ഡബ്ലിൻ: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യക്കാർക്കുള്ള ഐറീഷ് യുകെ സംയുക്ത വിസാ പദ്ധതി പ്രാബല്യത്തിലായി. ഇന്നു മുതൽ ഇന്ത്യക്കാർക്ക് ഒറ്റ വിസയിൽ യുകെയും അയർലണ്ടും സന്ദർശിച്ചു മടങ്ങാം. ബ്രിട്ടീഷ് ഹോം സെക്രട്ടറി തെരേസ മേയും ഐറീഷ് മിനിസ്റ്റർ ഫ്രാൻസീസ് ഫിറ്റ്‌സ്‌ജെറാൾഡും കഴിഞ്ഞ ഒക്ടോബറിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതായിരുന്നു സംയുക്ത വിസാ പദ്ധതി. നിലവിൽ  ഇന്ത്യക്കാർക്കും ചൈനക്കാർക്കും മാത്രമേ സംയുക്ത വിസാ പദ്ധതി ബാധകമാകൂ.

ഫെബ്രുവരി പത്തു മുതൽ ബ്രിട്ടീഷ് ഐറീഷ് വിസാ സ്‌കീമിനു കീഴിൽ യുകെ വിസയ്‌ക്കോ ഐറീഷ് വിസിറ്റ് വിസയ്‌ക്കോ അപേക്ഷിക്കുന്ന ഏതൊരു ഇന്ത്യക്കാരനും ഒറ്റ യാത്രയിൽ ഇരു രാജ്യങ്ങളിലും സന്ദർശിച്ചു മടങ്ങാം. നേരത്തെ ഈ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് വ്യത്യസ്ത വിസ വേണ്ടിയിരുന്നിടത്താണ് ഒറ്റ വിസയിൽ ഇരു രാജ്യങ്ങളും സന്ദർശിക്കാനുള്ള സംവിധാനമായിരിക്കുന്നത്.

യുകെ, ഐറീഷ് ടൂറിസം മേഖലയിൽ ഇന്ത്യ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് സംയുക്താ വിസാ പദ്ധതി നടപ്പിലാക്കുന്നതെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമീഷണർ ജെയിങ് ബേവൻ വ്യക്തമാക്കി. മാറിയ സാഹചര്യത്തിൽ കൂടുതൽ ഇന്ത്യക്കാർ യുകെയും അയർലണ്ടും സന്ദർശിക്കുമെന്നാണ് കരുതുന്നതെന്നും ജെയിംസ് ബേവൻ പ്രത്യാശപ്രകടിപ്പിച്ചു.

അതേസമയം സ്റ്റുഡന്റ് വിസ, വർക്ക് വിസ എന്നിവയുള്ളവർക്ക് സംയുക്ത വിസാ ആനുകൂല്യം ലഭിക്കില്ല. ഷോർട്ട് ടേം വിസകൾ ഉള്ളവർക്ക് മാത്രമാണ് ഈ സ്‌കീം പ്രകാരം ഇരുരാജ്യങ്ങളിലും സന്ദർശനം നടത്താൻ പാടുള്ളൂ. ഐറീഷ് ഷോർട്ട് സ്‌റ്റേ വിസ ഉള്ളവർക്ക് യുകെ വേണമെങ്കിലും സന്ദർശിച്ചു മടങ്ങാം. എന്നാൽ ആദ്യം അയർലണ്ടിൽ എത്തണമെന്നു മാത്രം. അതുപോലെ ബ്രിട്ടീഷ് വിസിറ്റ് വിസയാണ് ഉള്ളതെങ്കിൽ ആദ്യം യുകെയിൽ എത്തിയ ശേഷം മാത്രം അയർലണ്ട് സന്ദർശനത്തിന് പോകാം. ആദ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന രാജ്യത്തിലേക്കുള്ള വിസിറ്റ് വിസയ്ക്കായിരിക്കും അപേക്ഷ നൽകേണ്ടതെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറിൻ അഫേഴ്‌സ് വ്യക്തമാക്കുന്നു.
സംയുക്ത വിസാ പദ്ധതി തുടക്കഘട്ടത്തിലാണെന്നും ഇന്ത്യക്കാർക്കും ചൈനക്കാർക്കും പ്രാബല്യത്തിലാക്കിയ ഈ പദ്ധതി പിന്നീട് ലോകമെമ്പാടുമുള്ളവർക്ക് കൂടി ലഭ്യമാകുമെന്നും ഡിപ്പാർട്ട്‌മെന്റ് വെളിപ്പെടുത്തി. ട്രാൻസിറ്റ് വിസയിലും വിവാഹ ആവശ്യങ്ങൾക്കുമൊഴികെ ബ്രിട്ടണിലെത്തുന്നവർക്കെല്ലാം ഒറ്റ വിസയിൽ അയർലണ്ടും സന്ദർശിക്കാം.