ഇംഗ്ലണ്ടിൽ ജനിച്ച് വളർന്നാലും ബ്രിട്ടീഷ് പൗരത്വം നേടിയാലും ഇന്ത്യക്കാരെ എപ്പോഴും ഇന്ത്യക്കാരായി മാത്രമേ ബ്രിട്ടീഷുകാർക്ക് കാണാൻ കഴിയൂ. ഇതാണ് ബെർക്ക്‌ഷെയർ സ്വദേശികളായ റീനയുടെയും സന്ദീപിന്റെയും അനുഭവം സൂചിപ്പിക്കുന്നത്.

16 ഐവിഎഫ് പരീക്ഷിച്ചശേഷമാണ് റീനയും സന്ദീപും ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത്. തങ്ങൾ ദത്തെടുക്കുന്ന കുഞ്ഞിന്റെ നിറമോ വംശമോ നോക്കാതെ ദത്തെടുക്കാനാണ് സന്ദീപും റീനയും സർക്കാർ ഏജൻസിയെ സമീപിച്ചത്. എന്നാൽ തങ്ങളുടെ സംരക്ഷണയിലുള്ളത് വെള്ളക്കാരായ കുട്ടികളാണെന്നും അതിനാൽ ബ്രിട്ടീഷ് യൂറോപ്യൻ അപേക്ഷകർക്കാണ് ദത്ത് നൽകുന്നതിൽ മുൻഗണന നൽകുന്നതെന്നുമുള്ള മറുപടിയാണ് ഈ ദമ്പതികൾക്ക് ലഭിച്ചത്.

കഴിഞ്ഞ ഏഴ് വർഷമായി ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുന്ന റീനയും സന്ദീപും ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചപ്പോൾ ആ കുഞ്ഞിന് വാരിക്കോരി സ്‌നേഹവും ഒരു വീടിന്റെ സുരക്ഷിതത്വവും നൽകാൻ മാത്രമാണ് ആഗ്രഹിച്ചത്. എന്നാൽ സർക്കാർ ഏജൻസി അവരുടെ പൈതൃകത്തിന്റെ പേരിൽ കുഞ്ഞിനെ നിഷേധിച്ചപ്പോൾ അത് ഈ ദമ്പതികൾക്ക് കുറച്ചൊന്നുമല്ല വേദനയായത്.

അനാഥരായ കുട്ടികൾക്ക് സമാന വംശത്തിൽപ്പെട്ട മാതാപിതാക്കളെ ലഭിക്കണമെന്ന് ചൂണ്ടിക്കാട്ടി അപേക്ഷകരുടെ വംശം കൂടി പരിശോധിച്ച ശേഷമാണ് ബ്രിട്ടനിലെ ദത്തെടുക്കൽ ഏജൻസികൾ കുട്ടികളെ ദത്ത് നൽകുന്നത്.

സർക്കാർ ഏജൻസിയുടെ മനുഷ്യത്വ രഹിതമായ നിലപാടിനെതിരെ നിയമ നടപടികൾ സ്വീകരിക്കാനാണ് ബ്രിട്ടനിൽ ജനിച്ചു വളർന്ന ഈ ദമ്പതികളുടെ ഇപ്പോഴത്തെ തീരുമാനം. ഇക്കാര്യത്തിൽ ബ്രിട്ടനിലെ മനുഷ്യാവകശ- സമത്വ കമ്മീഷന്റെ പിന്തുണയും ഇവർക്ക് ലഭിച്ചിട്ടുണ്ട്.