കേംബ്രിഡ്ജ്: യുകെയിലെ മലയാളികളുടെ ഏറ്റവും വലിയ ഒത്തുചേരൽ വേദികളിൽ ഒന്നായി ബ്രിട്ടീഷ് മലയാളിയുടെ അവാർഡ് നൈറ്റ്. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായി ബ്രിട്ടീഷ് മലയാളിയുടെ ആഭിമുഖ്യത്തിൽ യുകെയിലെ കർമ്മനിരതരായ മലയാളികളെ ആദരിക്കുന്നതിന് സംഘടിപ്പിച്ച അവാർഡ് നൈറ്റാണ് ഇവിടുത്തെ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത് വലിയ ആഘോഷമാക്കി മാറ്റിയത്. ബ്രിട്ടീഷ് മലയാളി വായനക്കാർക്ക് വേണ്ടി വർഷം തോറും സമ്മാനിക്കുന്ന അവാർഡ് നൈറ്റ് ഇക്കുറി ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി നഗരമായ കേംബ്രിഡ്ജിലായിരുന്നു. കേംബ്രിഡ്ജ് ഷെയറിലെ ഹണ്ടിങ്ടണിൽ പരിപാടികൾ അരങ്ങേറിയപ്പോൾ ഏവർക്കും ആവേശം പകരുന്നതായും മാറി. ശനിയാഴ്‌ച്ചയാണ് പുരസ്‌ക്കാര ചടങ്ങ് നടന്നത്.

ബ്രിട്ടീഷ് മലയാളി പുരസ്‌ക്കാര ജേതാക്കൾക്ക് അവാർഡുകൾ നൽകുന്നതിനൊപ്പം സംഘടിപ്പിച്ച മിസ് കേരള യൂറോപ്പ്, മലയാളി മങ്ക മത്സരങ്ങളും ഏവർക്കും ആവേശം പകരുന്നതായിരുന്നു. നാല് വിഭാഗങ്ങളിലായാണ് ഇത്തവണംയും ബ്രിട്ടീഷ് മലയാളി അവാർഡ് നൽകിയത്. ന്യൂസ് പേഴ്‌സണുള്ള പുരസ്‌ക്കാരം ലീഡോ ജോർജ്ജ് നേടിയപ്പോൾ മികച്ച നഴ്‌സിനുള്ള പുരസ്‌ക്കാരം ഷിബു ചാക്കോയും കരസ്ഥമാക്കി. നിരവധി ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുള്ള സൗതാ്ംപടണിലെ 'അമ്മ' ബെസ്റ്റ് അസോസിയേഷനുള്ള അവാർഡ് നേടി. യുവപ്രതിഭയ്ക്കുള്ള പുരസ്‌ക്കാരം നേടിയത് സ്‌നേഹാ സജിയാണ്.

ലണ്ടനിൽ നിന്നുള്ള എയ്ഞ്ചല സാമുവൽ ആണ് മിസ് യൂറോപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ടെർബിയിലെ സ്വീൻ മരിയ സ്റ്റാൻലി രണ്ടാം സ്ഥാനവും ലണ്ടൻ സ്വദേശി തന്നെയായ മനിഷ പ്രേംലാൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഷെഫീൽഡിൽ നിന്നുള്ള ആതിര ശ്രീധറാണ് മലയാളി മങ്കയായി തിരഞ്ഞെടുക്കപ്പെട്ടത്. അമ്പിളി, ഹണി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മൂന്ന് റൗണ്ട് മത്സരങ്ങൾക്കൊടുവിലാണ് സൗന്ദര്യ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചത്.

കേംബ്രിഡജിലെ ഹണ്ടിങ്ടണിലെ ബർജസ് ഹാളിലെ വർണ്ണശബളമായ വേദിയിൽ വച്ചാണ് ബ്രിട്ടീഷ് മലയാളി അവാർഡ്‌സ് 2016ലെ പുരസ്‌ക്കാര വിതരണം നടന്നത്. ബ്രിട്ടനിലെ എംപിമാരും മേയർമാരും രാഷ്ട്രീയ്ക്കാരും അടക്കമുള്ള പ്രമുഖർ പങ്കെടുത്ത പുരസ്‌ക്കാര ചടങ്ങിൽ പ്രധാന അതിഥി നടൻ ശങ്കർ ആയിരുന്നു. ബ്രിട്ടീഷ് മലയാളി- മറുനാടൻ മലയാൡചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയും ബ്രിട്ടീഷ് മലയാളി റസിഡന്റ് എഡിറ്റർ കെ ആർ ഷൈജുമോനും ചടങ്ങിൽ പങ്കെടുത്തു.

പതിവുപോലെ നിറഞ്ഞു കവിഞ്ഞ സദസിനെ സാക്ഷിയാക്കിയാണ് ബ്രിട്ടീഷ് മലയാൡപുരസ്‌ക്കാര ചടങ്ങ് നടന്നത്. രാവിലെ പത്തരയോടെ ആരംഭിച്ച പരിപാടികൾ വൈകുന്നേരം വരെ നീണ്ടു നിന്നും. ബ്രിട്ടീഷ് മലയാളിയുടെ നാലാമത്തെ അവാർഡ് നൈറ്റാണ് ഇത്തവണ കേംബ്രിഡ്ജിൽ നടന്നത്. വന്നും പോയുമായി ആയിരത്തോളം പേരാണ് അവാർഡ് നൈറ്റ് ആവേശമാക്കിയത്. ഹണ്ടിങ്ടണിലെ അനുഷ മോഹിതയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി അവാർഡ് കമ്മറ്റി ചെയർമാൻ സാം തിരുവാതിലിൽ വിളക്ക് തെളിയിച്ചു പത്തേമുക്കാലോടെ തുടങ്ങി.

ലീഡോ ന്യൂസ് മേക്കർ പുരസ്‌ക്കാരം നേടിയതും സ്‌നേഹ സജി ബ്രിട്ടീഷ് മലയാളി യുവപ്രതിഭാ പുരസ്‌ക്കാരം നേടിയതും വളരെ ഉദ്ദ്യേഗം ജനിപ്പിച്ച ശേഷമാണ്. കഴിഞ്ഞ തവണ യുക്മ കലാതിലകത്തെ കൈവിട്ട പുരസ്‌ക്കാരം ഇത്തവണ തിരികെ ആ സ്ഥാനക്കാരിയെ തേടി എത്തുക ആയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞും വീറും വാശിയും പ്രകടിപ്പിച്ചു കൊണ്ടിരുന്ന അസോസിയേഷനുകൾക്കിടയിൽ മാതൃക പ്രവർത്തനം കാഴ്ചവയ്ക്കുന്ന സൗത്താംപ്ടണിലെ അമ്മ എന്ന വീട്ടമ്മമാരുടെ സംഘ ശക്തി പുതിയ ജേതാക്കളായി മാറി. ഏറ്റവും ഒടുവിൽ രാത്രി ഏഴരയോടെ പോയ വർഷത്തെ മികച്ച നേഴ്‌സ് ആരെന്നു കണ്ടെത്താൻ നടത്തിയ വോട്ടെടുപ്പിൽ ഏകപക്ഷീയ വിജയം കണ്ടെത്തി എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാണ് അവയവ ദാന പ്രചാരണ രംഗത്ത് പ്രവർത്തിക്കുന്ന ഷിബു ചാക്കോ ജേതാവായി മാറിയത്.

ആദ്യാവസാനം ആകാംഷയുടെ തേരിലായിരുന്നു ലീഡോയുടെ ന്യൂസ് മേക്കർ പുരസ്‌ക്കാരത്തിന്റെ യാത്ര. ലീഡോ വിജയി ആയതും അപ്രതീക്ഷിതമായാണ്. ഒന്നിനൊന്നു മികച്ച മത്സരാർത്ഥികൾ എത്തിയപ്പോൾ ആര് മുന്നിലെത്തും എന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥ. ഒടുവിൽ രണ്ടു വർഷം മുൻപ് ക്രോയിഡോണിൽ കെസിഡബ്ല്യുഎ നാട്ടുകാരുടെ മുന്നിൽ വച്ച് അസോസിയേഷൻ പുരസ്‌ക്കാരം നെഞ്ചോട് ചേർത്തത് പോലെ സ്വന്തം നാട്ടിൽ വച്ച് വേണ്ടപ്പെട്ടവരുടെയും പ്രിയപ്പെട്ടവരുടെയും കൺമുന്നിൽ വച്ച് കിരീട ജേതാവാകുക എന്ന ഭാഗ്യം ലീഡോയെ തേടി എത്തുക ആയിരുന്നു. കഴിഞ്ഞ 6 വർഷത്തെ ചരിത്രത്തിനിടയിൽ ഇതിനു മുൻപ് ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത തരത്തിൽ ഉള്ള ഭാഗ്യമാണ് ലീഡോയെ തേടി എത്തിയത്.

അവാർഡ് നൈറ്റ് സംഘാടക സമിതി ചെയർമാൻ സാം തിരുവാതിൽ വിജയിയുടെ പേര് പ്രഖ്യാപിക്കും വരെ ഒരാൾക്ക് പോലും വിജയി ആരെന്നത് ഊഹം മാത്രം ആയി തുടർന്നത് കഴിഞ്ഞ തവണ സംഭവിച്ച പോലെ ഇത്തവണയും കാത്തു സൂക്ഷിക്കാൻ സംഘാടക സമിതിക്കായി. വിജയിയുടെ പേര് വിളിച്ചപ്പോൾ അൽപ്പം അവിശ്വസനീയതയോടെ നിന്ന ലീഡോ ശ്രവിച്ചത്. ലീഡോയോടൊപ്പം മത്സര രംഗത്ത് ഉണ്ടായിരുന്ന ആദ്യ ഹൈ സ്പീഡ് ട്രെയിൻ ഡ്രൈവർ ആന്റണി സെബാസ്റ്റ്യൻ, ബാൻഡ് 2 ജോലിയിൽ നിന്ന് ഡിവിഷണൽ മാനേജരായി മാറിയ ഹെർലിൻ ജോസഫ് എന്നിവരും ഷാഡോ മിനിസ്റ്റർ ഡാനിയൽ സീഷണറിൽ നിന്നും പുരസ്‌ക്കാരങ്ങൾ ഏറ്റു വാങ്ങി.

ജിസിഎസ്ഇ വിദ്യാർത്ഥിനി കൂടിയായ യുക്മ കലാതിലകം സ്‌നേഹ സജിയാണ് യുവപ്രതിഭയ്ക്കുള്ള അവാർഡ് നേടിയത്. മുഴുവൻ പെൺകുട്ടികൾ മത്സരിച്ച ഇത്തവണ സ്‌നേഹ കിരീടം പിടിച്ചെടുത്തപ്പോൾ ലെസ്റ്റർ, ക്രോയിഡോൺ അവാർഡ് നൈറ്റുകളുടെ തനിയാവർത്തനമായി. അന്നും യുക്മ കലാതിലകങ്ങൾ ആണ് ജേതാവായി മാറിയത്. മെനസ ജേതാവ് അനുഷ്‌ക ബിനോയ്, ജി സി എസ് ഇ പ്രതിഭ ജെം പിപ്‌സ്, നൃത്ത പ്രവീണ്യം തെളിയിച്ചു സ്‌പെഷ്യൽ ഗ്രേഡ് നേടിയ സെലിനി റോയ് എന്നിവർ ആണ് ഇന്നലെ ആദരിക്കപ്പെട്ടത്. ബ്രിട്ടീഷ് മലയാളി റസിഡന്റ് എഡിറ്റർ കെ ആർ ഷൈജുമോന്റെ സാന്നിധ്യത്തിൽ ഹണ്ടിങ്ടൺ കൗൺസിൽ ലീഡർ പീറ്റർ ബാക്‌നാൽ ആണ് വിജയികളെ പ്രഖ്യാപിച്ചത്.

രോഗികളെയും അനാഥരെയും സഹായിക്കാൻ മിച്ച സമയം അച്ചാർ ഉണ്ടാക്കി വിറ്റ് പണം കണ്ടെത്തുന്ന സൗതാംപ്ടണിലെ അമ്മ മലായളി കൂട്ടായ്മയക്കാണ് മികച്ച അസോസിയേഷനുള്ള അവാർഡ്. ഇടുക്കി ജില്ലാ സംഗമം, ഐ സി എ പാപ്‌വർത്ത്, കെ സി എഫ് വാട്‌ഫോർഡ്, ബ്രിസ്റ്റോൾ ബ്രിസ്‌ക, വാൽസാൽ മൈക്ക എന്നിവരെ പിന്തള്ളിയാണ് അമ്മ ജേതാക്കളായി. മികച്ച നഴ്‌സിനുള്ള പുരസ്‌ക്കാരം ഷിബു ചാക്കോ കരസ്ഥമാക്കിയത് സേവന നിരതമായ ജീവിതത്തിന് നേട്ടമായി മാറി.

ഉച്ചയ്ക്ക് മുൻപ് തന്നെ ആദ്യ അവാർഡ് ദാനം നടന്നു. ജിസിഎസ്ഇ എ ലെവൽ പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് വലിയ ജനക്കൂട്ടത്തിന് മുൻപിൽ വച്ച് പുരസ്‌കാരം നൽകി ആദരിക്കുന്ന പരിപാടിയാണ് ആദ്യത്തെ അവാർഡ് ദാന ചടങ്ങ്. ഭരത നാട്യം, ക്ലാസിക്കൽ നൃത്തങ്ങളും തുടർച്ചയായി അരങ്ങിലെത്തിയ കാഴ്ചയാണ് പിന്നെ കണ്ടത്. സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നുള്ള ജിനീത തോമസ് അവാർഡ് നൈറ്റിൽ ഭരതനാട്യവുമായി എത്തി കയ്യടി നേടി. ബോളിവുഡ് ഫ്യൂഷൻ നൃത്തം അടക്കമുള്ള പരിപാടികളും ക്ലാസ്സിക്കൽ സിനിമാറ്റിക് ഡാൻസുകളുമായി പിന്നീട് വേദി പ്രകമ്പനം കൊള്ളിക്കുകയായിരുന്നു.

അവാർഡ് നൈറ്റിന്റെ വേദിയിൽ ചിത്രാലക്ഷിമി ടീച്ചർ കൊറിയോഗ്രാഫി ചെയ്ത് അവതരിപ്പിച്ച കലാഭവൻ മണി അനുസ്മരണവും ഏറെ ശ്രദ്ധേയമായി. മണിയുടെ നാടൻ പാട്ടുകൾ കോർത്തിണക്കിയ 12 ഓളം യുവതികൾക്കൊപ്പം നൃത്ത വിരുന്നാണ് ഒരുക്കിയത്. അകാലത്തിൽ പൊലിഞ്ഞ മലയാള സിനിമയിലെ എല്ലാവരെയും സ്‌ക്രീനിൽ കണ്ടിട്ടുള്ള അനുസ്മരണം ശ്രദ്ധേയമായി മാറി. ചാലക്കുടിക്കാരെ കുറിച്ചുള്ള നാടൻ പാട്ടിൽ തുടങ്ങി മിന്നാമിനുങ്ങേ എന്ന പാട്ടിൽ അവസാനിപ്പിച്ച നൃത്ത ശിൽപ്പവും ശ്രദ്ധിക്കപ്പെട്ടു.

മിസ് കേരളാ യൂറോപ്പ്, മലയാളി മങ്ക മത്സരങ്ങളും വളരെ ശ്രദ്ധിക്കപ്പെട്ടു. രണ്ട് പരിപാടികളും വളരെ ആവേശ പൂർവ്വമാണ് സ്വീകരിച്ചത്. മലയാളി മങ്ക വിജയികൾക്ക് നടൻ ശങ്കറാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. വിവിധ കലാപരിപാടികളുട അകമ്പടിയോടെ നടന്ന അവാർഡ് നൈറ്റ് രാത്രി ഒൻപതേ കാലോടെയാണ് അവസാനിച്ചത്. ബ്രിട്ടനിലെ എംപിമാരും മേയർമാരും അടക്കമുള്ള രാഷ്ട്രയക്കാരും മലയാളികളുടെ കൂട്ടായ്മയുടെ വേദിയിൽ എത്തിയത് ആവേശത്തിന് വഴിവച്ചു.