തിരുവനന്തപുരം: ഞാൻ എന്റെ പെൺമക്കളോട് പറയും.. സങ്കടം വരുമ്പോൾ കടം വാങ്ങിയെങ്കിലും ഇല്ലാത്തവർക്ക് കൊടുക്കുക.. കൊടുക്കുന്നത് ആരാണെന്ന് അറിയാൻ പോലും നിൽക്കരുത്.. അതു നൽകുന്ന സന്തോഷം ഉണ്ടല്ലോ.. എല്ലാം മറക്കാൻ കഴിയും.. റംബൂട്ടാൻ മരം ഇങ്ങനെ നിറഞ്ഞു നിൽക്കുമ്പോൾ പലരും ചോദിക്കും എന്താ വലയിട്ടു മൂടാത്തത്, പക്ഷികൾ കൊണ്ടുപോകില്ലേ എന്ന്. ഞാൻ അപ്പോഴോർക്കും, പക്ഷികൾക്കും മൃഗങ്ങൾക്കും ഒക്കെ ഒരു ഭാഷയുണ്ടെങ്കിൽ പരാഗണം നടത്തിയ ശേഷം ആ ശലഭങ്ങൾ അവരോട് പറഞ്ഞിട്ടുണ്ടാവില്ലേ ഇവിടെ ഞാൻ ഇങ്ങനെ ഒരു പണി ഒപ്പിച്ചിട്ടുണ്ട്. വൈകാതെ പോയി ആഘോഷിച്ചോളൂ എന്ന്. അണ്ണാനും പക്ഷികളും ഒക്കെ എത്തുമ്പോൾ ഇങ്ങനെ വലയിട്ടു മൂടിയാൽ അവർക്ക് നിരാശയാവില്ലേ..?

ഇക്കഴിഞ്ഞ 16ാം തീയ്യതി തിരുവനന്തപുരം മറുനാടൻ മലയാളി ഓഫീസിൽ നടന്ന ലളിതമായ ഒരു ചടങ്ങിൽ നടൻ കൃഷ്ണകുമാർ പറഞ്ഞതാണ് ഇക്കാര്യം. യുകെയിലെ മലയാളികൾ സന്തോഷത്തോടെ നൽകിയ 5000 പൗണ്ട് (4,80,139 രൂപ) 10 പേർക്കായി വീതിച്ചു നൽകിയ ചടങ്ങിനായിരുന്നു കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും എത്തിയത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിഷു ഈസ്റ്റർ റമദാൻ അപ്പീലിൽ ശേഖരിച്ച 5000 പൗണ്ടാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പത്തു പേരെത്തി കൈപ്പറ്റിയത്. 500 പൗണ്ട് വീതമായിരുന്നു പത്തു പേർക്ക് വീതിച്ചു നൽകിയത്.

മറുനാടൻ മലയാളിയുടെ തിരുവനന്തപുരത്തെ ഓഫീസിലായിരുന്നു ചടങ്ങ് നടന്നത്. മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ എല്ലാവർക്കും സ്വാഗതം പറഞ്ഞു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ട്രഷറർ ഷാജി കരിനാട്ട് (ബെക്‌സിൽ ഓൺ സീ) അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രസ്റ്റി അംഗവും ബ്രിട്ടനിലെ സംരംഭകയുമായ ഷൈനു ക്ലെയർ മാത്യൂസ് (ബോൾട്ടൺ), സിന്ധു കൃഷ്ണ എന്നിവർ ആശംസകൾ അറിയിച്ചു. ചാരിറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ടാണ് സിന്ധു കൃഷ്ണ സംസാരിച്ചത്. ചാരിറ്റി ഫൗണ്ടേഷന്റെ മുൻ ചെയർമാൻ ഷാജി ലൂക്കോസ് (ബെൽഫാസ്റ്റ്) ആയിരുന്നു എല്ലാവർക്കും നന്ദി പറഞ്ഞത്.

കണ്ണൂർ ചെമ്പേരിയിലുള്ള ഫിലോമിന മാത്യു, കോഴിക്കോട് സ്വദേശി മേഴ്‌സി ദേവസ്യ, കോട്ടയം അതിരമ്പുഴ സ്വദേശി ജെറോം, പൊൻകുന്നം സ്വദേശി അഖിൽ നായർ, ഇടുക്കി സ്വദേശികളായ സോജൻ വർഗീസ്, സ്റ്റീഫൻ അഗസ്റ്റിൻ, ചേർത്തല സ്വദേശികളായ ആദിത്യ, ഗിരീഷ്, ആലുവ സ്വദേശി ഗിരീഷ് നായർ, ചങ്ങനാശ്ശേരി സ്വദേശിയായ ശോഭൻ തുടങ്ങിയവർക്കാണ് 500 പൗണ്ടു വെച്ച് നൽകിയത്.

കഴിഞ്ഞ സെപ്റ്റംബറിൽ കലയപുരം ആശ്രയ ഫൗണ്ടേഷന് നൽകിയ ചെക്ക് ഇന്നലെ നടന്ന ചടങ്ങിൽ വച്ച് മാറ്റി നൽകുകയും ഉണ്ടായി. ആശ്രയ ചാരിറ്റിക്ക് നൽകിയ ചെക്ക് മാറിയെടുക്കുവാൻ കാലതാമസം വന്നതുകൊണ്ട് അതിന്റെ ഡയറക്ടറായ കലയ്പുരം ജോസിന്റെ പേരിൽ മറ്റൊരു ചെക്ക് നൽകുകയായിരുന്നു.