- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബ്രമോവിച്ചിന്റെ മുഴുവൻ സ്വത്തുക്കൾ മരവിപ്പിച്ച് ബ്രിട്ടൻ; രാജ്യത്തേക്ക് യാത്രാ വിലക്ക്; ബ്രിട്ടീഷ് പൗരന്മാരുമായി ഇടപാടുകൾ നടത്തുന്നതിനും നിരോധനം; ചെൽസിക്ക് തൽക്കാലം കളി തുടരാം
ചെൽസി: യുക്രൈനിൽ റഷ്യയുടെ സൈനിക നടപടിയുടെ പശ്ചാത്തലത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെ ഉടമയും റഷ്യൻ കോടീശ്വരനുമായ റൊമാൻ അബ്രമോവിച്ചിന്റെ മുഴുവൻ സ്വത്തുക്കളും മരവിപ്പിക്കാൻ ബ്രിട്ടൻ. അബ്രമോവിച്ചിന് ബ്രിട്ടിനിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയതിന് പുറമെ ബ്രിട്ടീഷ് പൗരന്മാരുമായി ഇടപാടുകളോ വ്യാപാരമോ നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
യുക്രൈനിൽ റഷ്യ നടത്തുന്ന സൈനിക നീക്കങ്ങളെ ചെറുക്കാൻ സമ്മർദ്ദം ചെലുത്താൻ വേണ്ടി അബ്രമോവിച്ച് ഉൾപ്പെടെയുള്ള ഏഴു റഷ്യൻ സമ്പന്നരുടെ ബ്രിട്ടൻ ഔദ്യോഗികമായി മരവിപ്പിച്ചത്. ഇത് ചെൽസിയെ വിൽക്കാനുള്ള റഷ്യൻ സമ്പന്നൻ റോമൻ അബ്രമോവിച്ചിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയാകും. സീസൺ ടിക്കറ്റ് ഉടമകൾക്ക് മാത്രമേ ഇനി ചെൽസിയുടെ മത്സരങ്ങൾ കാണാൻ കഴിയുകയുള്ളൂ. ഇനി മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ വിൽക്കാൻ കഴിയില്ലെന്നതും ബ്രിട്ടന്റെ നടപടികളിൽ ഉൾപ്പെടുന്നു. എന്നാൽ ചെൽസിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ യാതൊരു വിധത്തിലുള്ള തടസവും ഉണ്ടാകില്ല.
ചെൽസിയുടെ ലൈസൻസ് റദ്ദാക്കിയിട്ടില്ലെങ്കിലും ടീം നിരീക്ഷണത്തിലായിരിക്കുമെന്നും ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. അബ്രമോവിച്ചിന് പുറമെ റഷ്യൻ കോടീശ്വരന്മാരായാ ഒലേഗ് ഡെറിപാസ്കാ, റോസ്നെഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഇഗോർ സെച്ചിൻ എന്നിവരുടെയും സ്വത്തുക്കൾ മരവിപ്പിക്കുകയും യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വിലക്ക് മുന്നിൽ കണ്ട് ചെൽസിയുടെ നടത്തിപ്പ് അവകാശം അബ്രമോവിച്ച് കഴിഞ്ഞ മാസം ക്ലബിന്റെ ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറിയിരുന്നു. ചെൽസി വിൽക്കാൻ തയാറാണെന്നും ക്ലബ്ബ് വിറ്റു കിട്ടുന്ന തുക യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രൈന് നൽകുമെന്നും അബ്രമോവിച്ച് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
ക്ലബ്ബ് വിറ്റതിനുശേഷം ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തി യാത്ര പറയുമെന്നും അബ്രമോവിച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചെൽസിയെ സ്വന്തമാക്കാൻ സ്വിസ് വ്യവസായ ഭീമന്മാരായ ഹൻസോർഗ് വൈസ് താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ബ്രിട്ടൻ യാത്രാവിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ക്ലബ്ബ് വിറ്റാലും അബ്രമോവിച്ചിന് ബ്രിട്ടിനിൽ എത്താനാവില്ല. വിലക്ക് മുന്നിൽ കണ്ട് ഇംഗ്ലണ്ടിലെ തന്റെ വില്ലകൾ വിൽക്കാനുള്ള ശ്രമത്തിലായിരുന്നു അബ്രമോവിച്ച്.
റഷ്യൻ ഭരണകൂടവുമായും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും അടുത്ത ബന്ധമുള്ള വ്യവസായിയാണ് റൊമാൻ അബ്രമോവിച്ച്എണ്ണ വ്യവസായിയായ അബ്രമോവിച്ച് 2003ൽ ഏകദേശം 1500 കോടി രൂപയ്ക്കാണ് ചെൽസി ഫുട്ബോൾ ക്ലബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. ഇതിന് ശേഷം പ്രീമിയർ ലീഗിലും എഫ് എ കപ്പിലും അഞ്ച് തവണയും ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും രണ്ട് വട്ടവും ചെൽസി ചാമ്പ്യന്മാരായി. റഷ്യൻ പാർലമെന്റിലെ അംഗമായിരുന്ന അബ്രമോവിച്ച് എട്ട് വർഷം പ്രവിശ്യ ഗവർണറുമായിരുന്നു.
യുക്രൈനിലെ സൈനിക നടപടിക്ക് പിന്നാലെ റഷ്യൻ കോടീശ്വരന്മാർക്കും ബാങ്കുകൾക്കും ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ അബ്രമോവിച്ചിനെതിരെ ഇംഗ്ലണ്ടിൽ പ്രതിഷേധം ശക്തമായിരുന്നു. ചെൽസി ഉടമയുടെ ബ്രിട്ടനിലെ സ്വത്തുക്കൾ കണ്ടുകെട്ടമെന്ന് ലേബർ പാർട്ടി എംപി ക്രിസ് ബ്രയന്റ് പാർലമെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അബ്രമോവിച്ച് ചെൽസിയുടെ നടത്തിപ്പ് അവകാശം കൈമാറിയത്. നിലവിൽ 26 മത്സരങ്ങളിൽ 53 പോയന്റുമായി പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും(69 പോയന്റ്), ലിവർപൂളിനും(63 പോയന്റ്) പിന്നിൽ മൂന്നാം സ്ഥാനത്താണ് ചെൽസി.
ന്യൂസ് ഡെസ്ക്