ലണ്ടൻ: ബെർക്ക്ഷെയറിലെ വോക്കിങ്ഹാമിലുള്ള ഇന്ത്യൻ വംശജയായ 39കാരി സോണിയ ബാഗ ബ്രിട്ടീഷ് എയർവേസിനെതിരെ നിയമപോരാട്ടത്തിനിറങ്ങി. ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ നിന്നും ലഭിച്ച ചിക്കൻ റാപ് കടിച്ചയുടൻ തന്റെ ശ്വാസം നിലയ്ക്കുകയും മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്ത സംഭവത്തിന്റെ പേരിലാണ് വിമാനക്കമ്പനിയുടെ കോടതി കയറ്റാനായി യുവതി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ചിക്കൻ റാപിൽ എള്ള് ചേർത്തിരുന്നുവെന്ന് അറിയിപ്പില്ലായിരുന്നുവെന്നും അതാണ് എള്ള് അലർജിയായ തനിക്ക് അപകടം വരുത്തി മരണത്തിന്റെ വക്കിൽ വരെ എത്തിച്ചതെന്നും രണ്ട് കുട്ടികളുടെ അമ്മയായ ഈ സ്ത്രീ ആരോപിക്കുന്നു. ഇക്കാരണത്താൽ എന്തെങ്കിലും അലർജിയുള്ളവർ ആരെയും വിശ്വസിച്ച് ഒന്നും കഴിക്കരുതെന്ന മുന്നറിയിപ്പിന് ഈ പുതിയ സംഭവത്തോടെ പ്രസക്തിയേറുകയാണ്.

ചിക്കൻ റാപ് രണ്ട് കടി കടിച്ചതോടെ സോണിയ അനഫൈലാറ്റിക് ഷോക്കിലെത്തുകയും ശ്വാസം നിലയ്ക്കുകയുമായിരുന്നു. ചിക്കൻ റാപിൽ എന്തൊക്കെ ചേരുവകളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ലേബലിൽ വെളിപ്പെടുത്തുന്നതിൽ ബ്രിട്ടീഷ് എയർവേസ് തികഞ്ഞ് അലംഭാവം കാണിച്ചതിനാലാണ് തനിക്കീ ദുരവസ്ഥയുണ്ടായതെന്ന് ആരോപിച്ചാണ് സോണിയ നിലവിൽ കോടതി കയറുന്നത്. തലനാരിഴയ്ക്കാണ് താൻ മരണത്തിൽ നിന്നോ അല്ലെങ്കിൽ മസ്തിഷ്‌ക പ്രശ്നത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ വെളിപ്പെടുത്തിയിരുന്നുവെന്നും ഈ ഇവന്റ്സ് എക്സിക്യൂട്ടീവ് ആരോപിക്കുന്നു.

റാപ് കഴിച്ചയുടൻ താൻ ഭർത്താവിന്റെയും കുട്ടികളുടെയും മുന്നിൽ വച്ച് മരിക്കാൻ പോവുകയാണെന്നായിരുന്നു കരുതിയിരുന്നതെന്നാണ് സോണിയ വെളിപ്പെടുത്തുന്നത്. ഇതിനെ തുടർന്ന് തനിക്ക് ശ്വാസം കഴിക്കാൻ സാധിക്കാതെ പോയിരുന്നുവെന്നും തന്റെ കഴുത്തിന് ആരോ കയറിട്ട് കുരുക്കുന്നത് പോലെ അനുഭവപ്പെട്ടിരുന്നുവെന്നും ഇത് തന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ അനുഭവമായിരുന്നുവെന്നും സോണിയ ഭയത്തോടെ വിശദീകരിക്കുന്നു. എന്നാൽ വിമാനത്തിലുണ്ടായിരുന്ന യുവ ഡോക്ടറുടെ സമയോചിതമായ ഇടപെടൽ മൂലമായിരുന്നു സോണിയയുടെ ജീവൻ രക്ഷപ്പെട്ടത്. സോണിയയുടെ ശ്വാസം നിലയ്ക്കുന്നത് കണ്ട ഈ ഡോക്ടർ തന്റെ ഹാൻഡ് ബാഗിലുണ്ടായിരുന്നു അഡ്രിനാലിൻ അടങ്ങിയ എപിപെൻ എടുത്ത് ഇഞ്ചെക്ഷൻ വയ്ക്കുകയായിരുന്നു.

തുടർന്ന് വിമാനം ലാൻഡ് ചെയ്തതിന് ശേഷം സോണിയയെ ഹോസ്പിറ്റലിലെത്തിച്ച് പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു.ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം നടന്നത്. അതിന് മുമ്പ് നടന്ന സംഭവത്തിൽ ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ 15 വയസുള്ള നടാഷ എഡ്നാൻ ലാപെറൗസ് , പ്രെറ്റ് മാൻഗെർ ബാഗ്യൂറ്റെ കഴിച്ചതിനെ തുടർന്നുള്ള അലർജിയെ തുടർന്ന് കാർഡിയാക് അറസ്റ്റുണ്ടായി മരിച്ചിരുന്നു.ഇതിലടങ്ങിയിരുന്ന എള്ളാണ് അലർജിയായി വർത്തിച്ചത്. ഇതിനെ തുടർന്നും ബ്രിട്ടീഷ് എയർവേസിന് കോടതി കയറേണ്ടി വന്നിരുന്നു.