതിലും വേഗത്തിൽ പുരോഗമിക്കുന്നുണ്ട് എന്നത് ആശ്വാസം നൽകുന്ന ഒരു വാർത്ത തന്നെയാണ്. വാക്സിന് ഒപ്പം., കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളാണ് രോഗവ്യാപനം കുറച്ചുകൊണ്ടുവരാൻ സഹായിച്ചത് എന്നതിൽ ഒരു തർക്കവുമില്ല. അതേസമയം ഫൈസർ വാക്സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള മൂന്ന് ആഴ്‌ച്ചയിൽ നിന്നും 12 ആഴ്‌ച്ചകളായി വർദ്ധിപ്പിച്ചത് കൂടുതൽ പേർക്ക് ആദ്യ ഡോസ് നൽകാൻ സഹായിക്കും. അതുവഴി ചെറിയൊരു കാലയളവിനുള്ളിൽ കൂടുതലേ്പർക്ക് അടിസ്ഥാന പ്രതിരോധ ശേഷി നല്കാനാകും.