കോട്ടയം: തന്റേതല്ലാത്ത കാരണത്താൽ ദരിദ്രരായി തീരുകയും വിധിയുടെ ക്രൂരതകൾ ഏറ്റുവാങ്ങി രോഗത്തിന് അടിമപ്പെടുകയും ചെയ്ത രോഗികൾക്ക് ആശ്വാസവുമായി വീണ്ടും മറുനാടൻ മലയാളി കുടുംബം. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനവും മറുനാടൻ മലയാളി എഡിറ്റർ തന്നെ എഡിറ്ററുമായ ബ്രിട്ടീഷ് മലയാളി എന്ന ഓൺലൈൻ പത്രത്തിന്റെ നേതൃത്വത്തിൽ യുകെയിൽ നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേൻ ഇന്നലെ 20 ലക്ഷത്തോളം രൂപയാണ് കോട്ടയത്ത് വച്ച് വിതരണം ചെയ്തത്.

പത്ത് രോഗികൾക്കും ചികിത്സാ ചെലവിനായി ഏകദേശം 1.7 ലക്ഷം രൂപ വീതമാണ് വിതരണം ചെയ്തത്. കൂടാതെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിക്ക് ഒന്നരലക്ഷരൂപ മുടക്കി രണ്ട് അത്യാധുനിക പൾസ് ഒക്‌സിമീറ്ററുകളും വാങ്ങി നൽകി. പത്താനാപുരത്ത് ഗാന്ധിഭവന് ഒരുലക്ഷം രൂപയുടെ സഹായം നൽകിയത് ഈ ചടങ്ങിൽ വച്ചായിരുന്നു.

കോട്ടയത്തിന് സമീപം അയർക്കുന്നത്ത് ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് സഹായവിതരണം നിർവ്വഹിച്ചത്. കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റികളായ സാം തിരുവാതിലിൽ, ഷൈനു ക്ലയർ മാത്യൂസ്, യുക്മ സാംസ്‌കാരി വിഭാഗം കൺവീനർ സി എ ജോസഫ്, കോട്ടയം ആർഎംഓ കൂടിയായ ഡോക്ടർ ജയപ്രകാശ്, മറുനാടൻ മലയാളി ബ്രിട്ടീഷ് മലയാളി ഓൺലൈൻ ന്യൂസ് പേപ്പർ എഡിറ്റർ ഷാജൻ സ്‌കറിയ തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.

രണ്ടു കിഡ്‌നിയും തകരാറിലായ പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയും പൊതുപ്രവർത്തകനുമായ സുധാകരൻ, സെറിബ്രൽ പാൾസി എന്ന മാരക രോഗം ബാധിച്ച മൂവാറ്റുപുഴ സ്വദേശിയായ 11 വയസ്സുകാരൻ ഡിച്ചു, രണ്ട് വൃക്കകളും തകരാറിൽ ആയി കഴിയുന്ന ആലപ്പുഴക്കാരൻ പ്രതീക്ഷ്, കാൻസർ രോഗം ബാധിച്ച് ചികിത്സ തേടുന്ന ഇടുക്കിയിലെ ജോസ് ജോർജ്, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി കടബാധ്യതയിലായ മലപ്പുറം സ്വദേശി ഷാജി, സ്വന്തമായി കിടപ്പാടമില്ലാതെ മൂന്ന് കരുന്നുകളുമായി ജിവിതം തള്ളിനീക്കുന്ന പാലാക്കാരി റെജി, യൂട്രസ് നീക്കം ചെയ്യാനായി സഹായം കാത്ത് നിൽക്കുന്ന അയർക്കുന്നം സ്വദേശി ഷീന, നട്ടെല്ലിന് മാരകം ബാധിച്ച പാലായിലെ 15 കാരി റിയാമോൾ, ഹൃദയശസ്ത്രക്രിയ നടത്തി കടബാധ്യതയിലായ തൃശൂർ സ്വദേശി ബാലകൃഷ്ണൻ, സ്‌ട്രോക്ക് വന്ന് പാരലൈസ്ഡ് ആയ ശിശുപാലൻ എന്നിവർക്കാണ് സഹായധനം വിതരണം ചെയ്തത്.

ബ്രിട്ടീഷ് മലയാളി വായനക്കാരിൽ നിന്നും ഫണ്ട് ശേഖരിച്ച് കേരളത്തിലെ നിർധനരോഗികളെ സഹായിക്കാൻ വേണ്ടി മൂന്ന് കൊല്ലത്തിന് മുമ്പ് ആരംഭിച്ച ഫൗണ്ടേഷൻ ഇപ്പോൾ ഏതാണ്ട് രണ്ടരക്കോടിയോളം രൂപ വിതരണം ചെയ്തിട്ടുണ്ട്. ബ്രിട്ടനിൽ മരിക്കുന്ന ലമയാളികളുടെ മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കുന്ന ചെലവും ഫൗണ്ടേഷൻ വഹിക്കാറുണ്ട്.

ചാരിറ്റി ഫൗണ്ടേഷൻ അക്കൗണ്ടിൽ ലഭിക്കുന്ന ഓരോ കണക്കിന്റെയും വിവരങ്ങൾ ഉൾപ്പെട്ട ബാങ്ക് സ്റ്റേറ്റ്‌മെന്റ് ബ്രിട്ടീഷ് മലയാളിയിൽ പ്രസിദ്ധീകരച്ചാണ് ഫൗണ്ടേഷൻ സുതാര്യത നിലനിർത്തുന്നത്. പണം നൽകുന്ന എല്ലാവർക്കും അംഗത്വം നൽകുകയും കണക്കുകൾ കാണാനുള്ള അവകാശം നൽകുകയും ചെയ്തിട്ടുണ്ട്. ഫൗണ്ടേഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ട്രസ്റ്റികൾ സ്വന്തം പോക്കറ്റിൽ നിന്നെടുത്താണ് ചെലവിടുന്നത്. അതുകൊണ്ട് തന്നെ വായനക്കാർ നൽകുന്ന പണം ഒരു പൈസ പോലും കുറവ് വരാതെ മുഴുവൻ സഹായം അർഹിക്കുന്നവർക്ക് ലഭിക്കുന്ന എന്ന പ്രത്യേകത കൂടിയുണ്ട്.