ലണ്ടൻ: പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും കാര്യമായ ഇടിവുണ്ടായിരിക്കുന്നു. ബ്രിട്ടനിൽ രോഗവ്യാപനം നിയന്ത്രണാധീനമാകുന്നു എന്നതിന്റെ സൂചനയുമായി ഏകദേശം 30.6 ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ ഇന്നലെ ഉണ്ടായത്. ഇന്നലെ 23,275 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം 1200 മരണങ്ങളും ഇന്നലെ രേഖപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്‌ച്ചയിലേതിനേക്കാൾ 11 ശതമാനത്തിന്റെ കുറവാണ് മരണനിരക്കിൽ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി രോഗവ്യാപന നിരക്ക് കുറയുന്നുണ്ടായിരുന്നെങ്കിലും മരണനിരക്കിൽ കാര്യമായ വ്യത്യാസം ദൃശ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ മരണനിരക്കിലും കുറവുണ്ടായിട്ടുള്ളത് വളരെയേറെ ആശ്വാസം നൽകുന്ന ഒന്നാണ്. ബ്രിട്ടന്റെ, ഏറെ പ്രശംസിക്കപ്പെട്ട വാക്സിനേഷൻ പദ്ധതി ഫലവത്താകുന്നു എന്നതിന്റെ സൂചനകൂടിയാണ്രോഗവ്യാപന നിരക്കിൽ വരുന്ന കുറവ്. കഴിഞ്ഞ ഒരാഴ്‌ച്ചയായി രോഗവ്യാപനത്തിൽ കാര്യമായ കുറവുണ്ടാകുന്നതിനാൽ ബ്രിട്ടന്റെ മേൽ ഭൗതികവും മാനസികവുമായ സമ്മർദ്ദം ഉളവാക്കുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളി ചില ഇളവുകൾ വരുത്തുന്നകാര്യം ബോറിസ് ജോൺസൺ ആലോചിക്കുന്നു എന്നതിന്റെ ചില സൂചനകളും ലഭിച്ചിട്ടുണ്ട്.

വാക്സിനേഷൻ രോഗവ്യാപനം ചെറുക്കുന്നതിൽ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക ഗവേഷണഫലങ്ങൾ കാണിക്കുന്നതെന്ന് ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ ഡെപ്യുട്ടി ചെയർമാൻ പ്രൊഫസർ ആന്റണി ഹാർഡൻ പറഞ്ഞു. ഇതിന്റെ വിശദമായ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. മാത്രമല്ല, രണ്ടാമത്തെ ഡോസ് കൊടുക്കുന്നത് വൈകിപ്പിച്ച നടപടി ബ്രിട്ടീഷുകാർക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഉപകാരപ്രദമാകും എന്നാണ് ഗവേഷണം തെളിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ വാക്സിനേഷൻ രേഖകളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം.

അതേസമയം ബ്രിട്ടന്റെ വാക്സിനേഷൻ പദ്ധതി പ്രതീക്ഷിച്ച വേഗത കൈവരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ 4,89,934 പേർക്കാണ് വാക്സിൻ നൽകിയത്. ഇതോടെ വാക്സിൻ ആദ്യഡോസ് ലഭിച്ചവരുടെ എണ്ണം 88,59,372 ആയി ഉയർന്നു. ജനുവരി 29 വരെ 88,59,372 പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയതായാണ് സർക്കാർ രേഖകൾ കാണിക്കുന്നത്. ഇതിൽ 83,78,940 പേർക്ക് ആദ്യ ഡോസ് മാത്രമാണ് നൽകിയിട്ടുള്ളത്. 4,80,432 പേർക്ക് രണ്ടാം ഡോസും നൽകിക്കഴിഞ്ഞു.

ഫെബ്രുവരി 15 ന് മുൻപായി 15 ലക്ഷം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകുക എന്നതാണ് തങ്ങളുടെ ഉദ്ദേശ്യലക്ഷ്യമായി സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഇത് ലക്ഷ്യത്തിലെത്താൻ പ്രതിദിനം 4,13,816 ഡോസുകൾ നൽകേണ്ടതായി വരും.ഇതിനിടയിൽ ബ്രിട്ടനിലേക്കുള്ള വാക്സിൻ കയറ്റുമതി തടയുവാനുള്ള ഉദ്യമത്തിൽ നിന്നും യൂറോപ്യൻ യൂണിയൻ പിന്മാറിയത് ഏറെ ആശ്വാസം നൽകിയിട്ടുണ്ട്. ഇതോടെ ലക്ഷ്യം പൂർണ്ണമായും കൈവരിക്കാനാകും എന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു.