ലണ്ടൻ: സ്ഥിരമായി കുടിക്കുന്ന ആട്ടിൻ പാലിനോട് ഇഷ്ടം കൂടിയപ്പോൾ ബ്രിട്ടനിലെ മലയാളി ബാലൻ കമ്പനിക്ക് കത്തെഴുതി നൽകി. കത്തു കിട്ടി സന്തോഷം തോന്നിയ കമ്പനി ചെയ്തത് മലയാളി ബാലന്റെ മുഖം പാൽ പാക്കറ്റിൽ പ്രിന്റ് ചെയ്തു പാലിനൊപ്പം വിറ്റു. ബ്രിട്ടനിൽ നിന്നു ഈ മലയാളി വിജയകഥ. ചെറു പ്രായത്തിൽ മടി കാട്ടുന്ന കുഞ്ഞുങ്ങളെ എങ്ങനെ മിടുക്കരാക്കാൻ കഴിയും എന്നതിന് ഒരു സൂത്ര വിദ്യയാണ് ജിയോർബിൻ ബിലോയ് എന്ന ഒൻപതു വയസ്സുകാരനിലൂടെ തെളിയിക്കാൻ കഴിയുക. അഞ്ചു വയസു മുതൽ താൻ കുടിക്കുന്ന പാലിനോടുള്ള ഇഷ്ടം മധുരമൂറുന്ന ഒരു കത്താക്കി ജിയോർബിൻ പാൽ കമ്പനിക്ക് അയച്ചതാണ് പത്തു ലക്ഷം പാൽ പായ്ക്കറ്റിൽ ഈ മിടുക്കന്റെ മുഖം തെളിയാൻ കാരണമായത്.

അത്രയൊന്നും പ്രയാസം സഹിക്കാതെയാണ് ജിയോർബിൻ ഈ നേട്ടം സ്വന്തമാക്കിയത് എന്നതാണ് മറ്റു കുഞ്ഞുങ്ങൾക്കും മാതൃക ആയി മാറേണ്ടത്. മാത്രമല്ല, നിസ്സാരമെന്നു തോന്നിക്കുന്ന പല കാര്യങ്ങളും പലപ്പോഴും വലിയ വിജയങ്ങളിലേക്കു നയിക്കുന്നു എന്നതും ജിയോർബിൻ തന്റെ കത്തിലൂടെ തെളിയിച്ചിരിക്കുന്നു. പഠനത്തിലും പഠനേതര വിഷയങ്ങളിലും മിടുക്കനായ ജിയോർബിൻ കാര്യമായ ഒച്ചപ്പാട് സൃഷ്ടിക്കാത്ത പ്രകൃതക്കാരനാണ്. ഹണ്ടിങ്ങ്ടൺ മലയാളികളുടെ കൂട്ടായ്മയായ ഹായ് നടത്തുന്ന ഏതു പരിപാടിയിലും തന്റെ സാന്നിധ്യം അറിയിക്കാൻ ജിയോർബിൻ മുന്നിലുണ്ടാകും. മധുരമായി പാടുന്ന ഇംഗ്ലീഷ് പാട്ടുകളിലൂടെയാണ് ജിയോർബിൻ മലയാളികൾക്കിടയിൽ അറിയപ്പെട്ട്ന്നത്. എന്നാൽ പാട്ടൊന്നും പഠിക്കുന്നില്ല എന്നത് മറ്റൊരു കൗതുകം. ജന്മ സിദ്ധമായ കഴിവിലൂടെ പ്രതിഭ തെളിയിക്കുന്ന ജിയോർബിൻ നന്നായി ചിത്രം വരയ്ക്കും എന്നതും മറ്റൊരു കൗതുകം. ബ്രിട്ടീഷ് രാജ്ഞിയെ വരച്ചു ഏറെ പ്രശംസ നേടിയ ഈ മിടുക്കൻ ഇപ്പോൾ സ്‌കൂളിലും താരമാണ്.

പാൽ പായ്ക്കറ്റ് കർട്ടൺ വഴി പലരും ജിയോർബിന്റെ മുഖത്തേക്ക് നോക്കാൻ തുടങ്ങിയിരിക്കുന്നു. ജിയോർബിൻ കത്തെഴുതിയ കാര്യം കമ്പനി തന്നെ വെളിപ്പെടുത്തിയതോടെ ഹണ്ടിങ്ങ്ടൺ പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള പ്രാദേശിക മാധ്യമങ്ങളിലും ഈ മിടുക്കനെ കുറിച്ചുള്ള ഫീച്ചറുകൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതോടെ താനൊരു സംഭവമായി മാറിയിരിക്കുന്നു എന്ന് ജിയോർബിൻ പോലും അറിയുന്നില്ല. ജിയോർബിൻ കൂടുതൽ പോപ്പുലർ ആകാൻ ഏറെ സിമ്പിൾ ആയി എഴുതിയിരിക്കുന്ന കത്തും കമ്പനി പാൽ കാർട്ടണിൽ അച്ചടിച്ചിട്ടുണ്ട്. തങ്ങളുടെ കുടുംബ സുഹൃത്ത് പറഞ്ഞത് അനുസരിച്ചു അഞ്ചു വയസ്സു മുതൽ ആട്ടിൻപാൽ കുടിക്കുന്ന തനിക്കു സെന്റ് ഹെലൻ കമ്പനിയുടെ പാൽ അതീവ ഇഷ്ടമാണെന്നും ആട്ടിൻ പാലിലൂടെ തനിക്കാവശ്യമായ കാൽസ്യവും പ്രൊറ്റീനും ലഭിക്കുന്നു എന്ന് പറയുന്ന ജിയോർബിൻ തന്റെ ഇളം പ്രായത്തിൽ ആവശ്യമായ ഊർജ്ജം മുഴുവൻ നൽകാൻ ആട്ടിൻ പാലിന് കഴിയുന്നുണ്ടെന്ന് കുട്ടിത്ത ഭാഷയിൽ എഴുതിയത് സ്വന്തം ഉൽപ്പന്നത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമായി മാറ്റിയിരിക്കുകയാണ് സെന്റ് ഹെലൻ ഫാം.

നാല് വർഷം തുടർച്ചയായി ആട്ടിൻ പാൽ കുടിച്ചത് വഴിയുള്ള നേട്ടമാണ് ജിയോർബിൻ കത്തിലൂടെ സൂചിപ്പിച്ചത്. മുൻപ് സാധാരണ കുട്ടികളെ പോലെ താനും പശുവിൻ പാലായിരുന്നു കുടിച്ചിരുന്നതെന്നും എന്നാൽ ആട്ടിൻ പാൽ ഏറെ രുചികരവും പോഷക സമ്പുഷ്ടവും ആയതിനാൽ കഴിഞ്ഞ നാല് വർഷവും അത് തന്നെ ഉപയോഗിക്കുക ആയിരുന്നു എന്നും ജിയോർബിൻ വെളിപ്പെടുത്തുന്നു. തങ്ങൾക്കു കത്തെഴുതാൻ ജിയോർബൻ കാണിച്ച നല്ല മനസ്സിന് തങ്ങൾ കടപ്പെട്ടിരിക്കുകയാണ് എന്നായിരുന്നു സെന്റ് ഹെലൻ ഫാം മാർക്കറ്റിങ് മാനേജർ വിക്കി അന്വിനിന്റെ പ്രതികരണം. പശുവിൻ പാൽ ഉപയോഗിക്കുന്നത് വഴി ശാരീരിക അസ്വസ്ഥ കൂടുതൽ പ്രകടിപ്പിക്കുന്ന കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും ഏറ്റവും അനുയോജ്യമായത് ആട്ടിൻ പാൽ ആണെന്നതിനാൽ ആണ് ജിയോർബിൻ ചെയ്തത് പോലെ പോസിറ്റിവ് ആയി ലഭിക്കുന്ന പ്രതികരണങ്ങൾ തങ്ങൾ പ്രചാരണത്തിന് ഉപയ്ഗിക്കുന്നതെന്നും കമ്പനി വെളിപ്പെടുത്തുന്നു.

ആട്ടിൻ പാലിന്റെ രുചി തന്നെ ഏറെ കീഴടക്കി എന്ന് കത്തിൽ പറഞ്ഞവസാനിപ്പിക്കുന്ന ജിയോർബിന്റെ പേരും സ്ഥലവും വയസും കൂടി പാൽ കാർട്ടണിൽ നൽകിയാണ് കമ്പനി തങ്ങളുടെ സന്തോഷം ഉപയോക്താക്കളുമായി പങ്കിടുന്നത്. ജിയോർബിന്റെ കത്ത് കിട്ടിയ കാര്യവും അത് തങ്ങൾ നന്ദി സൂചകമായി പാൽ കാർട്ടണിൽ ഉപയോഗിക്കാൻ തയ്യാറാവുകയുമാണ് എന്ന കമ്പനിയുടെ വിവരണം അത്ഭുതത്തോടെയാണ് തങ്ങളെ തേടി എത്തിയതെന്ന് മാതാപിതാക്കളായ ബിലോയ് വർഗ്ഗീസും ആൻസിയും വെളിപ്പെടുത്തുന്നു. കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ ബിലോയ് പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. ഹിച്ചിനബ്രോക്ക് ഹോസ്പിറ്റലിൽ ഡെപ്യൂട്ടി മാനേജരായി ജോലി ചെയ്യുകയാണ് ആൻസി ബിലോയ്. ഇവർക്ക് ജിസേൽ എന്നൊരു കുഞ്ഞുവാവയുമുണ്ട്.

ഏകദേശം ഒന്നര മാസം ഉൽപ്പാദിപ്പിക്കാൻ ഉള്ള പാൽ പായ്ക്കറ്റുകളിലാണ് ജിയോർബിന്റെ ചിത്രവും കത്തും അച്ചടിച്ച് വിൽപ്പനക്ക് എത്തുക. കുഞ്ഞു ജിയോർബിനെ സംബന്ധിച്ചിടത്തോളം ജീവിതകാലം മുഴുവൻ സൂക്ഷിക്കാനുള്ള മധുരമുള്ള സമ്മാനമായി മാറുകയാണ് സെന്റ് ഹെലൻ ഫാമിന്റെ ഓരോ പാൽ പായ്ക്കറ്റ് കൂടും. ഇതിനകം തന്നെ തന്റെ ചിത്രമുള്ള നിരവധി പാൽ കവറുകൾ ജിയോർബിൻ ശേഖരിച്ചു കഴിഞ്ഞു രാജ്യമെങ്ങും എത്തിക്കുന്ന തരത്തിൽ ശക്തമായ വിൽപ്പന ശൃംഖലയുള്ള ഉൽപ്പാദകരാണ് സെന്റ് ഹെലൻ ഫാം. ടെസ്‌കോയും സെയിൻസ്ബറിയുമാണ് ഏറ്റവും കൂടുതൽ സെന്റ് ഹെലൻ ഫാം പാൽ വിൽക്കുന്നത്. വെയ്ൽ ഓഫ് യോർക്കിൽ നിന്നാണ് കഴിഞ്ഞ മുപ്പതു വർഷമായി സെന്റ് ഹെലൻ പാൽ ഉപയോക്താക്കളെ തേടി എത്തുന്നത്. പാലിന്റെ മറ്റുൽപ്പന്നങ്ങളായ യോഗർട്, ചീസ്, ബട്ടർ, ഐസ് ക്രീം എന്നിവയൊക്കെ ഇവർ വിപണിയിൽ എത്തിക്കുന്നു. സ്വന്തമായി ആട്ടിൻ ഫാമിൽ നിന്നാണ് ഇവരുടെ ഉത്പന്നങ്ങൾ കൂടുതൽ എത്തുന്നത് എന്നതും പ്രത്യേകതയാണ്.