റുനാടൻ മലയാളിയുടെ സഹോദരസ്ഥാപനവും യുകെയിലെ മലയാളികൾക്കിടയിലെ ഏറ്റവും വലിയ പത്രമായ ബ്രിട്ടീഷ് മലയാളിയുടെ വാർഷിക അവാർഡ് നൈറ്റും കലാവിരുന്നും നാളെ പ്രമുഖ നഗരമായ സൗത്താംപ്റ്റണിൽ നടക്കും. ഇതോടൊപ്പം ഇംഗ്ലണ്ടിലെ സൗന്ദര്യവും പ്രതിഭയുമുള്ള മലയാളി പെൺകുട്ടികൾക്കിടയിലെ സുന്ദരിയെ കണ്ടെത്താനുള്ള മിസ് കേരളാ യൂറോപ്പ് മത്സരവും മലയാളി വീട്ടമ്മമാരെ കണ്ടെത്താനായുള്ള മലയാളി മങ്ക മത്സരവും നടക്കും. സൗത്താംപ്റ്റണിലെ ഒ2 ഗിൽഡ്ഹാളിൽ രാവിലെ പതിനൊന്നു മണി മണി മുതൽ രാത്രി എട്ടു വരെയാണ് ആഘോഷങ്ങൾ. യുകെയിലുള്ള ആർക്കും ഷോയിൽ സൗജന്യ പ്രവേശനം ലഭിക്കുമെന്നതാണ് അവാർഡ് നൈറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത.

മാസങ്ങൾ നീണ്ട മുന്നൊരുക്കങ്ങൾക്കും തയ്യാറെടുപ്പുകൾക്കും ഒടുവിലാണ് ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റും മിസ് കേരളാ യൂറോപ്പ് മലയാളി മങ്കമത്സരവും സമാഗതമായിരിക്കുന്നത്. ബ്രിട്ടീഷ് മലയാളിയുടെ അഞ്ചാമത്തെ അവാർഡ് നൈറ്റാണ് നാളെ സൗത്താംപ്റ്റണിൽ നടക്കുക. നൂറിലധികം കലാകാരന്മാരും കലാകാരികളുമാണ് ഇവിടെ മലയാളത്തിന്റെ ചിലങ്ക കെട്ടി ആടുന്നത്. ഇതിന് പുറമേയാണ് അവാർഡ് നിശക്ക് താരത്തിളക്കം സമ്മാനിക്കുന്ന മിസ്സ് കേരള യൂറോപ്പ് മത്സരവും മലയാളി മങ്ക മത്സരവും അരങ്ങേറുക. മൂവായിരം പേരോളം അവാർഡ് നൈറ്റിൽ പങ്കെടുക്കാനും കാണാനുമായി എത്തുമെന്നാണ് കണക്കാക്കുന്നത്.

യുകെ മലയാളികൾക്കിടയിലെ പ്രതിഭകളെ കണ്ടെത്തി ന്യുസ് പേഴ്‌സൺ ഓഫ് ദി ഇയർ അവാർഡ്, കൗമാരക്കാരെ ആദരിച്ച് യങ്ങ് ടാലന്റ് അവാർഡ്, മികച്ച സംഘടനയെ കണ്ടെത്തുന്ന ബെസ്റ്റ് അസോസോസിയേഷൻ അവാർഡ്, മികച്ച നഴ്‌സിനെ കണ്ടെത്തി ബെസ്റ്റ് നഴ്‌സ് എന്നീ പുരസ്‌കാരങ്ങളാണ് ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിൽ വിതരണം ചെയ്യുന്നത്. നോമിനേഷനുകൾ സ്വീകരിച്ച ശേഷം അഞ്ചുപേരെ ഫൈനലിസ്റ്റായി കണ്ടെത്തി വായനക്കാർക്ക് വോട്ട് ചെയ്യാനുള്ള അവസരം കൊടുത്താണ് അവാർഡ് ജേതാക്കളെ കണ്ടെത്തുന്നത്. നാളെ വേദിയിൽ വച്ചാകും ജേതാക്കളെ പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ വർഷം മലയാളത്തിന്റെ മഹാനായ നടൻ മധുവാണ് ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിൽ മുഖ്യാതിഥിയായി എത്തിയതെങ്കിൽ ഇക്കുറി പ്രമുഖ മലയാള നടനായ ശങ്കറാണ് വിശിഷ്ടാതിഥിയായി പങ്കൈടുക്കുന്നത്. ശങ്കറിന് പുറമേ ഒളിമ്പ്യൻ ബോബി അലോഷ്യസ്, ലോകം എമ്പാടുമുള്ള മലയാളികൾക്ക് മാതൃകയായി മാറിയ ക്രോയ്‌ഡോണിലെ മലയാളി മേയർ മഞ്ജു ഷാഹുൽ ഹമീദ്, സൗത്താംപ്ടൺ മേയർ സൂസൻ ബ്ലാച്ച്‌ഫോർഡ്, എം പി മാരായ കരോലിൻ നോക്‌സ്, അലൻ വൈറ്റ്‌ഹെഡ് എന്നിവരായിരിക്കും വിശിഷ്ടാതിഥികളായി എത്തുക.

ഇന്നോളം നടന്ന അവാർഡ് നൈറ്റ് പരിപാടികളിൽ വച്ച് ഏറ്റവും ഉജ്ജ്വലമായ ഒന്നായിരിക്കും സൗതാംപ്ടണിൽ നടക്കാൻ പോകുന്നത് എന്ന് നിശ്ചയമായി കഴിഞ്ഞു. സൗത്താംപ്ടണിലെ ജനങ്ങൾ അത്ര ആവേശത്തോടെയാണ് അവാർഡ് നൈറ്റിനെ സ്വീകരിച്ചിരിക്കുന്നത്. മാസങ്ങളോളം നീണ്ട തയ്യാറെടുപ്പാണ് നൂറിലധികം വരുന്ന സംഘാടകർ നടത്തിയത്. ശാസ്ത്രീയ നൃത്തങ്ങൾ, സിനിമാറ്റിക്ക് ഡാൻസ്, ഗ്രൂപ് ഡാൻസ്, സ്‌കിറ്റ്, തിരുവാതിക, കോമഡി സ്‌ക്റ്റുകൾ, മിമിക്‌സ്, മാർഗം കളി എന്നു വേണ്ട സർവ്വ കലകളുടെയും സമന്വയം കൂടിയാണ് അവാർഡ് നൈറ്റ്. അവാർഡ് നൈറ്റ് വേദിയിൽ പാടാനും ചിലങ്ക കെട്ടി ആടാനും വേണ്ടി മാസങ്ങളുടെ തയ്യാറെടുപ്പുകളാണ് കലാകാരന്മാരും കലാകാരികളും നടത്തുന്നത്. രാവിലെ പതിനൊന്നര മുതൽ മിസ് കേരളാ യൂറോപ്പ് മത്സരത്തിന്റെ ആദ്യ റൗണ്ടും കലാവിരുന്നും ആരംഭിക്കുമെങ്കിലും ഉദ്ഘാടനം അവാർഡ്ദാനം എന്നിവ ഇടയ്ക്കിടെയാണ് നടക്കുക.

മേളയിൽ പങ്കെടുക്കാനെത്തുന്നവർക്കായി മലയാളത്തിന്റെ തനത് നാടൻ വിഭവങ്ങളുമായി താൽക്കാലിക റസ്റ്ററന്റും റെഡിയാണ്. സുരക്ഷക്കായി പ്രത്യേകം ഉദ്യോഗസ്ഥർക്ക് പുറമേ പ്രത്യേക വാളണ്ടിയർമാരുമുണ്ടാകും. അലൈഡ് ഫിനാൻഷ്യൽ സർവ്വീസും സെനിത്ത് സോളിസിറ്റേഴ്‌സും പ്രധാന സ്‌പോൺസറായ ബ്രിട്ടീഷ് മലയാളി അവാർഡ് നിശയിൽ സഹ സ്‌പോൺസർ റിങ് ടു ഇന്ത്യയാണ്