ലണ്ടൻ: ബ്രിട്ടനിൽ തുടർച്ചയായ നാലാം ദിവസവും പ്രതിവാരാടിസ്ഥാനത്തിൽ കോവിഡ് വ്യാപന നിരക്ക് വർദ്ധിക്കുന്നത് ആശങ്കയുണർത്തുന്നു. സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചതിന്റെ പരിണിതഫലമാണിതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 31,564 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 18.5 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

ഞായറാഴ്‌ച്ചയ്ക്ക് മുൻപുള്ള ഒമ്പതു ദിവസങ്ങളിൽ രോഗവ്യാപനതോത് ക്രമമായി കുറഞ്ഞു വന്നത് പ്രതീക്ഷയ്ക്ക് വക നൽകിയിരുന്നു. എന്നാൽ, ഞായറാഴ്‌ച്ച മുതൽ ഇത് വർദ്ധിക്കുകയായിരുന്നു. മരണനിരക്കിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്.ഇന്നലെ 203 കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് 9.7 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. അതേസമയം ചികിത്സതേടി ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.

ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ വ്യാഴാഴ്‌ച്ച 861 രോഗികളേയാണ് ബ്രിട്ടനിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. തൊട്ടുമുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 25 ശതമാനം കുറവാണിത്. എന്നാൽ, രോഗവ്യാപന നിരക്കിലെ മാറ്റങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തെ സ്വാധീനിക്കുവാൻ ഒരാഴ്‌ച്ചയെങ്കിലും വൈകും എന്നതിനാൽ, ഇപ്പോഴുള്ള രോഗവ്യാപന തോതിലെ വർദ്ധനവ് വരുന്ന ആഴ്‌ച്ചകളിൽ ആശുപത്രികലിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചേക്കാം എന്ന ആശങ്കയും നിലനിൽക്കുന്നു.

അതിനിടയിൽ ഇംഗ്ലണ്ടിലേ ഏകദേശം 1,22,000 കുട്ടികൾ കോവിഡുമായി ബന്ധപ്പെട്ട കാരണങ്ങളാൽ സ്‌കൂളുകളിൽ നിന്നും വിട്ടുനിൽക്കുന്നതായ മറ്റൊരു റിപ്പോർട്ടും പുറത്തുവന്നു. ഇതിൽ രോഗം സ്ഥിരീകരിച്ചവും, രോഗികളുമായി സമ്പർക്കം പുലർത്തിയവരും ഒക്കെയുണ്ട്. വെയിൽസിലെ ബ്രെക്കണിലുള്ള കാർഡോക് പ്രൈമറി സ്‌കൂളിലെ പകുതിയോളം കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്‌കൂൾ അടച്ചുപൂട്ടി. കുട്ടികൾക്ക് വാക്സിൻ നൽകുന്ന പദ്ധതി ഇന്നലെ ആരംഭിച്ചിരുന്നു. വാക്സിൻ മൂലം കുട്ടികൾക്ക് ലഭിക്കുന്ന പ്രതിരോധശേഷി സ്വാഭാവിക പ്രതിരൊധ ശേഷിയുമായി താരതമ്യംചെയ്യുമ്പോൾ തീരെ കുറവാണെന്ന അഭിപ്രായം നിലനിൽക്കുമ്പോഴും ഇതുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. 12 നും 15 നും ഇടയിൽ പ്രായമുള്ള 3 മില്ല്യൺ കുട്ടികൾക്ക് ഇതുവഴി വാക്സിൻ ലഭിക്കും.

രാജ്യത്ത് പത്തിൽ ഒരു കുട്ടിവീതം കോവിഡ് കാരണങ്ങളാൽ സ്‌കൂളുകളിൽ പോകുന്നില്ല എന്നാണ് സർക്കാർ പറയുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പ്രകാരം മൊത്തം വിദ്യാർത്ഥികളിൽ 1.5 ശതമാനം പേർ നിലവിൽ കോവിഡ് മൂലം സ്‌കൂളുകളിൽ പോകുന്നില്ല. ഇതിൽ 59,300 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 19,44,600 പേർക്ക് കോവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. 15,900 പേർ വിവിധ കാരണങ്ങളാൽ സെൽഫ് ഐസൊലേഷനിലുമാണ്.