സൗത്താംപ്ടൺ: മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ഓൺലൈൻ ദിനപത്രം വർഷം തോറും സംഘടിപ്പിക്കുന്ന ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ് നാളെ ലണ്ടനിലെ സൗത്താംപ്ടണിൽ നടക്കും. യുകെ മലയാളികളുടെ ഏറ്റവും വലിയ സംഗമ വേദി കൂടിയാണ് കഴഞ്ഞ ഏഴ് വർഷമായി സംഘടിപ്പിച്ചു വരുന്ന ബ്രിട്ടീഷ് മലയാളി അവർഡ് നൈറ്റ്. എട്ടാമത്തെ ആഘോഷത്തിനാണ് നാളെ സൗത്താംപ്ടൺ വേദിയാകുക. പരിപാടിയുടെ വിജയത്തനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തയായിട്ടുണ്ട്.

ബ്രിട്ടീഷ് സമയം നാളെ വൈകുന്നേരം മൂന്നു മുതൽ രാത്രി ഒൻപതു മണി വരെ ഇടതടവില്ലാത്ത സെന്റ് ജോർജ്ജ് കാത്തലിക് കോളേജിലെ വേദിയിൽ കലാവിരുന്നും അവാർഡ് പ്രഖ്യാപനങ്ങളും ഒക്കെയാണ് കാണികളെ തേടിയെത്തുക. അവാർഡ് നൈറ്റിൽ പങ്കെടുക്കുവാനായി നൂറു കണക്കിനു മലയാളികളാണ് സൗത്താംപ്ടണിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഇതോടെ മുൻ വർഷങ്ങളിലേക്കാൾ പതിവ് വിട്ട ആവേശത്തിലാണ് ഇത്തവണയും അവാർഡ് നൈറ്റിനെ യുകെ മലയാളികൾ സ്വീകരിക്കുന്നത്. പ്രൊഫഷണൽ സംഘങ്ങളെ അണിനിരത്തിയുള്ള മേന്മയുറ്റ കലാപരിപാടികൾ തന്നെയാണ് ഈ ആവേശത്തിന് പ്രധാന കാരണം. കേരളത്തിൽ നിന്നും കലാഭവൻ ദിലീപും ഗായിക ഗായത്രി സുരേഷുമാണ് ഇത്തവണത്തെ മുഖ്യാതിഥികളായി എത്തുന്നത്. വാർത്താ താരം, മികച്ച നഴ്‌സ്, യംഗ് ടാലന്റ് എന്നീ മൂന്നു വിഭാഗങ്ങളിലായി അവാർഡുകളും നൽകും. ഓൺലൈൻ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട വിജയികളെ അവാർഡ് നൈറ്റ് വേദിയിൽ വച്ചാണ് പ്രഖ്യാപിക്കുക

കൃത്യം മൂന്നു മണിക്ക് അവാർഡ് നൈറ്റിലെ കലാവിരുന്നുകൾക്ക് തിരശ്ശീല ഉയരും. മിനിറ്റുകൾ മാത്രമാണ് ദീപം തെളിയിച്ചുള്ള ഉദ്ഘാടനത്തിനായി മാറ്റി വച്ചിരിക്കുന്നത്. നിരവധി കലാകാരന്മാരുടെ വ്യക്തി ഗത നൃത്തങ്ങളും വിവിധ അസോസിയേഷനുകളുടെയും ഡാൻസ് ഗ്രൂപ്പുകളുടെയും നേതൃത്വത്തിലുള്ള നൃത്തയിനങ്ങളും വേദിയിലെത്തും. കലാമണ്ഡലം ചിട്ടകളോടെയുള്ള തില്ലാനയാണ് സ്വാഗത നൃത്തമായി കലാമണ്ഡലം വിദ്യാ തിരുനാരായനും സംഘവും അവതരിപ്പിക്കുക. സ്വാഗതനൃത്തത്തിനു ശേഷം ഉടൻ തന്നെ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന അവാർഡ് പ്രഖ്യാപനങ്ങൾക്ക് തുടക്കമാകും.

പിന്നീട് വീണ്ടും കലാപ്രകടനങ്ങളും ആവേശ മത്സരം കാഴ്ച വച്ച മികച്ച നഴ്‌സിനുള്ള പുരസ്‌കാര പ്രഖ്യാപനവും നടക്കും. പുരസ്‌കാരദാനങ്ങൾക്കിടയിൽ വിശിഷ്ടാതിഥിയായി എത്തിയ ഗായത്രി സുരേഷിന്റെ ഗാനാലാപനവും കലാഭവൻ ദിലീപിന്റെ മിമിക്രിയും കാണികൾക്കു മുൻപിലേക്ക് എത്തുന്നതായിരിക്കും. മലേഷ്യയിൽ നിന്നും ഒഡീസിയുടെ സൗന്ദര്യവുമായി എത്തിയ കാളി ചന്ദ്രശേഖരത്തിന്റെ നൃത്തമാണ് ഒരു പ്രധാന കലാവിരുന്ന്. മൂന്നാമതായി വാർത്താ താരം പുരസ്‌കാരമാണ് പ്രഖ്യാപിക്കുക. വീണ്ടും അരങ്ങിലെത്തുന്ന കലാപ്രകടനങ്ങൾക്കു ശേഷം കമ്മ്യൂണിറ്റി സർവ്വീസിനുള്ള പ്രത്യേക പുരസ്‌കാരം ബോൾട്ടണിലെ നഴ്‌സിങ് ഹോം ഉടമയായ ഷൈനു ക്ലെയർ മാത്യൂസിന് സമ്മാനിക്കും. ഡാൻസും സൊഹാരോ യുകെയുടെ ബോളിവുഡ് ഡാൻസും ഗായത്രി സുരേഷിന്റെയും ടീമിന്റെയും ഫ്യൂഷൻ ഗാനത്തോടു കൂടിയാണ് ഈ വർഷത്തെ ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിന് തിരശ്ശീല വീഴുക.

ഗായത്രിയേയും കലാഭവൻ ദിലീപിനെയും കൂടാതെ, ഒട്ടനേകം അതിഥികളും അവാർഡ് നൈറ്റിൽ പങ്കെടുക്കുവാൻ എത്തും. പ്രതിപക്ഷ മന്ത്രിനിരയിലെ പ്രമുഖനായ ബിസിനസ്, ഊർജ്ജ മന്ത്രി ഡോ. അലൻ വൈറ്റ് ഹെഡ്, ബ്രിട്ടീഷ് വനിതാ ഗുസ്തി ചാമ്പ്യൻഷിപ്പിലെ രാജ്ഞി എന്ന് വിശേഷിപ്പിക്കാവുന്ന ബ്രിയോണി ടൈറൽ, ബ്രിട്ടീഷ് രാഷ്ട്രീയത്തിലെയും ലേബർ പാർട്ടിയുടെയും തലമുതിർന്ന അംഗമായ ഊർജ്ജ, ബിസിനസ് സെക്രട്ടറി ഡോ. അലൻ, കൗൺസിലർ സാത്വിർ കൗർ, ഇന്ത്യൻ എംബസ്സിയുടെ പ്രതിനിധിയായി മലയാളിയായ മുതിർന്ന ഉദ്യോഗസ്ഥൻ ടി ഹരിദാസ് എന്നിവരാണ് മറ്റ് അതിഥികൾ.

എട്ടു വർഷം മുൻപ് ബ്രിട്ടീഷ് മലയാളിയുടെ വളർച്ചയുടെ ഭാഗമായി, ബ്രാൻഡ് എന്ന നിലയിൽ ജനഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടിയെടുക്കുന്നതിന്റെ ഭാഗമായി രൂപം നൽകിയ അവാർഡ് നൈറ്റിലൂടെ ഇതുവരെ യുകെ മലയാളികൾക്ക് ലഭ്യമായത് ഒരു കോടി രൂപയുടെ കലാവിരുന്നാണ്. ആദ്യ വർഷമായ സ്വിണ്ടൻ അവാർഡ് നൈറ്റിൽ മാത്രം കാര്യമായ പണം ചെലവാക്കാതെ നടത്തിയ അവാർഡ് നൈറ്റിന് പിന്നീടുള്ള വർഷങ്ങളിൽ വൻതുക ചെലവിട്ടാണ് ദൃശ്യാ മനോഹരമായ കലാവിരുന്നുകൾ വായനക്കാർക്കുള്ള വാർഷിക സമ്മാനമായി നൽകിയിരുന്നത്.

എല്ലാ വർഷവും സ്‌പോൺസർമാർ സഹായവുമായി എത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും പരിധി വിട്ട ചെലവുകൾക്ക് ബ്രിട്ടീഷ് മലയാളി മാനേജ്‌മെന്റിൽ നിന്നും തന്നെയാണ് പണം ചെലവാക്കിയത്. അവാർഡ് നൈറ്റിൽ എത്തുന്ന ഭൂരിഭാഗം കലാ പ്രകടനവും സൗജന്യമായിട്ടും ഇത്രയും വലിയ തുകയുടെ കണക്കുകൾ എന്തെന്ന് സംശയം ഉണ്ടെങ്കിൽ അതിനുള്ള മറുപടി ഗുണമേന്മയുടെ മറുവാക്കായി അവാർഡ് നൈറ്റിനെ ജനം വിലയിരുത്താൻ കാരണമായതിൽ വൻതുകയുടെ ബഡ്ജറ്റും പ്രധാന പങ്കു വഹിക്കുന്നുണ്ട്.

സ്വിണ്ടനു ശേഷം, മാഞ്ചസ്റ്റർ, ലെസ്റ്റർ, ക്രോയിഡോൺ, സൗത്താംപ്ടൺ, ഹണ്ടിങ്ടൺ, ഗ്ലോസ്റ്റർ എന്നിവിടങ്ങളിലായി കഴിഞ്ഞ ഏഴു വർഷത്തെ അവാർഡ് നൈറ്റിന്റെ വൻ വിജയത്തിനു ശേഷമാണ് ഇതു രണ്ടാം തവണ അവാർഡ് നൈറ്റ് സൗത്താംപ്ടണിൽ എത്തുന്നത്. സൗത്താംപ്ടണിലെ സിബി മേപ്രത്ത് ചെയർമാനായി പര്രവർത്തിക്കുന്ന കമ്മറ്റിയാണ് അവാർഡ് നൈറ്റിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൺവീനറായ മാക്‌സി അഗസ്റ്റിൻ, വൈസ് ചെയർമാൻ ജയ്‌സൺ മാത്യു, രക്ഷാധികാരി സാം തിരുവാതിൽ, പ്രോഗ്രാം കോർഡിനേറ്റർ ജോയ്‌സൺ ജോയി, ഉണ്ണികൃഷ്ണൻ ഈവന്റ് ഡയറക്ടർ, ജോയിന്റ് കൺവീനർ ഡെന്നീസ് വറിദ് എന്നിവരാണ് മറ്റു കമ്മറ്റി അംഗങ്ങൾ.