ലണ്ടൻ: 18കാരിയും മാർക്യൂസ് ഓഫ് ക്യൂൻസ്ബറി കുടുംബാംഗവുമായ ലേഡി ബെത്ത് ഡൗഗ്ലാസ് മാർച്ചിൽ നോട്ടിങ് ഹില്ലിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിന്റെ ഇൻക്വസ്റ്റ് ആരംഭിച്ചു. നോട്ടിങ് ഹിൽ ഹൗസ് പാർട്ടിയിൽ വച്ച് രണ്ട് ദിവസത്തോളം ഹെറോയിനും കൊക്കെയിനും ഉപയോഗിച്ചതിനെ തുടർന്നായിരുന്നു ബെത്ത് ഡൗഗ്ലാസ് മരിച്ചതെന്ന് ഹിയറിംഗിൽ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്.രാജാധികാരം പകർന്ന് കിട്ടിയ മാർക്യൂസ് ഓഫ് ക്യൂൻസ്ബറി കുടുംബത്തിലെ പിന്തുടർച്ചാവകാശിയും ഇട്ടു മൂടാനുള്ളത്രയും സ്വത്തുക്കളുണ്ടായിട്ടും ഈ പെൺകുട്ടിക്കുണ്ടായ ദുരന്തം ഏവരെയും ഞെട്ടിച്ചിരുന്നു. രാജകുടുംബം ഭരണാധികാരം പകർന്ന് നൽകിയിരുന്ന കുടുംബമായിട്ട് കൂടി മാർക്യൂസ് കുടുംബത്തെ ഇത്തരത്തിൽ തുടർച്ചയായി ദുരന്തങ്ങൾ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

മരിച്ച് കിടന്ന ഡൗഗ്ലാസിന്റെ കൈയ്ക്ക് മേൽ മയക്കുമരുന്നുകൾ കുത്തിവച്ചതിന്റെ നീഡിൽ അടയാളങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ കുടുംബത്തിലെ നിരവധി അംഗങ്ങളാണ് ആത്മഹത്യ ചെയ്യുകയോ അപകടങ്ങളിൽ പെട്ട് അകാലത്തിൽ പൊലിയുകയോ ചെയ്തിട്ടുള്ളത്. ഈ കുടുംബത്തിലെ 12ാം മാർക്യൂസായ 88 കാരൻ ഡേവിഡ് ഡൗഗ്ലാസിന്റെ ഏറ്റവും ഇളയ സന്തതിയായിരുന്നു മരിച്ച ബെത്ത് ഡൗഗ്ലാസ്. ഈ പെൺകുട്ടി സോഫയിൽ നിന്ന് വീണതാണെന്നായിരുന്നു ബോയ്ഫ്രണ്ട് ആദ്യം കരുതിയിരുന്നത്. എന്നാൽ ബെത്തിനെ എഴുന്നേൽപ്പിക്കാൻ സാധിക്കാത്തതിനെ തുടർന്നായിരുന്നു ബോയ്ഫ്രണ്ട് അന്ന് 999 നമ്പറിൽ വിളിച്ചിരുന്നതെന്ന് വെളിപ്പെട്ടിട്ടുണ്ട്.

വെസ്റ്റ് ലണ്ടനിലെ നോട്ടിങ്ഹിലിലെ ബെത്തിന്റെ ഫ്ലാറ്റിലാണ് ബെത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. തുടർന്ന് ബെത്ത് ഹെറോയിൻ ഇൻജെക്ട് ചെയ്തിട്ടുണ്ടെന്ന് വിശദമായ പരിശോധനയിലൂടെ ബോയ്ഫ്രണ്ട് തിരിച്ചറിയുകയും ചെയ്തിരുന്നു.ബെത്ത് ആദ്യമായാണ് ഹെറോയിൻ ഉപയോഗിച്ചിരുന്നതെന്നാണ് സൂചന.തുടർന്ന് നടന്ന പരിശോധനയിൽ ബെത്തിന്റെ രക്തത്തിൽ നിന്നും മോർഫിന്റെയും കൊക്കെയിന്റെയും അംശങ്ങളും സ്ഥിരീകരിക്കപ്പെട്ടിരുന്നു.ബെത്തിന് മയക്കുമരുന്ന് നൽകിയ ഡീലറെ കണ്ടെത്താൻ സാധിക്കാത്തതിലും പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരെ ബന്ധപ്പെടാത്തതിലും ബെത്തിന്റെ പിതാവ് ഡിറ്റെക്ടീവുകൾക്കെതിരെ കടുത്ത ആരോപണവുമായി മുന്നോട്ട് വന്നിരുന്നു.

തലമുറകളായി അരിസ്റ്റോക്രാറ്റിക് പാരമ്പര്യം പേറുന്ന പ്രൗഢമായ കുടുംബമായ മാർക്യൂസ് കുടുംബത്തെ തേടിയെത്തിയ ഏറ്റവും പുതിയ ദുരന്തമാണ് ബെത്തിന്റെ മരണം. ഇതിന് മുമ്പ് കുടുംബത്തിലെ നിരവധി പേരാണ് ആത്മഹത്യയിലും അപകടരമരണങ്ങൽും പെട്ട് അകാലത്തിൽ പൊലിഞ്ഞിരിക്കുന്നത്. അടുത്തിടെ വിവാഹത്തിലൂടെ ഒസാമ ബിൻ ലാദന്റെ കുടുംബവുമായി ഈ കുടുംബത്തിന് ബന്ധമുണ്ടായിട്ടുണ്ട്.കുടുംബക്കാർക്കും സുഹൃത്തുക്കൾക്കും ഇടയിൽ ബെത്ത് ലിൻഗ് ലിൻഗ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഡേവിഡ് ഡൗഗ്ലാസിന്റെ മൂന്നാമത്തെ ഭാര്യയും തായ് വാനീസ് ആർട്ടിസ്റ്റുമായ സ്യൂഹ്-ചുൻ ലിയോയിൽ പിറന്ന ഏകമകളായിരുന്നു ബെത്ത്. വിദ്യാർത്ഥിനിയായ ബെത്ത് വയിലിനും തന്റെ കഴിവ് പ്രകടമാക്കിയിട്ടുണ്ട്.

എന്നാൽ മയക്കുമരുന്നിനും മദ്യത്തിനും അടിമയായി കടുത്ത പ്രതിസന്ധികൽലൂടെയാണ് ഈ പെൺകുട്ടി കടന്ന് പോയിക്കൊണ്ടിരുന്നത്. ഇതിനെ തുടർന്നുള്ള മാനസികരോഗ ചികിത്സക്കും ബെത്ത് വിധേയയായിരുന്നു. രണ്ട് ദിവസത്തെ ഹൗസ് പാർട്ടിക്ക് ശേഷമാണ് ബെത്ത് മരിച്ചതെന്ന് വെസ്റ്റ്മിൻസ്റ്റർ കൊറോണേർസ് കോർട്ട് ഹിയറിംഗിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. തങ്ങൾ രണ്ട് ദിവസം ഹോട്ടലുകളിൽ താമസിച്ച് മദ്യവും മയക്കുമരുന്നും കഴിച്ചിരുന്നുവെന്ന് ബോയ്ഫ്രണ്ടായ ജീനാൻ കരഗോലി വെളിപ്പെടുത്തിയിരുന്നു.